ഇനി പൂരാവേശം
text_fieldsതൃശൂർ: തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന തൃശൂർ പൂരം പ്രദർശനത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. 61ാമത്തെ പ്രദർശനമാണിത്. മേയ് 22 വരെയാണ് പ്രദർശനം. തേക്കിൻകാട് മൈതാനത്ത് വടക്കുകിഴക്ക് ഭാഗത്ത് ഒരുക്കുന്ന പ്രദർശനം വൈകീട്ട് അഞ്ചിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
180ൽപരം സ്റ്റാളുകളും 70ലധികം പവലിയനുകളും ഒരുക്കുന്നുണ്ട്. റോബോട്ടിക്സ് അനിമൽസ് പ്രദർശനം, സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. പൊടിശല്യം ഒഴിവാക്കാൻ സ്റ്റാളുകളും വഴിയും പ്ലാറ്റ്ഫോമടിച്ച് കാർപറ്റ് വിരിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടിയുമുണ്ട്.
സാധാരണ ദിവസങ്ങളിൽ പ്രവേശന ടിക്കറ്റിന് ജി.എസ്.ടി ഉൾപ്പെടെ 35 രൂപയും പൂരത്തിന്റെ മൂന്ന് ദിവസങ്ങളിൽ 50 രൂപയുമാണ് നിരക്ക്. പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ. രാമകൃഷ്ണൻ, സെക്രട്ടറി പി.എ. വിപിനൻ, ട്രഷറർ എം. അനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചിൻ ദേവസ്വം ബോർഡ് പിടിവാശി തുടരുന്നു -പൂരം പ്രദർശന കമ്മിറ്റി
തൃശൂർ: പൂരം പ്രദർശന നഗരിയുടെ തറവാടക സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി ഇടപെട്ട് തൽക്കാലം പഴയ സ്ഥിതിയിൽ മുന്നോട്ട് പോകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും അതേസമയം കൊച്ചിൻ ദേവസ്വം ബോർഡ് പിടിവാശി തുടരുകയാണെന്നും പ്രദർശന കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
സർക്കാർ നിലപാട് ദേവസ്വങ്ങൾക്കൊപ്പമാണ്. എന്നാൽ, ഹൈകോടതി സ്വമേധയാ എടുത്ത കേസായതിനാൽ പരിമിതികളുണ്ട്. സർക്കാറിന് വേണമെങ്കിൽ ബോർഡിനെക്കൊണ്ട് നിലപാട് മാറ്റിക്കാം. കോടതിയിൽ ഏതാണ്ട് എല്ലാ ആഴ്ചയും കേസ് പരിഗണനക്ക് വരികയും മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ദേവസ്വം ബോർഡ് പുതിയ കടലാസുകൾ കൊടുക്കുകയാണ്.
പതിവുപോലെ ഓരോ വർഷവും തറവാടക നിരക്കിൽ ആറ്-ഏഴ് ശതമാനം വർധന വരുത്താൻ ദേവസ്വങ്ങൾ തയാറാണ്. ബോർഡ് ആവശ്യപ്പെടുന്നതു പോലെ രണ്ടേകാൽ കോടി രൂപ കൊടുക്കേണ്ടി വന്നാൽ പ്രദർശനം ഉപേക്ഷിക്കേണ്ടി വരും. അതോടെ, അതിൽനിന്നുള്ള വരുമാനംകൊണ്ട് നടത്തുന്ന പൂരത്തിലെ പല കാര്യങ്ങളും നിലക്കും. വിദേശ വിനോദ സഞ്ചാരികൾക്ക് കുടമാറ്റം കാണാൻ തെക്കേ ഗോപുരനടയിൽ ഒരുക്കുന്ന പവലിയൻ, ആനകൾക്കും മറ്റും വേണ്ടി വരുന്ന ചെലവ് തുടങ്ങി എല്ലാം വഹിക്കേണ്ടത് പ്രദർശന കമ്മിറ്റിയാണ്.
ഘടക പൂരങ്ങൾക്കും പണം നൽകുന്നുണ്ട്. ആനകൾക്ക് വൻതുക ഏക്കം നൽകണം. രണ്ടര കോടിയോളം രൂപ വീതമാണ് ഇരു ദേവസ്വവും കണ്ടെത്തെണ്ടത്. ഇതിന്റെ പ്രധാന ഉറവിടം പ്രദർശനമാണ്. അത് നിലച്ചാൽ പൂരത്തിന്റെ ആഘോഷം ഇല്ലാതാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വി.ഐ.പി പവലിയൻ വേണ്ട; എഴുന്നള്ളിപ്പ് തടയുന്ന രീതിയിൽ ബാരിക്കേഡ് പാടില്ല
കുടമാറ്റം നടക്കുന്ന തെക്കെ ഗോപുരനടയിൽ പതിനായിരക്കണക്കിന് കാണികളുടെ കാഴ്ചമറക്കുന്ന വിധത്തിൽ വി.ഐ.പികൾക്ക് വേണ്ടി നിർമിക്കുന്ന പവലിയൻ ഒഴിവാക്കണമെന്ന് പ്രദർശന കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം പൂരവുമായി ബന്ധപ്പെട്ട ആദ്യ യോഗത്തിൽതന്നെ ഉന്നയിച്ചിട്ടുണ്ട്. പൂരം എഴുന്നള്ളത്തുകൾ തടയുന്ന വിധത്തിൽ പൊലീസ് ബാരിക്കേഡ് നിർമിച്ച കഴിഞ്ഞ തവണത്തെ രീതി ഇത്തവണ ഒഴിവാക്കണം.
കഴിഞ്ഞ തവണ പുലർച്ചെ വെടിക്കെട്ട് കണക്കാക്കി നേരത്തെ ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ എഴുന്നള്ളത്തുകൾക്ക് പ്രയാസമുണ്ടായി. വെടിക്കെട്ട് കാണാൻ 100 മീറ്റർ അകലമെന്ന നിബന്ധനയിൽ ഇളവ് വരുത്തണം.
പാറമേക്കാവിന്റെ ആനകളെ മൈതാനത്തേക്ക് കയറ്റി നിർത്തും
കുടമാറ്റം സമയത്ത് തിരുവമ്പാടി വിഭാഗത്തിന് മുഖാമുഖം നിൽക്കുന്ന പാറമേക്കാവിന്റെ ആനകളെ സ്വരാജ് റൗണ്ടിൽനിന്ന് തേക്കിൻകാട് മൈതാനത്തിലേക്ക് കയറ്റി നിർത്തുമെന്ന് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഈ ഭാഗത്തെ സുരക്ഷ ക്രമീകരണത്തിലെ അപര്യാപ്തതയാണ് കാരണം.
ആംബുലൻസുകൾ റൗണ്ടിൽ പ്രവേശിപ്പിക്കരുത്
കുടമാറ്റം കാണാനും മറ്റുമായി ജനങ്ങൾ സ്വരാജ് റൗണ്ടിലും മറ്റുമായി തിങ്ങിക്കൂടുന്ന സമയത്ത് റൗണ്ടിലൂടെ രോഗിയുമായി ആംബുലൻസുകൾ പോകുന്നത് ഒഴിവാക്കണം. ആംബുലൻസുകൾ റൗണ്ടിൽ പ്രവേശിക്കേണ്ട ആവശ്യം വരാത്ത വിധം ആരോഗ്യ വകുപ്പ് ആശുപത്രി ക്രമീകരണം നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.