പൂരത്തിനൊരുങ്ങി തൃശൂർ
text_fieldsതൃശൂർ: അവസാനവട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി പൂരത്തെ വരവേൽക്കാനൊരുങ്ങി തൃശൂർ. പഴുതടച്ച സുരക്ഷ സംവിധാനങ്ങളൊരുക്കി പരമാവധി ജനങ്ങൾക്ക് പൂരം കാണാനുള്ള അവസരം ഒരുക്കുകയാണ് ഭരണകൂടം. പൂരത്തിനായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ വിപുലമായ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ചേർന്നു.
നിയമപരിധിക്കകത്തുനിന്ന് പരമാവധി ജനക്കൾക്ക് പൂരം കാണാൻ അവസരം നൽകുന്നതോടൊപ്പം ജനങ്ങളോട് സൗഹാർദപരമായ സമീപനം പൊലീസ് സ്വീകരിക്കണമെന്നും മന്ത്രി കെ. രാജൻ നിർദേശിച്ചു. കുടിവെള്ളത്തോടൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അഗ്നിരക്ഷ സേനക്കും വെള്ളം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. പൂരം കാണാനെത്തുന്ന സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും പൊലീസ് പ്രത്യേക സംരക്ഷണം നൽകണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശിച്ചു.
ക്രമസമാധാനപാലനത്തിന് 4100 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽനിന്നും ബറ്റാലിയനുകളിൽനിന്നുമുള്ള പൊലീസുകാർ ശനിയാഴ്ച എത്തും. പൊലീസിനെ മേയ് ഒന്നുവരെ 22 സ്ഥലങ്ങളിലായി വിന്യസിക്കും. എൻ.ഡി.ആർ.എഫിൽനിന്ന് 39 സേനാംഗങ്ങളും ഉണ്ടാകും. സി.സി.ടി.വി കാമറ, പബ്ലിക് മെസേജ് സിസ്റ്റം തുടങ്ങിയവ സജ്ജീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 44 ആംബുലൻസ് ഒരുക്കിയിട്ടുണ്ട്. പൊലീസ് അനുമതിയോടെ ഇവക്കുള്ള സ്പോട്ട് തീരുമാനിക്കും.
വെടിക്കെട്ടിനോടനുബന്ധിച്ച് സമീപത്തുള്ള പെട്രോൾ പമ്പുകൾ കാലിയാക്കും. എട്ട് വാഹനങ്ങളും നാല് ആംബുലൻസും ഉൾപ്പെടെ 36 ഇടങ്ങളിൽ അഗ്നിരക്ഷ സേനയുടെ സേവനമുണ്ടാകും. സിവിൽ ഡിഫെൻസ് സേനയുടെ 200 വളന്റിയർമാർ 60 സ്പോട്ടിൽ ഉണ്ടാകും. മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കോർപറേഷനെയും കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തി. കുടിവെള്ള വിതരണത്തിന് കോർപറേഷൻ 100 ടാപ്പുകൾ സജ്ജമാക്കും.
65 ഇ-ടോയ്ലറ്റുകൾ സജ്ജമാക്കും. വനിത ബാരിക്കേഡിനടുത്ത് 10 ടോയ്ലറ്റുകളുണ്ടാകും. ഘടക പൂരങ്ങൾ എഴുന്നള്ളേണ്ട കൃത്യമായ സമയക്രമം അറിയിച്ചിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ആനകൾക്ക് വെള്ളം, ചികിത്സ തുടങ്ങിയവ ഉറപ്പാക്കി. ഭക്ഷ്യസുരക്ഷ നടപടി സ്വീകരിച്ചു. പൂരത്തിനുശേഷം നഗര ശുചീകരണത്തിന് 300 ജീവനക്കാരെ വിന്യസിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, കലക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.