പൂരപ്പൊലിമയിൽ നഗരസഭയുടെ നൂറാം പിറന്നാളാഘോഷത്തിന് തുടക്കം
text_fieldsതൃശൂർ: പൂരപ്പൊലിമയിൽ തൃശൂർ നഗരസഭയുടെ നൂറാം പിറന്നാൾ ആഘോഷത്തിന് തുടക്കം. ഉത്സവനിറവിനൊപ്പം ഇരമ്പിയാർത്ത പ്രതിഷേധവും നാടകീയ രംഗങ്ങളും നിറഞ്ഞതായിരുന്നു മുനിസിപ്പൽ കോർപറേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ്. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ. രാജൻ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന മന്ത്രി ആർ. ബിന്ദു വിഡിയോ സന്ദേശത്തിലൂടെ സാന്നിധ്യമറിയിച്ചു.
കോർപറേഷനിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് തെക്കേ ഗോപുരനടയിൽ നിന്ന് കോർപറേഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജാവിെൻറ പ്രതിമക്ക് മുമ്പായി പൊലീസ് കയറു കെട്ടി പ്രതിഷേധക്കാരെ തടഞ്ഞുവെങ്കിലും രണ്ട് പേർ വലയം ഭേദിച്ച് കോർപറേഷൻ ഗേറ്റ് വരെയെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഗേറ്റ് അടക്കും മുമ്പേ ഇവർ അകത്തേക്ക് കടന്നെങ്കിലും പിന്നാലെയെത്തിയ പൊലീസ് ഇവരെ കൈപ്പിടിയിലാക്കി. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ എന്നിവരെയടക്കം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് മന്ത്രിമാർ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാർ പൊലീസ് വലയം ഭേദിച്ച് കടക്കാൻ ശ്രമിച്ചത് പൊലീസ് വീഴ്ചയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
കോർപറേഷനിലെ ആയിരം പേരിൽ അഞ്ച് പേർക്കെന്ന നിലയിൽ തൊഴിൽ നൽകാനുള്ള പദ്ധതിയിലേക്ക് കടക്കണമെന്നും മന്ത്രി എം.വി. ഗോവിന്ദൻ ഭരണസമിതിയോട് നിർദേശിച്ചു. നിരവധി പേർക്ക് തൊഴിൽ നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും.
അതിനുള്ള പദ്ധതി സർക്കാർ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മന്ത്രി കെ. രാജൻ മണ്ണുത്തിയെ ഗാർഡൻ സിറ്റി ആക്കുന്നതിനുള്ള പദ്ധതി പുതുവർഷത്തിൽ പൂർത്തിയാക്കാനാവുമെന്ന് പറഞ്ഞു. നെടുപുഴ മേൽപാലവും ചിയാരത്തെ ടൂറിസം പദ്ധതിയും ശതാബ്ദിയിൽ യാഥാർഥ്യമാവുമെന്ന് മന്ത്രി അറിയിച്ചു.
അഭിപ്രായങ്ങളുള്ളിടത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നും കോർപറേഷന്റേത് മാതൃകാ പ്രവർത്തനമാണെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2022ൽ തന്നെ പൂർണമായി പട്ടിണി ഇല്ലാത്ത കോർപറേഷൻ ആയി തൃശൂർ മാറുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മേയർ എം.കെ. വർഗീസ് പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തൃശൂർ അതിരൂപതാ വൈസ് ചാൻസലർ ഫാ. നൈസൻ ഏലന്താനത്ത്, ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് ചീഫ് ഇമാം ഇബ്രാഹിം ഫലാഹി, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, ഷീബ ബാബു തുടങ്ങിയവർ സംസാരിച്ചു.
വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം –മന്ത്രി
തൃശൂർ: നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് നേരിയ സംശയങ്ങളിൽ പോലും സർക്കാർ ചർച്ച നടത്തുമെന്നും സംശയങ്ങൾ ദൂരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ. തൃശൂർ കോർപറേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് കെ റെയിൽ വിവാദം പരാമർശിച്ച് മന്ത്രിയുടെ പരാമർശം.
ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് അധികം മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വർത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവർത്തിക്കണം. ലോകത്തിെൻറ മുന്നിൽ വിസ്മയിപ്പിക്കാൻ കഴിയുന്ന മുന്നേറ്റത്തിന് കഴിഞ്ഞുവെന്നതാണ് കേരളത്തിെൻറ പ്രത്യേകത. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലർത്തുന്നതാണ് കേരളം. ഇനിയും മുന്നേറണം.
എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. അതിൽ സംശയമുള്ളവരുമായി ചർച്ച നടത്തും. പറ്റില്ല എന്ന് പണ്ട് പറഞ്ഞിരുന്നതുപോലെ ഇനി പറയാനാവില്ല. കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ സംബന്ധിച്ച് സംവേദനത്തിന് മടി കാണിച്ചിട്ടു കാര്യമില്ല. സംശയിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ശതാബ്ദിയുടെ ഭാഗമായി നിർമിച്ച കവാടത്തിെൻറ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും ഓഫിസ് അങ്കണത്തിലെ പ്രതിമ അനാച്ഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.