പൂരം പൊടി പൂരം: എങ്ങും ആവേശാരവം
text_fieldsതൃശൂര്‍: മേളംകൊണ്ട്, ആസ്വാദനംകൊണ്ട്, ആവേശംകൊണ്ട്, ലഹരികൊണ്ട്, സന്തോഷംകൊണ്ട് തൃശൂർ പകരം വീട്ടുന്ന കാഴ്ചയാണ് പൂരനഗരിയിൽ കണ്ടത്. രണ്ട് വർഷമായി അടക്കിപ്പിടിച്ച ആവേശാരവം കുടമാറ്റത്തിന്റെ അവസാനത്തിൽ പെയ്ത മഴയെപോലും കണക്കിലെടുക്കാതെ അലകടലായി. ഘടകപൂരങ്ങളിലും മഠത്തിൽ വരവിലും പുറപ്പാടിലും ഇലഞ്ഞിത്തറയിലും കുടമാറ്റത്തിലും വെടിക്കെട്ടിലും മാത്രമല്ല, നടവഴികളിലും കൂടിക്കാഴ്ചകളിലുമെല്ലാം പൂരമായിരുന്നു.
പൊലീസിന്റെയും ജില്ല ഭരണകൂടത്തിന്റെയും ക്രമീകരണങ്ങൾക്ക് അപ്പുറമായതിരുന്നു പൂരപ്രേമികളുടെ കുത്തൊഴുക്ക്. പുലർച്ച പെയ്ത മഴ ആശങ്കയുണ്ടാക്കിയെങ്കിലും വിടവാങ്ങി. പക്ഷേ മാനം വെളുക്കാൻ കൂട്ടാക്കിയിരുന്നില്ല. വെയിലും മഞ്ഞും മഴയുമേൽക്കാതെയെത്തുന്നെന്ന സങ്കൽപം തിരുത്തി ചാറ്റൽമഴ കൊണ്ടാണ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്കെത്തിയത്.
ഏഴരയോടെ എട്ട് ആനയുടെ അകമ്പടിയോടെ എത്തിയ കണിമംഗലം ശാസ്താവ് എട്ടരയോടെ മേളം കലാശിച്ചുവെങ്കിലും ഒമ്പതോടെയാണ് മടങ്ങിയത്. പിന്നാലെ ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവതകൾ ക്ഷേത്രത്തിലെത്തി വടക്കുന്നാഥനെ വണങ്ങിയിറങ്ങി. ഘടകപൂരങ്ങളുടെ ശ്രീമൂലസ്ഥാനത്തെ മേളം കൊട്ടിക്കയറ്റം വേറൊരു പൂരലോകമാണ് ഒരുക്കിയത്. പതിനൊന്നരയോടെ മഠത്തിന് മുന്നിൽ കോങ്ങാട് മധു പതികാലത്തിൽ തിമിലയിൽ താളമിട്ടു. താളവട്ടങ്ങൾ മുറുകി ആൽമരത്തണലിൽ വാദ്യകലകാരന്മാരുടെ വിരുന്നൂട്ടിനെ ആസ്വാദകർ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. ഇതിനകം പൂരനഗരി ജനസാഗരമായിക്കഴിഞ്ഞിരുന്നു. നടുവിലാലിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംന്നാഥനിലേക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ ഭഗവതി എഴുന്നള്ളി. 12ഓടെ പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത് പ്രൗഢമായിരുന്നു. ക്ഷേത്രത്തിന് മുന്നിൽ നിരന്ന ആനകൾക്ക് മുന്നിൽ പിന്നെ മേളപ്പെരുമഴ. ചെറിയ കുടമാറ്റം. ആർത്തുവിളിച്ച് ജനക്കൂട്ടം. സമയം നീങ്ങിയത് അറിഞ്ഞില്ല, മേളം കാലഭേദങ്ങൾ കടന്നുപോയതോടെ മേളവും നീളമേറി. പിന്നീട് തേക്കിൻകാട്ടിലൂടെ പാണ്ടിമേളത്തിന്റെ ചെമ്പട താളത്തിൽ എത്തുന്ന ഭഗവതിക്ക് 15 ആന അകമ്പടി. പക്ഷേ മേളം മുറുകിയതിനൊപ്പം ആസ്വാദകരും ചേർന്നതോടെ സമയം വൈകി. 2.10ന് തുടങ്ങേണ്ട പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കേണ്ട ഇലഞ്ഞിത്തറ മേളം പതിവ് സമയവും കടന്നതോടെ കാത്തിരുന്നവരുടെ ക്ഷമകെടുന്ന നിലയിലെത്തിയപ്പോഴേക്കും പെരുവനവും സംഘവും നിരന്നു. തുടർന്നുള്ള രണ്ടേകാൽ മണിക്കൂർ മേളക്കമ്പക്കാർ ഇളകിമറിഞ്ഞു. വൈകീട്ട് അഞ്ചോടെ മേളം കലാശിച്ച് തെക്കോട്ടിറങ്ങി. ഈ സമയത്ത് ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ കാലം പൂർത്തിയാക്കി. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും തെക്കോട്ടിറങ്ങി.
കുടമാറ്റത്തിൽ ഇരുവിഭാഗവും വിസ്മയങ്ങൾ മാറ്റി മത്സരിക്കുമ്പോൾ ആൾക്കടൽ ഇരമ്പിയാർത്തു. അവസാന നിമിഷങ്ങളിൽ പെയ്ത മഴയിലും ജനതയുടെ ആവേശം ചോർന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും പൂരവും കുടമാറ്റവും സുരക്ഷിതമായി കാണാൻ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. കുടമാറ്റക്കാഴ്ചകൾ പൂർത്തിയാക്കി ആനകൾക്കൊപ്പം ആളുകളും പിരിഞ്ഞു. പുലര്‍ച്ച ആകാശപ്പൂരത്തിനായുള്ള കാത്തിരിപ്പ്. ഘടകപൂരങ്ങളുടെ ആവർത്തനം, അർധരാത്രി പാറമേക്കാവിന്റെ പഞ്ചവാദ്യം. ബുധനാഴ്ച പകല്‍പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും. നാലായിരത്തോളം പൊലീസുകാരാണ് സുരക്ഷക്കുള്ളത്. അതിസുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലയായി വിഭജിച്ചാണ് നിയന്ത്രണം. സി.സി ടി.വി കാമറകൾ അടക്കം സജ്ജീകരിച്ച് പൊലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലാണ് നഗരം.
'കഥ' തിരുത്തി കണിമംഗലം ശാസ്താവിന്റെ വരവ്
തൃശൂർ: പറഞ്ഞും കേട്ടും പരിചയപ്പെട്ട കഥകൾ തിരുത്തി ഇടവേളയിട്ടെത്തിയ പൂരം. വെയിലും മഞ്ഞും മഴയുമേൽക്കാതിരിക്കാൻ പുലരും മുമ്പേ ആദ്യമെത്തുന്ന ദേവതയാണ് കണിമംഗലം ശാസ്താവെന്നാണ് സങ്കൽപം. എന്നാൽ, ഇക്കുറി ചാറ്റൽമഴ കൊണ്ടാണ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തിയത്. തിങ്കളാഴ്ച കണിമംഗലത്തുനിന്ന് പുറപ്പെട്ട് നഗരത്തിൽ കുളശ്ശേരി ക്ഷേത്രത്തിൽ വിശ്രമിക്കുന്ന ശാസ്താവ് പൂരനാളിൽ പുലർച്ചയാണ് വടക്കുന്നാഥനിലേക്ക് പുറപ്പെടുക. രാത്രി രണ്ട് തവണയായി മഴ പെയ്തതോടെ ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും പുലരും മുമ്പേ മഴയൊഴിഞ്ഞ ആശ്വാസത്തിലായിരുന്നു. എഴുന്നള്ളിപ്പ് വടക്കുന്നാഥനിലേക്ക് കയറുന്നതോടെയായിരുന്നു പിന്നെ മഴ പെയ്തത്. ചാറ്റൽ മഴക്ക് പിന്നാലെ ആന ഇടയുകയും ചെയ്തു. തലേ ദിവസം നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേ ഗോപുര വാതിലിലൂടെയാണ് കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കുന്നത്. ശാസ്ത ക്ഷേത്രമാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയാണ് പ്രതിഷ്ഠ എന്നാണ് വിശ്വാസം. പൂരനാളിൽ ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയത് പൂരം രൂപകൽപന ചെയ്ത ശക്തൻ തമ്പുരാനാണ്. ദേവഗുരുവായതിനാൽ വടക്കുന്നാഥനെ വണങ്ങുകയോ പ്രദക്ഷിണം വെയ്ക്കുകയോ ചെയ്യാത്ത ഏക ഘടകപൂരമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഹൃദ്യം, ഭക്ത്യാദരം; തിരുവമ്പാടിയുടെ മഠത്തിൽ വരവ്
തൃശൂര്‍: ഹൃദ്യവും ഭക്ത്യാദരവോടെയുമായിരുന്നു തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ്. തിരുവമ്പാടി കണ്ണനാണ് ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്കിറങ്ങിയത്. യാത്രയാക്കാനെത്തിയ പൂരപ്രേമികളും തട്ടകവാസികളും ഭഗവതിയെ പുഷ്പവൃഷ്ടി നടത്തി ആര്‍പ്പും ആരവവുമായി വരവേറ്റു. വരടിയം ജയറാമും കീഴൂട്ട് വിശ്വനാഥനും കൂട്ടാനകളായി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തില്‍ നടപ്പാണ്ടിയോടെ ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാല്‍ പന്തലിലെത്തിയപ്പോള്‍ ആചാരവെടി മുഴങ്ങി. നായ്ക്കനാലില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് നടുവിലാല്‍ വഴി ബ്രഹ്മസ്വം മഠത്തിലേക്കെത്തിയപ്പോൾ ചരിത്രത്തിന്റെ മുടക്കമില്ലാത്ത ആവര്‍ത്തനമായി അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.