പത്താംനാൾ പൂരം
text_fieldsകൊടിയേറ്റം മേയ് നാലിന്
സാമ്പിൾ, ചമയപ്രദർശനം എട്ടിന്
തെക്കേനട തുറന്ന് പൂരവിളംബരം ഒമ്പതിന്
പൂരം 10ന്
ഉപചാരം ചൊല്ലൽ 11ന്
തൃശൂർ: തൃശൂരിനിപ്പോൾ പൂരച്ചൂരാണ്... ചെവിയോർത്താൽ ആരവങ്ങളുയരുന്നതും മേളം കാലം മാറുന്നതും മുറുകുന്നതും കേൾക്കാം.
പൂരം തൊട്ടരികെ എത്തിയിരിക്കുന്നു. ഇനി പത്ത് നാൾ മാത്രം തൃശൂരിനി പൂരപ്രേമികളുടെ, ആന പ്രേമികളുടെ, മേള പ്രേമികളുടെ സംഗമഭൂമിയാകും.
സഹികെട്ട രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് ആളും ആരവവും കൊണ്ട് തേക്കിൻകാട് നിറയും. നാലിനാണ് പൂരം കൊടിയേറ്റം.
എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തുറക്കുന്നത് പൂരത്തിലേക്കാണ്. ഇലഞ്ഞിത്തറയിൽ പെരുവനവും ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ടും മേളപ്പെരുക്കംകൊണ്ട് പൂരം മുറുക്കും. മഠത്തിന് മുന്നിൽ കോങ്ങാട് മധുവും പല്ലാവൂർ പിന്മുറക്കാരും പാറമേക്കാവിൽ പരയ്ക്കാട് തങ്കപ്പൻമാരാരും സംഘവും വാദ്യം നിരത്തും. അപൂർ വിസ്മയക്കാഴ്ച തെക്കേചരുവ് ആൾക്കടലാവും. പുലർച്ച പാറമേക്കാവും തിരുവമ്പാടിയും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുടെ കെട്ടിന് തീ കൊളുത്തിയാൽ പിന്നെ ആകാശപ്പൂരമാണ്.
ഷീനയും വർഗീസും ഇത്തവണ കന്നിയങ്കത്തിലാണ്. പിറ്റേന്ന് വീട്ടുകാരുടെ പൂരം കണ്ട് ഉപചാരം ചൊല്ലി പൂരക്കഞ്ഞിയും കുടിച്ച് മടക്കയാത്ര തുടങ്ങും. കണ്ണും കാതും മനസ്സും നിറക്കാൻ തേക്കിൻകാട് മാടിവിളിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.