തൃശൂർ പൂരത്തിലേക്ക്...
text_fieldsതൃശൂർ: തൃശൂർ ഇനി പൂരത്തിരക്കിലേക്ക്. പൂരം പ്രദർശന നഗരിക്ക് തേക്കിൻകാട് മൈതാനിയിലെ കിഴക്കേനടയിൽ കാൽനാട്ടി. പൂരം പ്രദർശനത്തിന്റെ സപ്തതി വർഷംകൂടിയാണിത്. 1932ൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളുടെ നേതൃത്വത്തിലാണ് പ്രദർശനം തുടങ്ങിയത്. സ്വദേശി വസ്ത്രങ്ങളും മറ്റുൽപന്നങ്ങളും വിൽക്കുകയായിരുന്നു ലക്ഷ്യം. 1947വരെ ഈ നിലയിൽ പ്രദർശനം തുടർന്നു. 1948ൽ ഗാന്ധിജി വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ദുഃഖസൂചകമായി തൃശൂർ പൂരം ചടങ്ങിലൊതുക്കിയപ്പോൾ പ്രദർശനം ഉപേക്ഷിച്ചു. 1949ൽ പൂരം പ്രദർശന ചുമതല തൃശൂർ നഗരസഭ ഏറ്റെടുത്തു. 1960കളിൽ പ്രദർശന നടത്തിപ്പ് നഷ്ടമായതിനെത്തുടർന്ന് നഗരസഭ ഉപേക്ഷിച്ചു.
1962ൽ തൃശൂർ സ്‌റ്റേഡിയം കമ്മിറ്റിക്ക് പൂരം പ്രദർശനത്തിന്റെ നടത്തിപ്പ് ചുമതല നഗരസഭ വിട്ടുകൊടുത്തു. പ്രദർശനത്തിന്റെ വരുമാനത്തിൽ ഒരുഭാഗം പൂരം നടത്താൻ നൽകാത്തതിൽ പ്രതിഷേധിച്ച് ആ വർഷം പൂരം ചടങ്ങിലൊതുക്കി. അതോടെ പൂരം പ്രദർശനം പൊളിഞ്ഞു. 1963ൽ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങിലൊതുക്കിയപ്പോൾ ആ വർഷവും പ്രദർശനം നടന്നില്ല. 1963 നവംബറിൽ നഗരസഭ ദേവസ്വങ്ങളുമായി ചർച്ച നടത്തി പൂരം പ്രദർശനം ദേവസ്വങ്ങളെ ഏൽപിച്ചു. ഇതോടെ 1964 മുതൽ ഇന്ന് കാണുന്ന വിധത്തിലേക്ക് പ്രദർശനം മാറി. ഇതിന് ശേഷം 2020ലും 2021ലും ഒരുക്കം പൂർത്തിയാക്കിയെങ്കിലും കോവിഡിനെത്തുടർന്ന് പ്രദർശനം നടത്താനായില്ല. സപ്തതി ആഘോഷിക്കുന്ന ഇത്തവണത്തെ പ്രദർശനവും ആകർഷകമാക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.
വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ കിഴേക്കനടയിൽ ഭൂമിപൂജക്ക് ശേഷം മേയർ എം.കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെഡി ജോയ്, എൻ. പ്രസാദ്, സുനിൽരാജ്, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റുമാരായ വി.എൻ. ഹരി, കെ. സുരേഷ്, പ്രദർശന കമ്മിറ്റി സെക്രട്ടറി പി. രാധാകൃഷ്ണൻ, ജോ.സെക്രട്ടറി എ. മോഹൻകുമാർ, ട്രഷറർ കെ. രമേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി.എ. സുന്ദർമേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, വൈസ് പ്രസിഡന്റ് ഇ. വേണുഗോപാൽ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, അസി.സെക്രട്ടറി പി.വി. നന്ദകുമാർ, മുൻ മേയർമാരായ ഐ.പി. പോൾ, അജിത ജയരാജൻ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, വടക്കുന്നാഥൻ ഉപദേശകസമിതി ഭാരവാഹികളായ പി. പങ്കജാക്ഷൻ, ടി.
ആർ. ഹരിഹരൻ എന്നിവർ ഭദ്രദീപം തെളിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കാൽനാട്ട്. പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരി ഭൂമിപൂജ നിർവഹിച്ചു. ഐ.എസ്.ആർ.ഒ, കയർബോർഡ്, ബി.എസ്.എൻ.എൽ തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി, കെ.
എസ്.ഇ.ബി, എക്സൈസ്, പൊലീസ്, ഫാം ഇൻഫർമേഷൻബ്യൂറോ, കില, വെറ്ററിനറി യൂനിവേഴ്സിറ്റി തുടങ്ങി സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും പവിലിയനുകൾ പ്രദർശന നഗരിയിലുണ്ട്. ഏപ്രിൽ രണ്ട് മുതൽ മേയ് 22 വരെയാണ് പ്രദർശനം. ഏപ്രിൽ 30നാണ് ഈ വർഷത്തെ പൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.