വാദ്യാമൃതം മഠത്തിൽ വരവ്...
text_fieldsതൃശൂർ: തിമിലയും കൊമ്പും മദ്ദളവും ഇലത്താളവും കൊട്ടിപ്പകർന്ന് മഠത്തിൽ വരവ് പഞ്ചവാദ്യം. തെക്കേമഠവും പുരുഷാരവും പഞ്ചവാദ്യത്തിൽ അലിഞ്ഞുചേർന്നു. മണിക്കൂറുകൾ നീണ്ട വാദ്യഘോഷത്തിൽ ആസ്വാദകരുടെ മനം നിറച്ച് കോങ്ങോട് മധുവും സംഘവും മഠത്തിൽ വരവിലെ വാദ്യപ്രമാണം വേറിട്ടതാക്കി. ആലിലത്തണലിൽ മണിക്കൂറുകൾക്കു മുമ്പേ അക്ഷമയോടെ കാത്തുനിന്ന കഴിഞ്ഞവർഷങ്ങളിലെ നഷ്ടം നികത്താനെത്തിയ മേളാസ്വാദകരെ പഠിച്ചെടുത്ത കരവിരുതുകൾ പുറത്തെടുത്ത് കോങ്ങാട് വിസ്മയിപ്പിച്ചു. എഴുപതോളം പേർ അടങ്ങിയ പഞ്ചവാദ്യസംഘം ഒരുക്കിയ അവിസ്മരണീയ മേളത്തിൽ ആലിലകൾപോലും താളമിട്ടു. ചെർപ്പുളശ്ശേരി ശിവൻ മദ്ദളത്തിലും തിച്ചൂർ മോഹനൻ ഇടക്കയിലും മഠത്തിലാത്ത് മണികണ്ഠൻ കൊമ്പിലും ചേലക്കര സൂര്യനാരായണൻ താളത്തിലും പ്രമാണം വഹിച്ചു. തിമിലയിൽ കാലം തുടങ്ങിയതോടെ ജനാരവം ഉച്ചിയിലെത്തി.
രാവിലെ ഏഴരയോടെ തിരുവമ്പാടിയില്‍നിന്ന് മഠത്തിലേക്ക്, നടപാണ്ടിയുടെ അകമ്പടിയോടെ മൂന്നാനയുമായി ഉണ്ണിക്കണ്ണന്റെ കോലത്തിലാണ് ഭഗവതിയെഴുന്നള്ളിയത്. 10.15ന് നടുവില്‍ മഠത്തില്‍ ഉപചാരങ്ങളോടെ ആനയിച്ച് ബ്രഹ്മസ്വം മഠത്തിലെ വടക്കിനിയില്‍ ഭഗവതിക്ക് വേദാര്‍ച്ചനയും ഇറക്കിപൂജയും. ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി മഠത്തില്‍നിന്ന് പാണികൊട്ടിന്റെ താളമുയര്‍ന്നു. സ്വര്‍ണത്തലക്കെട്ടോടെ ഭഗവതി പ്രൗഢിയിൽ എഴുന്നള്ളിയതോടെ മഠത്തിന് മുന്നിലെ ആള്‍ക്കടൽ ആരവമുതിര്‍ത്തു. മൂന്നാനയോടെ ഭഗവതി പന്തലിലെത്തിയതോടെ പഞ്ചവാദ്യം കൊട്ടിക്കയറി. പഞ്ചവാദ്യം സ്വരാജ് റൗണ്ടിലേക്ക് കയറിയപ്പോൾ ഭഗവതിക്ക് അകമ്പടിയായി ആന ഏഴായി. നടുവിലാലിലും സി.എം.എസിന് മുന്നിലും കൂട്ടിക്കൊട്ടലുകൾ കഴിഞ്ഞ് നായ്ക്കനാലിൽ എത്തിയപ്പോഴേക്കും ആസ്വാദകരുടെ ആരവം നിലക്കാത്ത പ്രവാഹമായി. കാലങ്ങൾ കൊട്ടിക്കയറുന്നതിനനുസരിച്ച് അലകടലായി ആവേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.