തൃശൂർ-പൊന്നാനി കോൾ വികസന അതോറിറ്റി ടി.എൻ. പ്രതാപനെ നീക്കി; കൃഷിമന്ത്രി പുതിയ ചെയർമാൻ
text_fieldsതൃശൂർ: തൃശൂർ-പൊന്നാനി കോൾ വികസന അതോറിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് ടി.എൻ. പ്രതാപൻ എം.പിയെ നീക്കി. പുതിയ ചെയർമാനായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ നിയമിച്ച് കൃഷിവകുപ്പ് ഉത്തരവിറക്കി. ഈ വർഷം മാർച്ച് 27നാണ് കൃഷിവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഇപ്പോഴാണ് പുറത്തുവന്നത്.
കോൾവികസന അതോറിറ്റിയുടെ സ്പെഷൽ ഓഫിസർ കൂടിയായ തൃശൂർ കലക്ടറുടെ അഭ്യർഥനയനുസരിച്ചാണ് അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതെന്നാണ് ഉത്തരവിലുള്ളത്. ടി.എൻ. പ്രതാപൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരെ വൈസ് ചെയർമാന്മാരുമാക്കി. മറ്റ് അംഗങ്ങളിൽ മാറ്റമില്ല.
നേരത്തേ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തൃശൂർ എം.പിയായിരുന്ന സി.എൻ. ജയദേവന് പകരം പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ ചെയർമാനായി നിയമിച്ചിരുന്നു. ഇതിനെതിരെ ഹൈകോടതി ഉത്തരവിലൂടെയാണ് ജയദേവനെ ചെയർമാനായി നിയമിച്ചത്.
കൃഷിമന്ത്രിക്ക് 'ഈഗോ' –ടി.എൻ. പ്രതാപൻ
കൃഷിമന്ത്രിയുടെ ഈഗോ ആണ് തന്നെ െചയർമാൻ സ്ഥാനത്തുനിന്നും മാറ്റി സ്വയം ചെയർമാൻ ആകാനുള്ള കാരണമെന്ന് ടി.എൻ. പ്രതാപൻ എം.പി. കഴിഞ്ഞവർഷം കോൾ വികസന സമിതി യോഗം ചേർന്നത് തെൻറ നേതൃത്വത്തിൽ ആയിരുന്നു. ഇത് കൃഷിമന്ത്രിക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു.
സ്പെഷൽ ഓഫിസറായ കലക്ടറിൽനിന്ന് യോഗ തീരുമാനമില്ലാതെ സ്വയം അഭ്യർഥന എഴുതി വാങ്ങി രാഷ്ട്രീയ പ്രേരിതമായി നടപ്പാക്കുകയാണ് ചെയ്തതെന്നും പ്രതാപൻ ആരോപിച്ചു.
അന്തർ ജില്ല കോൾ പദ്ധതികളുടെ ചെയർമാൻ കൃഷിമന്ത്രിയെന്ന് വി.എസ്. സുനിൽകുമാർ
രണ്ട് ജില്ലകൾ പങ്കിടുന്ന കോൾ പടവ് വികസന അതോറിറ്റി ചെയർമാൻ സ്ഥാനം കൃഷിമന്ത്രിയാണ് വഹിക്കുകയെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂർ -പൊന്നാനി പദ്ധതിയിൽ മാത്രമല്ല ആലപ്പുഴ -പത്തനംതിട്ട പദ്ധതികളിലും സംസ്ഥാനത്തെ എല്ലാ അന്തർജില്ല പദ്ധതികളിലും ഇതാണ് ഇപ്പോൾ നടപ്പിലുള്ളത്.
രണ്ട് ജില്ലകൾ പങ്കിടുന്ന കോൾ പദ്ധതികളിൽ ഓരോ ജില്ലകളിലെയും എം.പിമാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പദ്ധതി കൊണ്ടുവരുന്നത് തർക്കത്തിന് ഇടയാക്കുന്നുണ്ട്.
നേരത്തെ സി.എൻ. ജയദേവൻ തൃശൂർ എം.പി ആയിരിക്കെ ഇതു സംബന്ധിച്ച തർക്കം കോടതി വരെ എത്തിയിരുന്നു. ഇതേ തുടർന്നാണ് അന്തർജില്ല കോൾ പടവ് വികസന അതോറിറ്റി ചെയർമാൻ സ്ഥാനം കൃഷിമന്ത്രി ഏറ്റെടുത്തതെന്നും സുനിൽകുമാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.