തൃശൂർ പൂരം; ഉത്തരവുകൾ കലക്ടറുടെ സമ്മതത്തോടെ മാത്രമെന്ന് മന്ത്രിയുടെ നിർദേശം
text_fieldsതൃശൂർ പൂരം ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന അവലോകനയോഗം
തൃശൂർ: പൂരം യാതൊരു ന്യൂനതകളുമില്ലാതെ ഭംഗിയായി നടത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമീപകാലത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് ഭയരഹിതമായി പൂരം ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൂരവുമായി ബന്ധപ്പെട്ട് ഏതൊരു ഉത്തരവും ജില്ല കലക്ടറുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ പുറപ്പെടുവിക്കാവൂ എന്ന് മന്ത്രി നിർദ്ദേശം നൽകി. സുരക്ഷ ഉറപ്പാക്കുന്നതിൽ പൂരം കമ്മിറ്റികളുടെയും ആന ഉടമകളുടെയും സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിരീക്ഷിക്കണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാര സമീപനം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് വേണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടു.
ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളിൽ മാറിവരുന്നതുകൊണ്ട് ആനയുടമസ്ഥർ ആനയെ വിട്ടുതരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ആന പാപ്പാന്മാരുടെ വിവരങ്ങൾ പൊലീസിന് നൽകുന്നതിൽ ആനയുടമകൾക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ പൂരത്തിന് വനം വകുപ്പിന്റെ ആർ.ആർ.ടി ടീമും രംഗത്തുണ്ടാകുമെന്നും സി.സി.എഫ് അറിയിച്ചു.
പൂരം ഭംഗിയായി നടത്താൻ തയാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ആനകളുടെ പരിശോധനാ സമയം നീട്ടുവാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, ഡി.എഫ്.ഒ രവികുമാർ മീണ, അഡിഷണൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളി, സബ് കലക്ടർ അഖിൽ വി. മേനോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ, ആന ഉടമകളുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.