ഇനി എല്ലാ ആഴ്ചയും തൃശൂർ പൂരം
text_fieldsതൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ആലോചന യോഗം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയാറാക്കിയ സാമ്പിള്‍ വിഡിയോ പ്രദര്‍ശിപ്പിച്ചു.
വര്‍ഷവും ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന പൂരത്തിന്റെ അനുഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്ഥിരമായി ആസ്വദിക്കാനുള്ള അവസരമാണ് പൂരം ലേസര്‍ ഷോയിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ശനിയാഴ്ചകളിലും ഷോ നടത്താനാണ് പദ്ധതി.
10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉള്‍പ്പെടെ കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള എല്ലാ ചടങ്ങുകളും ലേസര്‍ഷോയിലൂടെ പുനര്‍ജനിക്കും. പൂരത്തിന്റെയും വടക്കും നാഥന് ക്ഷേത്രത്തിന്റെയും ചരിത്രവും ഉള്‍പ്പെടുത്തും.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ലേസര്‍ ഷോ തയാറാക്കുക. മൂന്നര കോടി രൂപയോളം ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക.
പദ്ധതിക്കുള്ള എല്ലാവിധ സഹായവും പന്തുണയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലേസര്ഷോക്കായി ഏതെങ്കിലും രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ സ്ഥിരം സംവിധാനങ്ങളോ ആവശ്യമില്ലെന്ന് കലക്ടര്‍ അറിയിച്ചു.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും യോഗത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തു. നാലുമാസത്തിനകം ഷോ ആരംഭിക്കാനാണ് പദ്ധതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം.കെ. വര്‍ഗീസ്, കലക്ടര്‍ വി.ആര്. കൃഷ്ണ തേജ, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്ശന്, അംഗങ്ങളായ എം.ബി. മുരളീധരന്, പ്രേംരാജ് ചൂണ്ടലാത്ത്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി.
ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന്, സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ടൂറിസം ഡി.ഡി. സുബൈര്‍ കുട്ടി, ഡി.ടി.പി.സി സെക്രട്ടറി ഡോ. ജോബി ജോര്‍ജ്, സില്‍ക്ക് എം.ഡി ടി.ജി ഉല്ലാസ് കുമാര്‍, മറ്റു ദേവസ്വം ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, സില്‍ക്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.