തൃശൂര്‍ പൂരം വെടിക്കെട്ട്; കേന്ദ്ര ഉത്തരവ് റദ്ദാക്കണം -സി.പി.എം
text_fieldsതൃശൂര്‍: പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ സ്ഫോടകവസ്തു നിയമത്തില്‍ വരുത്തിയ ഭേദഗതി കേരളത്തിലെ പൂരങ്ങളെ പൊതുവിലും തൃശൂര്‍ പൂരത്തെ വിശേഷിച്ചും ബാധിക്കും. വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റര്‍ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടതെന്ന ഭേദഗതി പ്രതിസന്ധിയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ പൂരം നടത്തിപ്പിനെന്ന പേരില്‍ കഴിഞ്ഞ മാസം വിളിച്ച യോഗം പ്രഹസനമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
കഴിഞ്ഞ പൂരത്തിനിടയില്‍ കടന്നുകയറി പ്രശ്നങ്ങളുണ്ടാക്കിയ സംഘ്പരിവാര്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഭേദഗതിയെക്കുറിച്ച് മറുപടി പറയണം. ഒന്ന് പറയുകയും മറ്റൊന്ന് നടപ്പാക്കുകയും ചെയ്യുന്ന ആര്.എസ്.എസ്-ബി.ജെ.പി ശക്തികളുടെ കള്ളക്കളി തൃശൂരിലെ ജനം തിരിച്ചറിയണം.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപി തികഞ്ഞ പരാജയമാണെന്ന് കേന്ദ്രത്തിന്റെ പൂരം നിലപാട് അടിവരയിടുന്നു. തൃശൂരിലെ പൂരപ്രേമികള്ക്കുവേണ്ടി ശബ്ദിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണം; കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു
തൃശൂർ: പൂരം വെടിക്കെട്ട് മുടക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ചിലർ പ്രചരിപ്പിക്കുന്നതുപോലെ ഇതിൽ സംസ്ഥാനത്തിന് പങ്കില്ല. കേന്ദ്ര സർക്കാറിന്റെ നിലപാടാണിത്. കഴിഞ്ഞ 11നാണ് വിജ്ഞാപനം വന്നത്. ബി.ജെ.പി ഇത് മറച്ചുവെക്കുകയാണ്. പുതിയ സ്ഫോടകവസ്തു നിയമമനുസരിച്ച് തേക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടത്താൻ സാധിക്കില്ല. പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്. വൈകാരിക വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ് ശ്രമം. വികസനചർച്ച വഴിമാറ്റാനാണ് ഇതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പ്രചാരണം അടിസ്ഥാനരഹിതം -ബി.ജെ.പി
തൃശൂർ: പൂരം വെടിക്കെട്ടിന് പ്രതിസന്ധിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. വെടിമരുന്ന് സംഭരണശാലയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിലെ അകലത്തിന് പൊതുവായ മാർഗനിർദേശം നൽകുക മാത്രമാണ് കേന്ദ്രം ചെയ്തത്. അപകടകരമായ രീതിയിൽ സംഭരണശാലക്ക് തൊട്ടടുത്ത് വെടിക്കെട്ട് നടക്കുന്നയിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണ്. പൂരത്തിന് വ്യവസ്ഥയിൽ ഇളവ് ലഭിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാറിനെ കാര്യങ്ങൾ ധരിപ്പിക്കും. തൃശൂർ പൂരം വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകാലങ്ങളിലും ഇങ്ങനെ ഇളവുകൾ ലഭിച്ചിട്ടുണ്ട്. എക്കാലവും തടസ്സങ്ങൾ സൃഷ്ടിച്ചവരാണ് ഇപ്പോൾ സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമത്തെ രാഷ്ട്രീയ ആയുധമാക്കുന്നതെന്നും അനീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.