നാടും നഗരവും നിറയും
text_fieldsതൃശൂർ: നേരം പുലരുംമുമ്പ് തീവെട്ടിയുടെ വെളിച്ചത്തിൽ കണിമംഗലം ശാസ്താവ് ആനപ്പുറമേറി വടക്കുംനാഥനെ കാണാൻ പുറപ്പെടും. നടപാണ്ടിയും നാദസ്വരവും അകമ്പടിയേകും. പോകപ്പോകെ ആനകളുടെയും മേളക്കാരുടെയും എണ്ണം കൂടും, പാണ്ടിമേളം മുറുകും. നെയ്തലക്കാവിലമ്മ പൂരവിളംബരമറിയിച്ച് തുറന്നിട്ട തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് മതിലകത്ത് പ്രവേശിച്ച് വടക്കുംനാഥ സവിധത്തിലെത്തി വണങ്ങി തിരിച്ചിറങ്ങുമ്പോൾ മേളം ഉച്ചസ്ഥായിയിലായിരിക്കും.
പടിഞ്ഞാറെ ഗോപുരം വഴി ശ്രീമൂലസ്ഥാനത്തേക്ക് തിരിച്ചിറങ്ങുമ്പോൾ തട്ടകത്തെ മറ്റു ദേവതകൾ ഓരോന്നായി വടക്കുംനാഥനെ കാണാൻ പല വഴികളിലൂടെ വരുകയാവും. പൂരങ്ങൾകൊണ്ട് നഗരം നിറയും. ഇന്നാണ് ആ ദിനം. വ്യാഴാഴ്ച കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തിയ എറണാകുളം ശിവകുമാർ പൂരവിളംബരമറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30നാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും. 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയാകും. ഗുരുവായൂർ നന്ദൻ പാറമേക്കാവിന്റെ തിടമ്പേറ്റും.
ഉച്ചക്ക് രണ്ടോടെയാണ് വടക്കുംനാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250ഓളം കലാകാരന്മാരുടെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. അഞ്ചിന് പാണ്ടിമേളം കൊട്ടി തെക്കോട്ടിറങ്ങും. കോർപറേഷനു മുന്നിലെ രാജാവിന്റെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. ആ സമയം തിരുവമ്പാടി ഭഗവതി ഗോപുരത്തിനു മുന്നിലെത്തും.
ആറോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴരയോടെ കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ശനിയാഴ്ച പുലർച്ച മൂന്നു മുതൽ അഞ്ചു വരെയാണ് വെടിക്കെട്ട്. ഉച്ചക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലും. നൂറോളം ആനകളുടെ ഫിറ്റ്നസ് പരിശോധന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വാദ്യനിരയിൽ പെൺപെരുമയും കുറുംകുഴൽ വാദനത്തിന് ശ്രീപ്രിയയും ഹൃദ്യയും
തൃശ്ശൂർ: തൃശൂർ പൂരത്തിന്റെ വാദ്യനിരയിൽ ഇനി പെൺപെരുമയും. പുരുഷൻമാർ മാത്രം ഉണ്ടായിരുന്ന വാദ്യനിരയിലേക്കാണ് ചരിത്രത്തിന്റെ ഭാഗമായി പെൺസംഘം കടന്നുവരുന്നത്. പനമുക്കുംപ്പിള്ളി ശാസ്താവിന്റെ മേളത്തിനാണ് മുളങ്കുന്നത്തുകാവ് സ്വദേശി ശ്രീപിയയും (24) താണിക്കുടം സ്വദേശി ഹൃദ്യയും (23) കുറുംകുഴലിൽ അണിനിരക്കുന്നത്.
പട്ടിക്കാട് അജിയുടെ ശിക്ഷണത്തിൽ പരിശീലിച്ച ഇരുവരും ഇതിനോടകം എതാനും ക്ഷേത്രങ്ങളിൽ മേളത്തിൽ പങ്കെടുത്തിരുന്നു. ആദ്യമായാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേള പ്രമാണിയായ നിധിന്റെ നേതൃത്വത്തിലാണ് പനമുക്കുംപിള്ളിയുടെ മേളം.
കുസാറ്റിൽ എം.ബി.എ അവസാനവർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് ശ്രീപ്രിയ കുഴൽ വാദനത്തിലേക്ക് കടക്കുന്നത്. അഞ്ചാം വയസ്സുമുതൽ ചെണ്ടയിൽ പഠനം തുടങ്ങിയ ശ്രീപ്രിയ മേളത്തിലും തായമ്പകയിലും അരങ്ങേറ്റം നടത്തി. ഇതിന് പുറമേ വയലിനും ശാസ്ത്രീയസംഗീതവും പഠിച്ചിട്ടുണ്ട്.
കല്ലാറ്റ് ശിവശങ്കരന്റെയും ശ്രീകല മണക്കുളത്തിന്റെയും മകളാണ് ശ്രീപ്രിയ. മുത്തച്ഛൻ കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പ് പാറമേക്കാവ് കോമരമായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണക്കായി കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പ് സ്മാരക വാദ്യസംഗീത പഠനകേന്ദ്രം സ്ഥാപിച്ചു.
താണിക്കുടം കുറിച്ചിക്കര കോഴിപ്പറമ്പിൽ കെ.എസ്. സുധീഷിന്റെയും സിന്ധുവിന്റെയും മകളാണ് ഹൃദ്യ. മൂന്നുവർഷമായി കുഴൽവാദനം പരിശീലിക്കുന്നുണ്ട്. ഗിത്താറും ശാസ്ത്രീയസംഗീതവും പഠിച്ചിട്ടുണ്ട്. സെന്റ് തോമസ് കോളജിൽ പി.ജി പൂർത്തിയാക്കിയശേഷം എം.ബി.എ പഠനത്തിലാണ്. പനമുക്കുംപിള്ളിയിൽ ഹൃദ്യക്ക് കൂട്ടായി കുറുംകുഴലിൽ സുധീഷും ഒപ്പമുണ്ട്. ഗുരു അജി പാറമേക്കാവ് വിഭാഗത്തിലാണ്. 33 വർഷമായി പൂരത്തിൽ പങ്കെടുത്ത് വരുന്നു.
പാറമേക്കാവിന് വർണക്കൂടൊരുക്കാൻ വസന്തൻ
തൃശൂര്‍: ദൃശ്യ, വർണ, ശബ്ദ വിസ്മയമാണ് തൃശൂർ പൂരം. വലിയ വിഭാഗവും പൂരത്തിന്റെ ഓരോ അണുവും ആസ്വദിക്കുന്നവരാണ്. എന്നാൽ, ഇതിനിടയിലും ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനും വെടിക്കെട്ടിനും പ്രത്യേക ആസ്വാദക വൃന്ദവുമുണ്ട്. പൂരത്തെ ദൃശ്യവിസ്മയമാക്കുന്നതില്‍ ഏറ്റവും പ്രധാനം കുടമാറ്റമാണ്.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. മുപ്പതുകൊല്ലത്തിലേറെയായി പാറമേക്കാവ് വിഭാഗത്തിന്റെ കോലം, കുട, നെറ്റിപ്പട്ടം, കച്ചക്കയര്‍, മണിക്കൂട്ടം എന്നിവയുടെ തുന്നല്‍പ്പണികള്‍ നിര്‍വഹിക്കുന്നത് കുന്നത്തങ്ങാടി വസന്തനാണ്. വസന്തന്റെ അച്ഛന് കുട്ടപ്പനും അച്ഛന്റെ അച്ഛന് ശങ്കുണ്ണിയും പാറമേക്കാവിലെ തുന്നല്പ്പണിക്കാരായിരുന്നു.
അവരില്‍നിന്നാണ് വസന്തന് തുന്നല്‍പ്പണികള്‍ അഭ്യസിച്ചത്. അരിമ്പൂര്‍ ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം 1979 മുതലാണ് തുന്നല്‍പ്പണികളില്‍ വസന്തന് സജീവമായത്. നെറ്റിപ്പട്ടങ്ങളുടെ തുന്നല്‍ജോലി, കുടകളുടെ തുന്നല്‍ജോലി, അലുക്ക് പിടിപ്പിക്കല്‍, കോലത്തിന്റെ പൂക്കള്‍ തുന്നിപ്പിടിപ്പിക്കല്‍, ആനകളുടെ കയര്‍, മണിക്കൂട്ടം എന്നിവയാണ് വസന്തനും സംഘവും നിര്‍വഹിക്കുക.
തൃശൂര്‍ പൂരത്തിനാണ് എല്ലാ വര്‍ഷവും പുതിയ ചമയങ്ങള്‍ നിര്‍മിക്കുക. ഒരു കുടക്ക് മൂന്ന് മീറ്റര്‍ തുണി ആവശ്യമാണ്. അത്രതന്നെ ഉള്ത്തുണിയും ആവശ്യമാണ്. ഇത്തരത്തിലുള്ള പണികള്‍ 1994 മുതല്‍ വസന്തനാണ് പാറമേക്കാവില്‍ ചെയ്തുവരുന്നത്.
തലമുറകളായി തുന്നല്‍പ്പണി ചെയ്തുവരുന്ന വസന്തന്റെ കുടുംബം പാറമേക്കാവിനെ കൂടാതെ കൊച്ചിന് ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ എന്നിവിടങ്ങളിലും തുന്നല്‍പ്പണികള്‍ ചെയ്തുവരുന്നുണ്ട്. പാറമേക്കാവ് ദേവസ്വം സുവര്‍ണഹാരം, ഊരകം ക്ഷേത്രത്തില്‍നിന്ന് വലയാധീശ്വരി സുവര്‍ണമുദ്ര എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും വസന്തന് ലഭിച്ചിട്ടുണ്ട്.
സുരക്ഷക്ക് 3500 പൊലീസുകാർ; ഡ്രോൺ പറത്തിയാൽ നിർവീര്യമാക്കാൻ ആൻറി ഡ്രോൺ സിസ്റ്റം
തൃശൂർ: തൃശൂർ പൂരത്തിന്റെ സുരക്ഷക്കായി ഇക്കുറി അണിനിരക്കുക 3500 പൊലീസുകാർ. 30 ഡിവൈ.എസ്.പിമാരും 60 സി.ഐമാരും 300 സബ് ഇൻസ്പെക്ടർമാരും 3000 സിവിൽ പൊലീസ് ഓഫിസർമാരും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാനായി 200 വനിത പൊലീസ് ഉദ്യോഗസ്ഥരുമാണ് സുരക്ഷക്കായി അണിനിരക്കുന്നത്.
എക്സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം, തിരുവമ്പാടി പൂരം, ചെറു പൂരങ്ങൾ, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന വിഭാഗങ്ങളിലാണ് കൂടുതൽ സുരക്ഷ വിന്യാസം ഉണ്ടാകുക. കൂടാതെ, സ്ട്രൈക്കർ, പിക്കറ്റ്, പട്രോളിങ് എന്നിവക്കും പുറമെ കൺട്രോൾ റൂം, മിനി കൺട്രോൾ റൂം എന്നിവിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്.
മാത്രമല്ല, ഷാഡോ പൊലീസ്, ആൻറി സബോഡിയേറ്റ് ചെക്കിങ് വിഭാഗം, തണ്ടർ ബോൾട്ട്, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നീ സുരക്ഷ സന്നാഹങ്ങളും പൂരനഗരിയിലുണ്ടാകും. പൂരനഗരിക്ക് മൂന്ന് കിലോമീറ്ററിനുള്ളിൽ ഡ്രോൺ പറത്തുന്നത് കണ്ടെത്തി നിർവീര്യമാക്കുന്നതിനുള്ള ആൻറി ഡ്രോൺ സിസ്റ്റവും മൊബൈൽ ബാഗേജ് സ്കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിരന്തര നിരീക്ഷണത്തിലുണ്ടാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.