ഒടുവിൽ, സങ്കടപൂരം
text_fieldsവൻ ദുരന്തം ഒഴിവാക്കിയത് കോവിഡ് നിയന്ത്രണം
തൃശൂർ: കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പൊതുജനത്തെ ഒഴിവാക്കിയതും തൃശൂർ നഗരസഭ ഇൻസുലേറ്റഡ് കേബ്ൾ ലൈനായ ഏരിയൽ ബഞ്ച്ഡ് കേബ്ൾ (എ.ബി.സി) വഴി മാത്രം വൈദ്യുതി പ്രവഹിപ്പിച്ചതും മഠത്തിൽ വരവിനിടെ മരം വീണുള്ള മരണ സംഖ്യ കുറച്ചു.
വെള്ളിയാഴ്ച രാത്രി 12ഓടെയാണ് ബ്രഹ്മസ്വം മഠത്തിലെ ആലിെൻറ കൊമ്പ് ഒടിഞ്ഞുവീണ് രണ്ടുപേർ മരിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ പൂരത്തിന് ജനത്തെ നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ മരണ സംഖ്യ വളരെ കൂടിയേനേ. മാത്രമല്ല, കോർപറേഷൻ വൈദ്യുതി വിഭാഗത്തിെൻറ കൃത്യമായ ഇടപെടലും സുരക്ഷക്രമീകരണവും നിർണായക പങ്കുവഹിച്ചു. മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന ഭാഗത്തേക്കുള്ള ൈവദ്യുതി ലൈൻ കനമുള്ള റബർ കവചമുള്ള കേബ്ൾ വഴിയാക്കി. ഇതിെൻറ നടപടികൾ പൂർത്തിയാക്കിയിട്ട് മാസങ്ങളേ ആയുള്ളൂ. അതിനാൽ, പൊട്ടിവീഴുേമ്പാൾ സുരക്ഷ ഉറപ്പുവരുത്താനാകും. മാത്രമല്ല, ദേവസ്വം കുടകൾ ലൈനിൽ സ്പർശിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അവ ഇല്ലാതാക്കാൻ അവിടേക്കുള്ള അലൂമിനിയം കമ്പിയിലേക്കുള്ള വൈദ്യുതി പ്രവാഹം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതും തുണയായി.
മരക്കൊമ്പ് പൊട്ടി ആദ്യം തൂങ്ങിക്കിടന്നത് ഇൻസുലേറ്റഡ് കേബ്ളുകളിലായിരുന്നു. ഇത് മരക്കൊമ്പ് വീഴ്ചയുടെ ആഘാതം കുറച്ചു.
മാത്രമല്ല, വൈദ്യുതി പ്രവാഹം ഒഴിവാകുകയും ചെയ്തു. നിരവധി പേരുടെ ജീവനാണ് ഇതിനാൽ രക്ഷപ്പെട്ടത്. ജയ്ഹിന്ദ് മാർക്കറ്റ് ഉൾപ്പെടെ പലയിടങ്ങളിലും എ.ബി.സി കേബ്ളുകൾ സ്ഥാപിച്ചു വരുകയാണെന്ന് കോർപറേഷൻ വൈദ്യുതി വിഭാഗം ഇലക്ട്രിക്കൽ എൻജിനീയർ ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു.
നടുക്കം മാറാതെ തിരുവമ്പാടി
തൃശൂർ: ദേവസ്വത്തിന് പ്രിയപ്പെട്ട രണ്ടുപേരുടെ നഷ്ടത്തിെൻറ നടുക്കം മാറാതെ തിരുവമ്പാടി വിഭാഗം. പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നിട്ടും സംഭവിച്ച ദുരന്തം ദേവസ്വം ഭാരവാഹികളെ കുറച്ചൊന്നുമല്ല അമ്പരപ്പിലാക്കിയത്. ചടങ്ങെങ്കിലും ഒരു പകൽ മുഴുവൻ പൂരം കൊണ്ടാടി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സംഭവിച്ച ദുരന്തത്തിൽ തരിച്ചിരിക്കുയാണ് പൂര പ്രേമികളും. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണയും പൂരം ചടങ്ങിലൊതുക്കാൻ തീരുമാനിച്ചത് മുതൽ അതുമായി സഹകരിക്കുന്ന സമീപനമാണ് തിരുവമ്പാടി വിഭാഗം സ്വീകരിച്ചത്.
ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വത്തിൽനിന്ന് വ്യത്യസ്തമായ സമീപനമായിരുന്നു തിരുവമ്പാടിക്ക്. എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കാനും കുടമാറ്റം പ്രതീകാത്മകമായി മാത്രം നടത്താനും ദേവസ്വം തീരുമാനിച്ചു. ചടങ്ങാണെങ്കിലും പൊലിമ കുറയാതെ പൂരം കൊണ്ടാടാനുള്ള ആഘോഷ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാൻ ചുക്കാൻ പിടിച്ച് കമ്മിറ്റി അംഗമായ രമേശും രാധാകൃഷ്ണനും മുന്നിലുണ്ടായിരുന്നു. പരിമിതമായ ആൾക്കാരെ മാത്രം വെച്ച് പൂരം രാത്രി പൂരം എഴുന്നള്ളിപ്പ് നടക്കുേമ്പാൾ അതിൽ കാര്യക്കാരായി ഉണ്ടായിരുന്ന ഇരുവരും ആൽമരക്കൊമ്പിെൻറ രൂപത്തിൽ എത്തിയ ദുരന്തത്തിന് കീഴടങ്ങിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുകയാണ് തിരുവമ്പാടി വിഭാഗം. ചടങ്ങിൽ ഒതുങ്ങിയാലും, കാഴ്ചക്കാരെ മാറ്റിനിർത്തിയാലും പൂരം അതിെൻറ വിശദാംശങ്ങളോടെ ആഘോഷിക്കുന്നതിെൻറ ആവേശത്തിലായിരുന്നു തൃശൂരിലും മറ്റുമുള്ള പൂരാവേശക്കാർ. അവർക്കും ഇങ്ങനെയൊരു ദുരന്തം ഉൾക്കൊള്ളാനായിട്ടില്ല. ചടങ്ങെങ്കിലും പൂരം കഴിഞ്ഞ വർഷത്തെക്കാൾ കേമമായെന്ന് ടെലിവിഷൻ കാഴ്ചകളിലൂടെ ആവേശം കൊള്ളുേമ്പാഴാണ് രാത്രി ദുരന്ത വാർത്ത എത്തിയത്. പൂരം പിരിയേണ്ട ശനിയാഴ്ച സംസ്ഥാനത്ത് അപ്രഖ്യാപിത ലോക്ഡൗൺ ആണെങ്കിലും തിരുവമ്പാടി, പാറമേക്കാവ് ആവേശ കമ്മിറ്റിക്കാർക്ക് വിശ്രമിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ, പൂരപ്പിറ്റേന്നെന്നപോലെ നഗരം പൊടുന്നനെ ആളൊഴിഞ്ഞ പറമ്പായി.
ദുരന്തത്തിെൻറ നടുക്കത്തിൽ ബ്രഹ്മസ്വം മഠം
തൃശൂർ: തണൽ തന്നുകൊണ്ടിരുന്ന ആൽമരത്തിെൻറ ശിഖരം തലക്കുമേൽ വീണേക്കുമെന്ന് ആരും കരുതിയിരുന്നില്ല; പ്രത്യേകിച്ച് ബ്രഹ്മസ്വംമഠം. മഠത്തിൽ വരവ് പഞ്ചവാദ്യം രാത്രി കൊട്ടിക്കയറവേയായിരുന്നു ആ ദുരന്തമെത്തിയത്. ആലിൻ ശിഖരം അടർന്നുവീണ് രണ്ടുപേരുടെ മരണം. ഈ ആൽമരത്തിൽതന്നെ ഇനിയും അപായ ഭീഷണി ഉയർത്തി ശിഖരങ്ങളുണ്ട്. മാത്രമല്ല, തെക്കേ മഠത്തിലും നൂറ്റാണ്ട് പഴക്കമുള്ള ആൽമരങ്ങൾ നിൽപുണ്ട്. മനുഷ്യജീവെൻറ സുരക്ഷിതത്വത്തിന് ഭീഷണിയായ ബ്രഹ്മസ്വ മഠത്തിലെയും തെക്കേ മഠത്തിലെയും ആലിെൻറ കൊമ്പുകൾ മുറിച്ചുനീക്കാനുള്ള നടപടിയാണ് ആവശ്യമെന്ന് ബ്രഹ്മസ്വംമഠം വേദ ഗവേഷണ കേന്ദ്രം ചെയർമാനും തെക്കേ മഠത്തിെൻറ മാനേജറുമായ നാരായണൻ വടക്കുമ്പാട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. സുരക്ഷിതത്വത്തിന് ഭീഷണിയായ എല്ലാ കൊമ്പുകളും മുറിച്ചു നീക്കേണ്ടതു തെന്ന. ഇനി അത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ. മനുഷ്യജീവനല്ലേ പ്രധാനം. പൊതുസ്ഥലങ്ങളിലേക്ക് ചാഞ്ഞ അപകട ഭീഷണി ഉയർത്തുന്ന ഭീഷണിയുടെ ആലോചന പോലുമുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി കൂടിയത്. സങ്കൽപിക്കാനാകാത്ത വിധം ജനത്തിരക്കാണ് പഞ്ചവാദ്യം ആസ്വദിക്കാൻ പൂരദിവസം എത്താറ്. നിയന്ത്രണങ്ങൾ കാരണം കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ മരണം എത്രയോ കൂടിയേനേ. മിനിഞ്ഞാന്നത്തെ കാറ്റിലും മഴയിലും കൊമ്പ് അടർന്ന് നിന്നതാകാം. എത്രയോ വർഷം പഴക്കമുള്ളതാണ്. ഒരുപക്ഷേ, ശിഖരത്തിെൻറ കാതൽ പോയതാകാം. ഏതായാലും പൂര ദിവസംതന്നെ ദുരന്തം സംഭവിച്ചതിൽ അതിയായ ദുഃഖമുെണ്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.