പൂരക്കാഴ്ചകൾ... വാദ്യത്തിന്റെ പാലമൃതായി മഠത്തിൽ വരവ്
text_fieldsതൃശൂർ: മേള ആസ്വാദകരുടെ കണ്ണും കാതും നിറച്ച് വാദ്യത്തിന്റെ പാലമൃതായി മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവും കൂട്ടരും കൊട്ടിക്കയറിയപ്പോൾ ആയിരങ്ങൾ ഒരേ മനസ്സോടെ ആവേശത്തിലലിഞ്ഞു. നൂറുകണക്കിന് കൈകൾ താളാത്മകമായി അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ തിരുവമ്പാടി കണ്ണന്റെ കോലത്തിൽ ഭഗവതി ബ്രഹ്മസ്വം മഠത്തിലേക്ക് യാത്ര തിരിച്ചപ്പോൾ തന്നെ വാദ്യാസ്വാദകർ ചെറുകൂട്ടങ്ങളായി മഠത്തിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
നടുവിൽ മഠത്തിൽ ഉപചാരങ്ങളോടെ ആനയിച്ച് ബ്രഹ്മസ്വം മഠത്തിലെ വടക്കിനിയിൽ ഭഗവതിക്ക് വേദാർച്ചനയും ഇറക്കിപൂജയും. ആചാരാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി മഠത്തിൽനിന്ന് പാണികൊട്ടി തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റാൻ ആടയാഭരണങ്ങൾ ധരിച്ച് കാത്തു നിന്നു. ഭഗവതി പ്രൗഢിയിൽ എഴുന്നള്ളിയതോടെ മഠത്തിന് മുന്നിലെ ആൾക്കടൽ ആരവമുതിർത്തു. പന്തലിൽ എത്തിയപ്പോൾ ആനകൾ മൂന്നായി.
ചന്ദ്രശേഖരന് കൂട്ടായി ഇടത്ത് കുട്ടംകുളങ്ങര അർജുനനും വലത്ത് പുതുപ്പള്ളി സാധു നിലയുറപ്പിച്ചതോടെ പഞ്ചവാദ്യം കാലം നിരത്തി താളവട്ടത്തിന്റെ മുഖത്തിന് കോങ്ങാട് മധു തുടക്കമിട്ടു. കോങ്ങാടിന് പുറമേ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോങ്ങാട് മോഹനൻ, പെരുവനം കൃഷ്ണൻ, അകതിയൂർ ഹരീഷ്, തൃപ്രയാർ രമേഷ് എന്നിവടങ്ങുന്ന വൻ നിര തിമിലയിലും കോട്ടയ്ക്കൽ രവിയുടെ നേതൃത്വത്തിലുള്ള മദ്ദള സംഘവും ഇടയ്ക്കയുടെ നാദം ചൊരിഞ്ഞ് പല്ലശന സുധാകരനും കൂട്ടർക്കും ഒപ്പം താളത്തിൽ ചേലക്കര സൂര്യനാരായണനും കൊമ്പിൽ മഠത്തിലാത്ത് മണികണ്ഠനും സംഘവും ചേർന്നതോടെ പഞ്ചവാദ്യത്തിന്റെ കയറ്റിറങ്ങളായിരുന്നു. തിമിലയിൽ രണ്ട് താളവട്ടം കഴിഞ്ഞ് കൂട്ടിക്കൊട്ടിന് ശേഷം മദ്ദളത്തിലേക്ക് വഴിമാറി. ഇടയ്ക്കയുടെ കാലപ്രമാണം കഴിഞ്ഞ് കൂട്ടിക്കൊട്ട്. ഇടയ്ക്കയിൽ രണ്ടാം കാലം കഴിഞ്ഞ് ആസ്വാദകരുടെ മനം നിറച്ച് കൂട്ടപൊരിച്ചിലിന് ശേഷം മൂന്നാം കാലത്തിന് തുടക്കമിട്ടാണ് പന്തലിൽ നിന്ന് നിങ്ങിയത്.
പിന്നെ ജനാവലിക്ക് ഇടയിലൂടെ നടുവിലാലിലേക്ക്. മൂന്നാം കാലം ഇരട്ടി പിടിച്ച് കാലം മാറി ഇടകാലത്തിലേക്ക് മാറിപ്പോഴേക്കും ആവേശം ഇരട്ടിച്ചു. ഒടുവിൽ കൂട്ടിക്കൊട്ട് കഴിഞ്ഞ് സി.എം.എസ് ഓഫീസിന് മുന്നിലെത്തി. അവിടെ നിന്ന് പതിഞ്ഞ തൃപുടയായി നായ്ക്കനാലിലേക്ക്. പഞ്ചവാദ്യത്തിന്റെ അവസാന ‘പോരാട്ട’ത്തിലേക്ക് നിങ്ങി തുടങ്ങിയതോടെ പുരുഷാരത്തിന്റെ നിലയ്ക്കാത്ത ആരവം. ഒടുവിൽ രണ്ടും മൂന്നും തൃപുട കൊട്ടി കലാശിച്ചതോടെ പ്രകൃതി പോലും പഞ്ചവാദ്യത്തിന്റെ നാദവിസ്മയത്തിൽ അലിഞ്ഞു. തുടർന്ന് തിമിലയും ഇലത്താളവും ചേർന്നുള്ള തിമിലിടത്തിൽ കൊട്ടിയാണ് പഞ്ചവാദ്യം അവസാനിച്ചത്. തുടർന്ന് പാണ്ടിയുമായി എഴുന്നള്ളത്ത് ശ്രീമൂല സ്ഥാനത്തേക്ക് നീങ്ങി. ഈ സമയം ഇലഞ്ഞിത്തറ മേളം അകത്ത് കൊഴുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.