തൃശൂർ മേയർ 'അതിര്' കടക്കുന്നു; സി.പി.എമ്മിൽ അതൃപ്തി
text_fieldsതൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ കരട് രേഖ തയാറാക്കി അസി. സെക്രട്ടറിക്ക് നൽകിയ മേയറുടെ നടപടിയിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. കൂടിയാലോചനകളില്ലാതെ പ്രാഥമിക ചർച്ചകളിലേക്ക് പോലും കടന്നിട്ടില്ലാത്ത കാര്യത്തിലാണ് മേയർ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് സി.പി.എം നേതൃത്വം പോലും ഇക്കാര്യമറിഞ്ഞത്.
കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ വലിയ യൂനിയനായ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സംഘടനയും ഇക്കാര്യമറിഞ്ഞത് വാർത്ത വന്നതോടെയാണ്. സി.പി.എം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ അത്തരമൊരു ആലോചനപോലും നടന്നിട്ടില്ലെന്നും ഇത്തരമൊരു കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് ഇടത് യൂനിയൻ നേതൃത്വം അവരുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങൾക്കായി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. മേയർ ചെയർമാനായി തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ലിമിറ്റഡ് (ടി.സി.ഇ.ഡി.എൽ) എന്ന കമ്പനി രൂപവത്കരിക്കാനാണ് മേയർ കരട് രേഖ തയാറാക്കിയത്. മേയറുടെ നടപടികൾ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. നേരത്തെ പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് മേയർ കത്ത് നൽകിയത് ചർച്ചക്കിടയാക്കിയിരുന്നു.
പിന്നാലെ കോർപറേഷൻ ശക്തൻ നഗർ വികസനത്തിന് സുരേഷ് ഗോപി എം.പി ഫണ്ടിൽനിന്ന് ഒരു കോടി അനുവദിച്ചതിന് നന്ദി അറിയിച്ച് കത്ത് നൽകിയതും വിവാദത്തിനിടയാക്കി. പ്രതികരണങ്ങളിലേക്ക് കടക്കാതെയായിരുന്നു സി.പി.എം ഇതിനെ നേരിട്ടത്. വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള തീരുമാനത്തിൽ ചർച്ചയും കൂടിയാലോചനകളും നടത്തേണ്ടതുണ്ടെന്നിരിക്കെ മേയർ തിടുക്കപ്പെട്ട് നടത്തിയ നീക്കത്തിൽ നേതാക്കൾ കടുത്ത അമർഷത്തിലാണ്.
ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, ജില്ല കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, ഏരിയ കമ്മിറ്റിയംഗം അനൂപ് ഡേവിസ് കാട എന്നിവരുമായി കൂടിയാലോചിച്ച് വേണം ഫയലുകളിൽ തീരുമാനമെടുക്കാനും പ്രതികരണം നടത്താനുമെന്നാണ് മേയർക്ക് സി.പി.എം നൽകിയ നിർദേശം. എന്നാൽ, ഇവരാരും വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള പദ്ധതി അറിഞ്ഞിട്ടില്ല. തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.