തൃശൂർ പൂരം; മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് അവലോകന യോഗം
text_fieldsതൃശൂർ: തൃശൂർ പൂരം ഒരുക്കങ്ങൾ സംബന്ധിച്ച് ഞായറാഴ്ച ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ അവലോകന യോഗം ചേരും.
കഴിഞ്ഞ ദിവസം പൂരം പ്രദർശന നഗരിയിൽ ജി.എസ്.ടി വിഭാഗം നടത്തിയ പരിശോധന, ബാരിക്കേഡ് കെട്ടുന്നതിലടക്കമുള്ള തർക്കങ്ങൾ, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് സ്വരാജ് റൗണ്ടിൽ പ്രവേശനം, സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം കോർപറേഷൻ തലത്തിൽ അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
ജില്ല ഭരണകൂടം വിളിച്ചുചേർത്ത രണ്ട് യോഗങ്ങളിൽ സ്ഥലം എം.എൽ.എയെ വിളിക്കാതിരുന്നത് വിവാദമായിരുന്നു. ഞായറാഴ്ച ചേരുന്ന യോഗത്തിൽ ജില്ലയിൽനിന്നുള്ള മന്ത്രിമാരും എം.പിയും എം.എൽ.എയും പങ്കെടുക്കും. ദേവസ്വങ്ങളുടെ പ്രതിനിധികൾ, പൊലീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, കോർപറേഷൻ മേയർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ബാരിക്കേഡും ഗാലറിയും കെട്ടിയിരുന്നത് പൊതുമരാമത്ത് വിഭാഗമായിരുന്നു. ഇത്തവണ ദേവസ്വങ്ങൾ ചെലവ് എടുക്കണമെന്ന് കലക്ടർ യോഗത്തിൽ നിർദേശിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇതിനെതിരെ ദേവസ്വങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ദേവസ്വങ്ങളുടെ അതൃപ്തി മന്ത്രിയെ അറിയിക്കും. നിലവിലെ പ്രതിസന്ധി സാഹചര്യവും സർക്കാറിൽനിന്ന് സഹായവും വേണമെന്ന ആവശ്യമുൾപ്പെടെ ദേവസ്വങ്ങൾ മന്ത്രിമാരെ അറിയിക്കും. മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിനു ശേഷം പൊലീസിന്റെ യോഗം ചേരും. മേയ് 10നാണ് പൂരം. എട്ടിനാണ് സാമ്പ്ൾ വെടിക്കെട്ട്.
സ്ത്രീ സൗഹൃദമാക്കാൻ കലക്ടർക്ക് കൗൺസിലറുടെ കത്ത്
പൂരം കാണാൻ സ്ത്രീകൾക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല സെക്രട്ടറിയും കൗൺസിലറുമായ ഡോ. വി. ആതിര കലക്ടർക്കും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും കത്ത് നൽകി.
കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ അവലോകന യോഗത്തിലും ഇക്കാര്യമാവശ്യപ്പെട്ടിരുന്നു. പൂരം കാണാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സുരക്ഷിതമായ ചെറിയ സ്ഥലമെങ്കിലും മാറ്റിവെക്കണമെന്നും കൂടുതൽ വനിത പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവമ്പാടി പൂരപ്പന്തലുകളുടെ കാൽനാട്ടൽ 28ന്
തൃശൂർ: പൂരത്തിനായി തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടിൽ നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ടൽ 28ന് നടക്കും. സ്വരാജ് റൗണ്ടിൽ നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരൻ ചെറുതുരുത്തി ആരാധാന പന്തൽ വർക്സ് ഉടമ സെയ്തലവിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.