തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; കാണികൾക്ക് അനുമതി 100 മീറ്റർ ദൂരത്തിൽ മാത്രം
text_fieldsതൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിപ്പ്. വൈകീട്ട് മൂന്ന് മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരുതരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് കമീഷണർ അറിയിച്ചു.
വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽനിന്ന് 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂ. അതിനാൽ സ്വരാജ് റൗണ്ടിൽ, നെഹ്റുപാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജങ്ഷൻ, ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചു. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയ പൊലീസ് നഗരത്തിലെ 124 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പുറത്തുവിട്ടു.
വെടിക്കെട്ട് കാണാൻ തൃശൂർ നഗരത്തിലേക്ക് വരുന്നവർ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാർക്കിങ് ഗ്രൗണ്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പൊലീസ് സേവനവും ലഭിക്കും. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമീഷണറുടെ കീഴിൽ, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് ടീമും സുരക്ഷ പട്രോളിങ്ങിലുണ്ട്. തൃശൂർ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലെയിൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ ഒരു തടസ്സങ്ങളും അനുവദിക്കില്ല.
ഗതാഗത ക്രമീകരണം
പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവിസ് നടത്തുന്ന ബസുകൾ ബിഷപ് പാലസ് വഴി വടക്കേ സ്റ്റാൻഡിലേക്ക് എത്തണം. ചേലക്കര, ഷൊർണൂർ, വടക്കാഞ്ചേരി, മെഡിക്കൽ കോളജ്, ചേറൂർ തുടങ്ങിയ ബസുകൾ വടക്കേ സ്റ്റാൻഡ് വരെ മാത്രമേ സർവിസ് നടത്താവൂ. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ ബസുകൾ പടിഞ്ഞാറേകോട്ടയിലുള്ള താൽക്കാലിക ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച്, അയ്യന്തോൾ വഴി തിരികെ സർവിസ് നടത്തണം.
വാടാനപ്പള്ളി, കാഞ്ഞാണി ബസുകൾ പടിഞ്ഞാറേകോട്ടയിൽ സർവിസ് അവസാനിപ്പിക്കണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ബസുകൾ ബാല്യ ജങ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ബസുകൾ മുണ്ടുപാലം ജങ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ ഭാര വാഹനങ്ങൾ ഒഴികെയുള്ളവ മുണ്ടൂർ, കൊട്ടേക്കാട്, വിയ്യൂർ പാലം, പൊങ്ങണംക്കാട്, ചിറക്കോട്, മുടിക്കോട് വഴി പോകാവുന്നതാണ്.
കെ.എസ്.ആർ.ടി.സി സർവിസുകൾ
ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സർവിസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകണം. കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിൽനിന്നും വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണം. ഓർഡിനറി കെ.എസ്.ആർ.ടി.സി ബസുകൾ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം.
പാർക്കിങ് കേന്ദ്രങ്ങൾ
പറവട്ടാനി ഗ്രൗണ്ട്, തോപ്പ് സ്കൂൾ ഗ്രൗണ്ട്, പള്ളിക്കുളം ഗ്രൗണ്ട്, ശക്തൻ കോർപറേഷൻ ഗ്രൗണ്ട്, ഇക്കണ്ടവാര്യർ റോഡ് ആലുക്കാസ് പാർക്കിങ് ഗ്രൗണ്ട്, കുറുപ്പം റോഡ് പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ജോയ് ആലുക്കാസ് ഗ്രൗണ്ട് (പഴയ സപ്ന തിയറ്റർ), നേതാജി ഗ്രൗണ്ട് അരണാട്ടുകര, കൊച്ചിൻ ദേവസ്വം ബോർഡ് പള്ളിത്താമം പാർക്കിങ് ഗ്രൗണ്ട്, അക്വാട്ടിക് കോംപ്ലക്സിന് സമീപം താൽക്കാലിക ബസ് സ്റ്റാൻഡ് ഗ്രൗണ്ട്.
ജനറൽ ആശുപത്രി അത്യാഹിത വിഭാഗം സജ്ജം
തൃശൂർ: പൂരത്തിന്‍റെ ആദ്യത്തെ കാഷ്വാലിറ്റിയായ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രി പൂര്‍ണതോതില്‍ സജ്ജമായി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് അപകടങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാല്‍ ആദ്യത്തെ കാഷ്വാലിറ്റിയായി കണക്കാക്കിയിട്ടുള്ള തൃശൂര്‍ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിന് മേയര്‍ എം.കെ. വര്‍ഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്‍ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
കാഷ്വാലിറ്റിയില്‍ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, അത്യാഹിത വിഭാഗത്തില്‍ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികള്‍, കുടിവെള്ള സൗകര്യം, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെ സജ്ജമാണ്. മേയ് 10, 11 ദിവസങ്ങളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മറ്റു സ്പെഷാലിറ്റി ഒ.പികള്‍ ഒന്നും ഉണ്ടാവില്ല. ഈ ദിവസങ്ങളില്‍ 100 ശതമാനം ജീവനക്കാരും ആശുപത്രിയില്‍ ഹാജരുണ്ടായിരിക്കും. സെക്യൂരിറ്റി മുതല്‍ സൂപ്രണ്ട് വരെയുള്ള എല്ലാ ജീവനക്കാരും ഇതിനായി സജ്ജമായിട്ടുണ്ടെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു.
എമർജൻസി ടെലിഫോൺ നമ്പറുകൾ
തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193
തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2424192
തൃശൂർ ട്രാഫിക് പൊലീസ് യൂനിറ്റ്: 0487 2445259
പൂര വിളംബരത്തിനും ഉപചാരത്തിനും ശിവകുമാർ തിടമ്പേറ്റാൻ പത്മനാഭനും ചന്ദ്രശേഖരനും
തൃശൂർ: രണ്ടുവർഷം കഴിഞ്ഞ് ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് പുതുമകളേറെയാണ്. അതിൽ പ്രധാനപ്പെട്ടതാണ് തിടമ്പേറ്റുന്നതിലെ നിയോഗം. ഇതാദ്യമായി പൂരവിളംബരത്തിനും ഉപചാരത്തിനും തിടമ്പേറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറിനാണ് ആ നിയോഗം. മുൻകാലങ്ങളിൽ പൂര വിളംബരത്തിന് മറ്റൊരാനയും എഴുന്നള്ളിപ്പുകളിലുൾപ്പെടെ വെവ്വേറെ ആനകളെയുമാണ് ഉപയോഗിക്കാറുള്ളത്. എട്ടിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂരത്തിന്‍റെ വരവറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര വാതിൽ തുറന്ന് പൂരവിളംബരമറിയിക്കാനുള്ള അവകാശം. പേരിനൊരു ചടങ്ങിൽ മാത്രമൊതുങ്ങിയിരുന്ന തെക്കേഗോപുര വാതിൽ തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെ പൂരത്തോളം പ്രസിദ്ധമായി. അഞ്ചു വർഷത്തിലധികം രാമചന്ദ്രനായിരുന്നു തെക്കേഗോപുര വാതിൽ തുറക്കുന്ന എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്നത്. 2019ൽ കടുത്ത നിയന്ത്രണങ്ങളോടെ പ്രത്യേക അനുമതിയോടെ ഒരുമണിക്കൂർ എഴുന്നള്ളിച്ചാണ് പങ്കെടുപ്പിച്ചത്. 2020ൽ പൂരം ചടങ്ങിലൊതുക്കിയതോടെ തെക്കേഗോപുരവാതിൽ തുറക്കുന്നത് നടന്നില്ല.
2021ൽ ബോർഡ് ശിവകുമാറിനെ ദൗത്യം ഏൽപിച്ചു. ഇത് രണ്ടാംതവണയാണ് പൂരവിളംബരത്തിനായുള്ള ശിവകുമാറിന്റെ നിയോഗം. പാറമേക്കാവിന്റെ സ്വന്തം ആന പത്മനാഭനാണ് പുറപ്പാടിന് തിടമ്പേറ്റുക. തിരുവമ്പാടിക്ക് സ്വന്തം ചന്ദ്രശേഖരനാണ് തിടമ്പേറ്റുക.
നാല് ഗോപുരവും കടക്കുന്ന അവകാശി
തൃശൂർ: തൃശൂർ പൂരത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിലെ നാല് ഗോപുരവും കടക്കുന്ന ഏക അവകാശി ദൈവം പാറമേക്കാവാണ്. പൂരനാളിൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് കിഴക്കേ ഗോപുരം കടന്ന് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരം വഴിയാണ് പുറത്തിറങ്ങുക. പിറ്റേന്ന് ഉപചാരം ചൊല്ലി പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കേ ഗോപുരം വഴി കൊക്കർണിയിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിലാണ് ആറാട്ട്.
വടക്കുന്നനാഥ ക്ഷേത്രത്തിലെ നാലു ഗോപുരവും കടക്കുന്ന ഒരേ ഒരു ദേവി, പാറമേക്കാവ് ആണ്. തെക്കേഗോപുരം തൃശൂർ പൂരത്തിനും ശിവരാത്രി നാളിലും ആളുകൾക്ക് പ്രവേശിക്കാനായി തുറക്കും. കിഴക്കേ ഗോപുരവും പടിഞ്ഞാറെ ഗോപുരവും ദിവസവും ആളുകൾക്ക് പ്രവേശിക്കാം. പക്ഷേ, വടക്കേഗോപുരത്തിൽ ഭക്തർക്ക് പ്രവേശനാനുമതിയില്ല. ഇവിടെയാണ് പൂജാരിമാരുടെ മഠവും കുളിയിടവും.
കൊക്കർണിയെന്ന് അറിയപ്പെടുന്ന വിശാലമായ താഴ്വാരത്തിൽ രണ്ട് കുളങ്ങളുണ്ട്. സൂര്യപുഷ്കരണിയും ചന്ദ്രപുഷ്കരണിയും. ചന്ദ്രപുഷ്കരണിയിലാണ് പാറമേക്കാവിന് ആറാട്ട്. പ്രതിഷ്ഠദിനത്തിനും വേലക്കുമടക്കം പാറമേക്കാവിന്റെ ആറാട്ടുകടവ് ഇവിടെയാണ്. യുനെസ്കോയുടെ സംരക്ഷിത പൈതൃപട്ടികയിൽ ഇടം നേടിയ വടക്കുന്നാഥ ക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങളും ഒരുപോലെയെന്ന് തോന്നിക്കുമെങ്കിലും വടക്കേഗോപുരം മറ്റുള്ളവയിൽനിന്നും അൽപം ചെറുപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.