അവർ തെരുവിലാണ്; ഒരുപിടി വാർത്തകളുമായി
text_fieldsനാം സുഖനിദ്രയിലാണ്ട് കിടക്കുേമ്പാൾ മഹാമാരിയുടെ പേടിപ്പെടുത്തുന്ന യാഥാർഥ്യങ്ങളെ വകവെക്കാതെ അവർ തെരുവുകളിലുണ്ട്, നമ്മെ അറിയിക്കാനുള്ള ഒരുപിടി വാർത്തകളെ മുറുകെ പിടിച്ച്. തെരുവുവിളക്കിെൻറ ഇത്തിരിവെട്ടത്തിൽ അവർ ഒത്തുചേരുന്നു. പുലർച്ച മൂന്നരക്ക് തുടങ്ങുന്ന ജീവിതചര്യ മാറ്റമില്ലാതെ തുടരുന്ന നാലും അഞ്ചും പതിറ്റാണ്ടുകൾ പിന്നിട്ടവർ. പ്രളയം വന്നപ്പോൾ നീന്തിയും കോവിഡ് മഹാമാരിക്കാലത്ത് രോഗഭീതി വകവെക്കാതെയും പത്രം നമ്മുടെ മുന്നിലെത്തിച്ചവരെ നാം ഓർക്കാറുണ്ടോ. ആഘോഷങ്ങളും ആരവങ്ങളും വെടിഞ്ഞ് സൈക്കിളിലും ബൈക്കിലും നമ്മുടെ വഴികളിൽ അവരുണ്ട്. വ്യത്യസ്തരാണ് അവർ. മറ്റ് പല ജോലികളുമുള്ളവരും പൂർണമായും ഈ തൊഴിലിനെ ആശ്രയിക്കുന്നവരും അവരിലുണ്ട്. നമ്മളേപ്പൊലെ അല്ലാതെ, നമ്മുടെ സ്ഥിരം കാഴ്ചകളിൽപെടാത്ത ചില പത്രവിതരണക്കാരെ 'മാധ്യമം' പരിചയപ്പെടുത്തുന്നു.
മലയോര പത്രവിതരണം ഏറെ കഠിനം
കൊടകര: കോവിഡ് കാലത്ത് ഏറെ ദുരിതം നേരിടുകയാണ് മലയോരത്തെ പത്രവിതരണക്കാര്‍. ഒട്ടും പ്രതീക്ഷിക്കാതെ ഇരുചക്രവാഹനങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്ന കാട്ടുപന്നി അടക്കം വന്യജീവികള്‍ വലിയ ഭീഷണിയാണ്. വീടുകള്‍ തമ്മില്‍ അകലം കൂടുതലുള്ളതിനാല്‍ പുലര്‍ച്ച അഞ്ചരക്ക് തുടങ്ങുന്ന പത്രവിതരണം 10ഓടെയാണ് അവസാനിപ്പിക്കാന്‍ കഴിയുന്നത്. വിതരണം മുതല്‍ വരിസംഖ്യ ശേഖരണത്തെ വരെ കോവിഡ് പ്രതികൂലമായി ബാധിച്ചതായി മറ്റത്തൂരിലെ 'മാധ്യമം' വിതരണക്കാരനായ സുനില്‍കുമാര്‍ ഊത്തപ്പിള്ളി പറയുന്നു. കോടാലി സ്വദേശിയായ സുനില്‍ പുലര്‍ച്ച രണ്ടരക്ക് എഴുന്നേറ്റ് എട്ട് കിലോമീറ്റര്‍ ദൂരെയുള്ള കൊടകരയിലെത്തിയാണ് പത്രക്കെട്ട് കൊണ്ടുവരുന്നത്. മറ്റത്തൂരിലെ മറ്റു പത്ര ഏജൻറുമാര്‍ക്കും മാധ്യമം കെട്ടുകള്‍ എത്തിച്ചുകൊടുക്കുന്നത് സുനില്‍കുമാറാണ്.
ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വരിക്കാരെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് സുനിൽ പറയുന്നു. അതിനാല്‍, വരിസംഖ്യ യഥാസമയം പിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പല വീടുകളിലും കോവിഡ് ബാധിച്ചവരുള്ളതിനാല്‍ വരിസംഖ്യ സമയബന്ധിതമായി വാങ്ങാനാകുന്നില്ല. പുലര്‍ച്ച പത്രവിതരണത്തില്‍ സഹായികളായി എത്തുന്ന വിദ്യാർഥികളിൽ പലരും കോവിഡ് ഭീതിയെ തുടര്‍ന്ന് വരാതായി. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സമ്പർക്ക വിലക്കില്‍ കഴിയേണ്ടി വരുമ്പോഴും പത്രവിതരണം മുടങ്ങാതിരിക്കാന്‍ ക്ലേശം ഏറെ.
തയാറാക്കിയത്: ലോനപ്പൻ കടേമ്പാട്
വിധിക്കു മുന്നിൽ പതറില്ല, അബ്ദുല്ല
പെരുമ്പിലാവ്: രണ്ടു പതിറ്റാണ്ട് മുമ്പ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ വലതുകൈ പൂർണമായും ചതഞ്ഞരഞ്ഞ അബ്ദുല്ല, അന്ന് നിശ്ചയിച്ചതാണ് താൻ തോറ്റുകൊടുക്കില്ല എന്ന്. ഇന്നും ആ പേരാട്ടം തുടരുന്നു. കിണറിെൻറ ആഴങ്ങളെ അറിഞ്ഞ തൊഴിലെടുത്തപ്പോൾ ഒന്നുകൂടി സ്വന്തം തൊഴിലാക്കാൻ അബ്ദുല്ല മറന്നില്ല; പത്രവിതരണം. ഒറ്റക്കൈയുമായി മറ്റാരുടെയും സഹായമില്ലാതെ 250ഓളം പത്രങ്ങൾ ബൈക്കിൽ വിതരണവും ദിനേന നടത്തുകയാണ് പെരുമ്പിലാവ് പുത്തൻകുളം പള്ളിക്കുന്നിൻ മേൽ അബ്ദുല്ല എന്ന 45കാരൻ.
രണ്ടു പതിറ്റാണ്ട് മുമ്പ് തൃശൂരിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കിടയിലാണ് മെഷീനുള്ളിൽ കൈ കുടുങ്ങിയത്. ജിവിതത്തിലേക്ക് തിരിച്ചുവരാൻ നീണ്ട ആറുവർഷങ്ങൾ വേണ്ടി വന്നു. എങ്കിലും തുന്നിച്ചേർക്കപ്പെട്ട ആ കൈകൾകൊണ്ട് തന്നെയാണ് അന്നത്തിനുള്ള വക ഇപ്പോഴും സമ്പാദിക്കുന്നത്. ഇതിനിടെ പെരുമ്പിലാവ് അൻസാർ സ്കൂളിൽ ജോലി തേടി. രണ്ടു വർഷത്തിന് ശേഷമാണ് കിണറുപണിക്കിറങ്ങിയത്. സുമനസ്സുകളുടെ കാരുണ്യത്താൽ 10 വർഷം മുമ്പ് പെരുമ്പിലാവ് സ്വദേശി ഉസ്മാെൻറ നേതൃത്വത്തിൽ ഒരുക്കിക്കൊടുത്ത കിടപ്പാടത്തിലാണ് അബ്ദുല്ലയുടെ കുടുംബത്തിെൻറ താമസം.
'മാധ്യമം' പത്ര ഏജൻറും കൂടിയായ അബ്ദുല്ല പത്ര വിതരണം പൂർത്തിയാക്കിയാൽ പിന്നീട് കിണർ പണിയിലാണ് ശ്രദ്ധ. കരാർ എടുത്ത് ഇതിനോടകം ഒട്ടനവധി കിണറുകളാണ് നിർമിച്ചിട്ടുള്ളത്. കിണർ വൃത്തിയാക്കൽ, പാറപൊട്ടിക്കൽ എന്നിവയും പതിവ് ജോലിയാണ്. കദീജയാണ് ഭാര്യ. വിദ്യാർഥികളായ മുഹ്സിന, സെഫുവാൻ, സൻഹ എന്നിവർ മക്കളാണ്. ഭാര്യമാതാവ് റുക്കിയ ഇവരോടൊപ്പമാണ് താമസം.
തയാറാക്കിയത്: ഡെന്നി പുലിക്കോട്ടിൽ
ഭിന്നശേഷിയുടെ കരുത്തിൽ ജോഷിയുടെ പത്രവിതരണത്തിന് കാൽനൂറ്റാണ്ട്
കയ്പമംഗലം: ജൻമന കൈകൾക്ക് സ്വാധീനവും സംസാരശേഷിയും ഇല്ലെങ്കിലും കാൽ നൂറ്റാണ്ടായി പത്രവിതരണം തുടരുകയാണ് കയ്പമംഗലം 12ന് പടിഞ്ഞാറ് തോട്ടുങ്ങൽ വേലായുധൻ-ദേവയാനി ദമ്പതികളുടെ മകൻ ജോഷി. 40കാരനായ ജോഷി 15ാം വയസു മുതലാണ് പത്രവിതരണം ആരംഭിച്ചത്. കാളമുറിയിലെ പത്രം ഏജൻറ് മണികണ്ഠെൻറ 160ഓളം പത്രങ്ങളാണ് ജോഷി വിതരണം ചെയ്യുന്നത്. ഇതിനായി പുലർച്ച നാലരക്ക് തന്നെ ജോഷി എണീക്കുമെന്ന് അമ്മ ദേവയാനി പറയുന്നു.
രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിെൻറ ആശ്രയം കൂടിയാണ് ഈ യുവാവ്. സൈക്കിളിൽ രണ്ടു കൈയും പിടിച്ചില്ലെങ്കിൽ മറിഞ്ഞു വീഴുന്ന ജോഷി, ഏത് മഴക്കാലത്തും വിതരണം മുടക്കാറില്ലെന്ന് ഏജൻറ് മണികണ്ഠൻ പറയുന്നു.ഗ്രാമലക്ഷ്മി, തായ്നഗർ, വിളക്കുപറമ്പ്, കാളമുറി തുടങ്ങിയ സ്ഥലങ്ങളിലെ ഓരോ വീടും കാണാപ്പാഠമാണ്. നിഷ്കളങ്കമായ ചിരിയോടെ പത്രമിടാനെത്തുന്ന ജോഷി ഓരോ വീട്ടുകാരുടെയും വാത്സല്യ പാത്രമാണ്.
ഹസീന ഇനി കേബ്ൾ ടി.വി രംഗത്തേക്കും
കയ്പമംഗലം: കോവിഡ് കാലത്ത് ജീവിതം വഴിമുട്ടി പത്രവിതരണത്തിനിറങ്ങിയ ഹസീന ഇനി കേബ്ൾ ടി.വി രംഗത്തേക്കും. പത്രവിതരണം, പലചരക്ക് സാധനങ്ങളുടെ ഡോർ ഡെലിവറി എന്നിവക്ക് പുറമെയാണ് കേബ്ൾ വിഷനിലാണ് ഇവർ ജീവനക്കാരിയാവുന്നത്. ചെന്ത്രാപ്പിന്നി മുരുകൻ തിയറ്ററിന് സമീപം തുണ്ടംപറമ്പിൽ പരേതനായ അഹമ്മുവിെൻറ മകളാണ് ഹസീന.
തെൻറയും മാതാവ് നബീസയുടെയും ജീവിതത്തിനായാണ് പ്രതിസന്ധികളോട് പൊരുതുന്നത്. മുരുകൻ സെൻററിൽ തുന്നൽക്കട നടത്തിയിരുന്ന ഇവർ ലോക്ഡൗൺ ആയതോടെ വീട്ടിലിരിപ്പായി. വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽ നിന്നിറങ്ങി സമീപത്തെ അപ്പാർട്മെൻറിെൻറ ഒറ്റമുറിയിൽ ഒരുങ്ങി. പട്ടിണിയാവാതിരിക്കാൻ എന്തു ജോലിയും ചെയ്യാം എന്നിടത്തു നിന്നാണ് പ്രദേശത്തെ പത്ര ഏജൻറിനെ ബന്ധപ്പെടുന്നത്. ഒരു വർഷമായി പുലർച്ച അഞ്ചിന് എണീറ്റ് പത്ര വിതരണം നടത്തുന്നു. മാസ്ക്കും ഫേസ് ഷീൽഡും ധരിച്ചാണ് പത്ര വിതരണം. ഇടക്ക് പത്രം കുറഞ്ഞപ്പോൾ പലചരക്കു കടയിൽനിന്ന് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ജോലിയും ഏറ്റെടുത്തു.
അതിനും ആവശ്യക്കാർ കുറയുന്ന സാഹചര്യത്തിലാണ് കേബ്ൾ ടി.വിയിൽ കൂടി ജോലി ചെയ്യാൻ തയാറാവുന്നത്. 10ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും നിശ്ചയദാർഢ്യത്തിനും തേൻറടത്തിനും ഒരു കുറവുമില്ല. നല്ല പ്രായത്തിൽ വിവാഹിതയായെങ്കിലും മുന്നോട്ടുപോകാനായില്ല. എന്നുകരുതി പരിതപിച്ച് ജീവിതം കളയാനില്ല. ആവുന്ന കാലം അധ്വാനിച്ചുതന്നെ ജീവിക്കും -ഹസീനയുടെ ഉറച്ച വാക്കുകൾ.
തയാറാക്കിയത്: മാലിക് വീട്ടിക്കുന്ന്
പ്രളയവും മഹാമാരിയും താണ്ടി പത്രക്കെട്ടുമായി ജബ്ബാർ
അന്തിക്കാട്: ജില്ലയിൽ ഏറ്റവും താഴ്ന്ന മേഖലയാണ് താന്ന്യം. പ്രളയകാലത്ത് മേഖല മുങ്ങിയിരുന്നു. അപ്പോൾ വഞ്ചിയിലും നീന്തിയുമായിരുന്നു മുടങ്ങാതെ പത്രവിതരണം നടത്തിയത്. കാലവർഷത്തിൽ പൊട്ടിയ വൈദ്യുതി കമ്പിക്കിടയിലൂടെയും ഒടിഞ്ഞു വീണ മരത്തിനിടയിലൂടെയും ജീവൻ പണയം വെച്ചായിരിക്കും യാത്ര. ആ പ്രളയത്തിലും മുടങ്ങാതെ പത്രമെത്തിച്ചതിെൻറ സഹനചരിത്രം പറയാനുണ്ട് 30 വർഷമായി കിഴുപ്പിള്ളിക്കര മേഖലയിൽ പത്രം വിതരണം ചെയ്തുവരുന്ന ജബ്ബാറിന്. അതിരാവിലെ നാലിന് വീട്ടിൽനിന്ന് സൈക്കിളിൽ ഇറങ്ങും. ചാഴൂരിൽ ഇറക്കുന്ന പത്രക്കെട്ട് എടുത്ത് പഴുവിൽ, താന്ന്യം, നെടുമ്പുര, അഴിമാവ്, കിഴുപ്പിള്ളിക്കര മേഖലയിലാണ് വിൽപന. ഇരുട്ടിൽ ഇഴജന്തുക്കളും തെരുവുനായ്ക്കളും പേടിസ്വപ്നമാണ്. വിതരണം കഴിഞ്ഞ് എട്ടിന് വീട്ടിൽ എത്തും.
പ്രളയത്തിന് പിന്നാലെ കോവിഡ് കാലവും പത്രം വിതരണക്കാരനായ ജബ്ബാറിന് ദുരിതകാലമാണ്. കഴിഞ്ഞ മൂന്നു വർഷമായി ഏറെ പ്രയാസപ്പെട്ടാണ് പത്രംവിതരണം ചെയ്തു വരുന്നത്. നേരത്തേ സ്വന്തം ഏജൻസിയിലാണ് മാധ്യമം വിതരണം ചെയ്തിരുന്നത്. എന്നാൽ, സാമ്പത്തിക പ്രയാസം മൂലം ഭാര്യ റംലയുടെ പേരിലാക്കി. എന്നാലും വിൽപന ജബ്ബാർ തന്നെ. 'കോവിഡ് കാലത്ത് പ്രദേശം അടച്ചു കെട്ടിയതോടെ വിതരണം ഏറെ ദുഷ്കരമായിരുന്നു. പത്രവിതരണക്കാരെ ഒഴിവാക്കിയെങ്കിലും അടച്ചുകെട്ടിയതോടെ ചാടിക്കടന്നാണ് കൂടുതൽ സമയമെടുത്ത് വിതരണം ചെയ്യുന്നത്. കോവിഡ് ബാധിച്ച കുടുംബങ്ങളെ അറിയാനും പ്രയാസമായിരുന്നു -ജബ്ബാർ പറയുന്നു.
തയാറാക്കിയത്: വി.എസ്. സുനിൽകുമാർ
ഫസലു പതിവ് തെറ്റിക്കാറില്ല; മഹാമാരിക്കിടയിലും
കൊടുങ്ങലൂർ: കാറ്റും മഴയും ഇരുട്ടും തെരുവുനായ്ക്കളും വെള്ളക്കെട്ടും നിറഞ്ഞ അപകടാവസ്ഥയോട് മല്ലടിച്ചും സർവോപരി ജീവൻ പണയം വെച്ചും ഈ മഹാമാരിക്കാലത്തും ജീവിത മാർഗം തേടുന്നവരാണ് ഏജൻറുമാർ. നാടുണരും മുേമ്പ ഉണർന്ന് അതി ജാഗ്രതയോടെ അവർ വീട്ടുമുറ്റത്ത് പത്രമെത്തിക്കുന്നു. എറിയാട് സ്വദേശി എം.കെ. ഫസലു എന്ന 65കാരെൻറ ജീവിതവും വ്യത്യസ്തമല്ല.
മഹാമാരിയുടെ ഭീതിജനകമായ അന്തരീക്ഷത്തിലായാലും പ്രകൃതിക്ഷോഭത്തിെൻറ അത്യന്തം ദുഷ്കരവും പ്രതികൂലവുമായ സാഹചര്യത്തിലും നാടുണരും മുേമ്പ പത്രക്കെട്ടുമായി ഫസലുവുണ്ട്. നാട് സുഖമായുറങ്ങുന്ന വേളയിൽ പുലർച്ച മൂന്നരയോടെ മറ്റു പല ഏജൻറുമാരെ പോലെ ഈ മനുഷ്യനും തെരുവിൽ കർമനിരതനായിരിക്കും.
മാധ്യമത്തിെൻറ പിറവിയോടൊപ്പമാണ് ഫസലുവും ഏജൻറായത്. മാധ്യമം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ഈയിടെ അന്തരിച്ച മുൻ ചെയർമാൻ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ സമീപവാസിയായ ഫസൽ അദ്ദേഹത്തോടും പ്രസ്ഥാനത്തോടുമുള്ള അടുപ്പം വഴിയാണ് ഏജൻറായത്. തൃശൂർ ജില്ലയിൽ മൂന്നാമത്തെ ഏജൻറും സംസ്ഥാനത്തെ പ്രധാന ഏജൻസികളിൽ ഒരാളുമാണ്. മേഖലയിൽ പത്രം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ് കാലം പത്രവിതരണം ദുഷ്കരമാക്കുക മാത്രമല്ല, ഒരു തൊഴിൽ എന്ന നിലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാക്കിയിട്ടുണ്ടെന്ന് ഫസലു പറയുന്നു. കോവിഡ് കാരണം വരുമാനം നിലച്ചവരും മറ്റു കാരണങ്ങളാലും പത്രം നിർത്തുന്ന പ്രവണതയുമുണ്ട്. ഇതുൾപ്പെടെ പലവിധ തിരിച്ചടികളും ഏജൻറുമാർ നേരിടുകയാണ്. ഇതെല്ലാം മുൻനിർത്തി ഏജൻറുമാർക്ക് സമാശ്വാസ നടപടികൾ കൈക്കൊള്ളാൻ മാനേജ്മെൻറുകളും സർക്കാറും തയാറാകണമെന്ന് ഫസലു ആവശ്യപ്പെട്ടു.
തയാറാക്കിയത്: ടി.എം. അഷ്റഫ്
ജയ്സന് കുലത്തൊഴിലാണ് പത്ര ഏജൻസി
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായിലെ കള്ളായിൽ ജയ്സന് കുലത്തൊഴിൽ പോലെയാണ് പത്ര ഏജൻസി. അതിനാൽ, പ്രതിസന്ധിയുടെ കാലത്തും പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് ഈ 55കാരൻ. 1984ൽ സ്വന്തം പേരിൽ ഏജൻസി എടുക്കുമ്പോൾ ആയിരത്തോളം പത്രമുണ്ടായിരുന്നു. അന്ന് അപ്പച്ചൻ പൂഴിക്കള അങ്ങാടിയിൽനിന്ന് 135 രൂപക്ക് വാങ്ങിച്ച ഹെർകുലീസ് സൈക്കിളിലാണ് വിതരണം തുടങ്ങിയത്. അഞ്ച് വർഷമായി ബൈക്കിൽ വിതരണം നടത്തുന്ന ജയ്സണ്‍ ഇപ്പോൾ 300 പത്രമാണുള്ളത്. ബാക്കിയെല്ലാം പലർക്കുമായി വീതിച്ചു കൊടുത്തു. ഇന്ധന വില വർധിച്ചതോടെ ദിവസം നൂറു രൂപയായി ചെലവ്. എന്നാലും അഡ്ജസ്റ്റ് ചെയ്യാതെ തരമില്ല. വരിക്കാർക്ക് പത്രം നേരത്തേ കിട്ടിയേ തീരൂ.
നാലരക്ക് എഴുന്നേറ്റ് നായരങ്ങാടിയിൽ ചെന്ന് പത്രക്കെട്ടുകൾ തരം തിരിച്ച് വടക്കേക്കാട് പഞ്ചായത്ത്, ഗുരുവായൂർ, കുന്ദംകുളം നഗരസഭ പ്രദേശങ്ങളിൽ വിതരണം പൂർത്തിയാക്കാൻ മൂന്നു മണിക്കൂറെടുക്കും. 70 പത്രം സഹായി സൈക്കിളിൽ വിതരണം ചെയ്യുന്നു. കോവിഡ് പേടിയിൽ രണ്ടു വരിക്കാർ മാത്രമാണ് പത്രം നിർത്തിയത്. അതിലൊരാൾ വൈകാതെ തുടങ്ങുകയും ചെയ്തു.
മാധ്യമം പത്രം മറ്റ് ഏജൻറുമാരിൽ നിന്ന് വാങ്ങിയാണ് വിതരണം തുടങ്ങിയത്. വരിക്കാർ വർധിച്ചതോടെ സ്വന്തമായി ഏജൻസി എടുത്തിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് പത്രം അരിച്ചു പെറുക്കിയാണ് വായന. കിട്ടാൻ അൽപം വൈകിയാൽ പിന്നെ വിളിയോടു വിളിയാണ്. അതേസമയം, വീടിന് സമീപം 35 വർഷമായി നടത്തിവരുന്ന സ്റ്റേഷനറി കട അടച്ചിടേണ്ടി വന്നത് ജയ്സന് സാമ്പത്തിക ഭാരം കൂട്ടാനിടയാക്കി. സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പാണ് വീട്ടിൽനിന്ന് 10 കിലോമീറ്റർ ദൂരമുള്ള പെരുമ്പടപ്പിൽ പിതാവ് വാഴപ്പുള്ളി വർഗീസ് പത്ര ഏജൻസി തുടങ്ങുന്നത്. പിന്നീട് ആറ് ആൺമക്കൾക്കായി ഏജൻസി വീതം വെച്ചു. മറ്റു സഹോദരങ്ങളെല്ലാം വഴി മാറിപ്പോയപ്പോഴും ജയ്സൻ 'കള്ളായി' പത്രപാരമ്പര്യം കൈവിടാതെ കാത്തു പോരുന്നു.
തയാറാക്കിയത്: ഐ.ബി. അബ്ദുറഹ്മാൻ
കുഞ്ഞിമോനും കുടുംബത്തിനും ജീവശ്വാസമാണ് പത്രവിതരണം
ചെറുതുരുത്തി: ചെറുതുരുത്തി സ്വദേശിയായ 70കാരൻ കുഞ്ഞിമോനും കുടുംബത്തിനും പത്രവിതരണം ഉപജീവനത്തിനുള്ള ഉപാധിയെന്നതിനുമപ്പുറം ജീവശ്വാസവും കൂടിയാണ്. കുഞ്ഞിമോന് പത്രം വിതരണം ചെയ്യാൻ ഭാര്യ ജമീലയും മക്കളായ ഉമ്മുറാബിയ, മിനു മുബിസിന, അലി അക്ബർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പത്രവുമായി പുലർച്ച നാലിന് വീടുകളിലെത്തി ആളുകളെ വിളിച്ചുണർത്തിക്കൊണ്ടിരുന്നത്. ഇതിൽ മകൾ ഉമ്മുറാബിയ കല്യാണം കഴിഞ്ഞതോടെ എണ്ണം നാലായി ചുരുങ്ങി. കാൽനട മാറ്റി കുഞ്ഞിമോൻ സൈക്കിളിലാണ് പത്രം വിതരണം ചെയ്യുന്നത്. ഭാര്യയുടെ പത്രവിതരണം നടന്നുതന്നെ.
1963ലാണ് കുഞ്ഞിമോൻ ജീവിക്കാൻ വേണ്ടി ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി 12ാമത്തെ വയസ്സിൽ പത്രവിതരണ രംഗത്ത് എത്തിയത്. നെടുമ്പുര സ്വദേശിയായ കൊച്ചുണ്ണി നായരുടെ കീഴിൽ 75 പൈസ കൂലിക്ക് രാവിലെ നാലു മുതൽ 10 വരെ മലയാളം പത്രവും, 10 മുതൽ വൈകീട്ട് ആറു വരെ ഇംഗ്ലീഷ് പത്രവുമാണ് വിതരണം ചെയ്തിരുന്നത്.
ഒരു പത്രത്തിന് ഒരു അണയായിരുന്നു (ഒരു അണ -ആറു പൈസ). ദ ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ വില 10 പൈസ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അതിരാവിലെ പത്രമെടുത്ത് പച്ചവെള്ളം കുടിച്ചാണ് 10 മണി വരെ നടന്ന് പത്രം വിതരണം ചെയ്തിരുന്നത്. കുഞ്ഞിമോെൻറ സത്യസന്ധതയിൽ മതിപ്പ് തോന്നിയ കൊച്ചുണ്ണി നായർ എല്ലാ ഉത്തരവാദിത്തവും കുഞ്ഞിമോനെ ഏൽപിക്കുകയായിരുന്നു.
മുതലാളിയുടെ മരണശേഷം സ്വന്തമായി ഏജൻസി എടുത്ത് പത്രം വിതരണം ചെയ്യാൻ തുടങ്ങി. ഇേപ്പാൾ 58 വർഷമായി പത്രവിതരണ രംഗത്ത് എത്തിയിട്ട്. മാധ്യമം തുടങ്ങിയ അന്നു മുതൽ ഇന്നു വരെ ഏജൻസി നിലനിർത്തി കൊണ്ടുപോകുന്നു. എട്ടു മലയാളം ദിനപത്രവും നാല് ഇംഗ്ലീഷ് പത്രമടക്കം ആകെ 1800ഓളം പത്രങ്ങൾ ഈ കുടുംബം വിതരണം ചെയ്യുന്നുണ്ട്.
തയാറാക്കിയത്: മണി ചെറുതുരുത്തി
മേരി ടീച്ചർ പുലർച്ചയെത്തും; പത്രക്കെട്ടിനായി
ഗുരുവായൂർ: മഴയായാലും മഞ്ഞായാലും മേരി ടീച്ചർ ഭർത്താവ് ആൽബർട്ടിനൊപ്പം പുലർച്ച 2.15ന് പടിഞ്ഞാറെ നടയിലെത്തും. അവിടെയാണ് പത്രക്കെട്ടുകളെത്തുക. പത്രങ്ങൾ എണ്ണി തിട്ടപ്പെടുത്തി വിതരണക്കാർക്ക് പങ്കുവെച്ച് നൽകേണ്ട ചുമതല മേരി ടീച്ചർക്കാണ്. അധ്യാപികയുടെ കൃത്യതയോടെയും ശുഷ്കാന്തിയോടെയും ടീച്ചർ അത് ചെയ്യും. ഗുരുവായൂർ ഹൗസിങ് ബോർഡ് കോളനിയിലെ എടക്കളത്തൂർ ആൽബർട്ട് 35 വർഷത്തോളമായി പത്ര ഏജൻറാണ്. ഭാര്യ സി.വി. മേരി സർക്കാർ സ്കൂൾ അധ്യാപികയും. 15 വർഷം മുമ്പ് ചാവക്കാട് ഗവ. ഹൈസ്കൂളിൽനിന്നാണ് വിരമിച്ചത്.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതു മുതൽ മേരി ഭർത്താവിനൊപ്പം പത്ര വിതരണത്തിൽ സജീവമാണ്. മാധ്യമം അടക്കം 800ഓളം പത്രങ്ങളാണ് ഇവർക്ക് വരിക്കാരിലേക്കെത്തിക്കാനുള്ളത്. വിരമിച്ച ശേഷം മേരിയുടെ പേരിലും ഏജൻസിയുണ്ട്. പുലർച്ച 2.15ന് ആരംഭിക്കുന്ന ജോലി ഏകദേശം 6.30ഓടെ അവസാനിക്കും. പത്രങ്ങളുമായി വിതരണക്കാർ ഓരോ റൂട്ടുകളിലേക്ക് പോയിക്കഴിഞ്ഞാൽ ആൽബർട്ട് മേരിയെ വീട്ടിൽ തിരിച്ചെത്തിക്കും. വിതരണക്കാർ ആരെങ്കിലും മുടക്കമുണ്ടെങ്കിൽ ആ റൂട്ടിൽ പിന്നെ ആൽബർട്ട് പോകും. പത്രങ്ങൾ വായനക്കാർക്ക് കൃത്യമായി എത്തിച്ച് നൽകാൻ ജീവിത പങ്കാളിക്കൊപ്പം പങ്കുചേരുന്നത് സന്തോഷകരമായ അനുഭവമാണെന്ന് ഈ റിട്ട. അധ്യാപിക പറയുന്നു. അറിവിെൻറ ലോകത്തേക്ക് വായനക്കാരെ എത്തിക്കുന്ന സത്കർമത്തിൽ പങ്കാളിയാവുന്നത് അധ്യാപിക എന്ന നിലയിലും ചാരിതാർഥ്യം പകരുന്നതാണെന്ന് അവർ പറഞ്ഞു.
കോവിഡ് കാലമെത്തിയതോടെ പത്ര വിതരണം ഏറെ പ്രയാസത്തിലാണെന്ന് ആൽബർട്ട് പറഞ്ഞു. വിതരണക്കാർക്ക് കോവിഡ് ബാധിക്കുന്നതും പല സ്ഥലങ്ങളും കെട്ടിയടച്ചിരിക്കുന്നതുമൊക്കെ പ്രതിസന്ധികളാണ്. വരിസംഖ്യ പിരിക്കുന്നതിലും പ്രയാസങ്ങളുണ്ട്. എങ്കിലും മൂന്നര പതിറ്റാണ്ട് പിന്നിട്ട പത്ര വിതരണം സന്തോഷപൂർവം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ ദമ്പതികൾ. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായ ഷിബു, ഷിജി എന്നിവരാണ് മക്കൾ. പാലക്കാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ അധ്യാപിക പ്രീത, ഗോകുലം അസി. മാനേജർ ആേൻറാ എന്നിവർ മരുമക്കളാണ്.
തയാറാക്കിയത്: ലിജിത്ത് തരകൻ
വ്യത്യസ്തനാണ് ഈ പത്ര ഏജൻറ്
കൊടുങ്ങല്ലൂർ: ഇല്ലായ്മകളിലും സാമൂഹിക നന്മകളോട് ചേർന്ന് നിൽക്കുന്ന ഒരു പത്ര ഏജൻറ് എന്ന നിലയിൽ ചെരിപ്പ് ധരിക്കാത്ത, സ്വന്തമായി മൊബൈൽ ഫോൺ പോലും ഇല്ലാത്ത നൗഷാദ് പുല്ലൂറ്റ് എന്ന ഖാദി വസ്ത്രധാരി വ്യത്യസ്തനാണ്. വിവിധ പ്രഭാത പത്രങ്ങളുടെയും സായാഹ്ന പത്രങ്ങളുടെയും ഏജൻറ് എന്ന നിലയിൽ സദാ പത്രക്കെട്ടുകളുമായി സൈക്കിളിൽ ചുറ്റിത്തിരിയുന്ന ഈ പൊതുപ്രവർത്തകൻ കൊടുങ്ങല്ലൂർ നഗരത്തിലെ വേറിട്ട കാഴ്ചകളിലൊന്നാണ്.
തെൻറ വാടകവീടിെൻറ പൂമുഖം ദേശീയ ദിനാചരണങ്ങളുടെയും സാമൂഹികനന്മ ലക്ഷ്യമാക്കുന്നതും അനീതിക്ക് എതിരായതുമായ സമര പോരാട്ടങ്ങളിൽ വേറിട്ടൊരു വേദിയാക്കുക വഴിയും ശ്രദ്ധേയനാണ് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ നൗഷാദ്. പത്രം ഏജൻസിയോടൊപ്പം കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ടിക്കറ്റ് കൊടുക്കുന്ന ജോലിയും ചെയ്തിരുന്നു. ബസോട്ടം ഇല്ലാതായതോടെ അതും നഷ്ടപ്പെട്ടു. പുലർച്ച നാലോടെ പത്രവുമായി നാട്ടിലിറങ്ങുന്ന നൗഷാദ് ഏജൻറുമാരും വിതരണക്കാരും അനുഭവിക്കുന്ന വിവിധ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും പ്രതീകം കൂടിയാണ്.
കഴിഞ്ഞ ദിവസം പുലർച്ച 4.30ന് റോഡരികിൽ പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽനിന്ന് നൗഷാദ് പുല്ലൂറ്റ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമയിരുന്നു. പത്ര വിതരണക്കാർക്ക് ഏത് സമയത്തും അരികെയാണ് അപകടങ്ങളെന്ന് നൗഷാദ് പറയുന്നു. സർക്കാറും മാനേജ്മെൻറുകളും രാഷ്ട്രീയ സാമൂഹിക സംഘടനകളും പത്രം ഏജൻറുമാർക്കും വിതരണക്കാർക്കും പരിഗണനകളും ആശ്വാസങ്ങളും നൽകാൻ മുന്നോട്ട് വരണമെന്ന് കൊടുങ്ങല്ലൂർ മേഖല പത്ര ഏജൻസി കൂട്ടായ്മ പ്രവർത്തകൻ കൂടിയായ നൗഷാദ് ആവശ്യപ്പെട്ടു.
പത്രവിതരണവും മീൻകച്ചവടവും ഒത്തുപോകുമോ?
കുന്നംകുളം: ജീവിത ഭാരം പേറുേമ്പാഴും കരകയറാൻ ശ്രമിക്കുകയാണ് പഴുന്നാന സ്വദേശിയായ 64കാരൻ അലി. പത്ര വിതരണക്കാനായ ഇദ്ദേഹം ഇരു ചക്ര വാഹനത്തിൽ മീൻ കച്ചവടവും നടത്തിയാണ് കുടുംബം പോറ്റുന്നത്. നേരം പുലരും മുേമ്പ ഒരുങ്ങി കാത്തിരിക്കുന്നത് പത്ര വാഹനത്തെയാണ്.
പത്രം എത്തിയാൽ അര മണിക്കൂർകൊണ്ട് ഏറെ കുറെ വിതരണം ചെയ്ത് കുതിക്കുന്നത് കുന്നംകുളത്തെ മത്സ്യ മാർക്കറ്റിലേക്കാകും. പിന്നീടുള്ള യാത്രയിൽ മീൻ പെട്ടിക്കു പുറമെ ഇരു ചക്ര വാഹനത്തിന് മുന്നിൽ അവശേഷിക്കുന്ന പത്രവും ഉണ്ടാകും. മത്സ്യവുമായി നാട്ടിലേക്ക് വിൽപനക്ക് വരുന്ന വഴിയിലുള്ള നിരവധി വീടുകളിൽ അലിക്ക പത്രം എറിഞ്ഞു കൊടുത്താണ് തിരിച്ചെത്തുക. രണ്ടു ജോലിയും ഒന്നിച്ച് ചെയ്തെങ്കിലേ കുടുംബം പുലർത്താനാകൂവെന്നാണ് ഇദ്ദേഹത്തിെൻറ മറുപടി.
വർഷങ്ങൾക്കു മുമ്പ് നാട്ടിൽ വാടക കെട്ടിടത്തിൽ പലചരക്കു കച്ചവടം നടത്തിയെങ്കിലും നോട്ടു നിരോധനം വന്നതോടെ തുടരാനായില്ല. പിന്നീട് കുന്നംകുളത്ത് പട്ടാമ്പി റോഡരികിൽ പച്ചക്കറി കച്ചവടം ആരംഭിച്ചെങ്കിലും അതും ഫലപ്രദമായില്ല. തുടർന്നാണ് കഴിഞ്ഞ ഒരു വർഷമായി മീൻ കച്ചവടവും കൂടി പത്രവിതരണത്തോടൊപ്പം നടത്തി ജീവിക്കുന്നത്. പഴുന്നാന ചേമ്പാലക്കാട്ടിൽ കുടുംബാംഗമാണ് അലി. കദീജയാണ് ഭാര്യ. മൂന്നു പെൺ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.