ഉപചാരം ചൊല്ലൽ ഉച്ചക്ക്; പൂരം ഇന്ന് കലാശിക്കും
text_fieldsതൃശൂർ: വെള്ളിയാഴ്ച രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥനിൽ എത്തിയതോടെ തുടങ്ങിയ തൃശൂർ പൂരം 30 മണിക്കൂർ പിന്നിട്ട് ശനിയാഴ്ച ഉച്ചയോടെ അവസാനിക്കും. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരാണ് കലാശ ദിവസം ഒരുമിക്കുന്നത്. പാറമേക്കാവ് ഭഗവതി വിലെ 7.30ഓടെ മണികണ്ഠനാൽ പന്തലിൽനിന്ന് എഴുന്നെള്ളും. കൊമ്പുപറ്റും കുഴൽപറ്റും ചെമ്പടയും കഴിഞ്ഞ് പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാർ അണിനിരക്കും. ശ്രീമൂല സ്ഥാനത്ത് ചെറിയ കുടമാറ്റം കഴിഞ്ഞ് 11.30ഓടെയാണ് പാണ്ടിമേളം സമാപിക്കുന്നത്. തുടർന്ന് ഭഗവതി നിലപാടുതറയിൽ എഴുന്നെള്ളി നിൽക്കും.
ആചാരവെടിയും കൊമ്പുപറ്റും കുഴൽപറ്റും പഞ്ചാരി മേളവും കഴിഞ്ഞാണ് തിരുവമ്പാടി ഭഗവതിയുമായുള്ള ഉപചാരം ചൊല്ലൽ ചടങ്ങ്. തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭഗവതിയെ ആർപ്പുവിളിയോടെ ദേശക്കാർ ക്ഷേത്രത്തിലേക്ക് ആനയിക്കും. ആന ഇളക്കിയെടുക്കുന്ന കൊടിമരത്തിൽ ദേശക്കാർ കൊടിക്കൂറ മാറ്റിയശേഷം ക്ഷേത്ര ചടങ്ങുകളോടെ പാറമേക്കാവിന്റെ പൂരം സമാപിക്കും.തിരുവമ്പാടി വിഭാഗത്തിന്റെ പകൽപ്പൂരം എഴുന്നെള്ളിപ്പ് 15 ആനകളുമായി രാവിലെ 8.30ന് പാണ്ടിമേളത്തോടെേ നായ്ക്കനാലിൽനിന്നു ആരംഭിക്കും. 12ന് ശ്രീമൂല സ്ഥാനത്ത് മേളം സമാപിച്ച ശേഷം ഉപചാരം ചൊല്ലലാണ്. തുടർന്ന് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളും. രാത്രി ഉത്രംവിളക്ക് ആചാരത്തോടെയാണ് കൊടിയിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.