പൂരാവേശത്തിലേക്ക് നാട്
text_fieldsതൃശൂർ: പൂരത്തിന് തൃശൂർ സ്വരാജ് റൗണ്ടിൽ തിരുവമ്പാടി വിഭാഗത്തിന്‍റെ പന്തലുകളുടെ നിർമാണവും തുടങ്ങി. രാവിലെ ഭൂമിപൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തൽ കാൽ നാട്ട് നിർവഹിച്ചത്. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് സി. വിജയൻ, സെക്രട്ടറി പി. രാധാകൃഷ്ണൻ, പൂരം പ്രദർശന കമ്മിറ്റി ഭാരവാഹി പി. ശശി, കൗൺസിലർ പൂർണിമ സുരേഷ്, വടക്കുന്നാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ടി.ആർ. ഹരിഹരൻ, പ്രവാസി വ്യവസായി സുന്ദർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗം പന്തലുകൾ നിർമിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരൻ ചെറുതുരുത്തി ആരാധന പന്തൽ വർക്സ് ഉടമ സൈതലവിയാണ്. പതിറ്റാണ്ട് പിന്നിട്ട പാരമ്പര്യത്തോടെയാണ് സെയ്തലവി തൃശൂർ പൂരത്തിൽ ഇത്തവണയും തിരുവമ്പാടിക്ക് പന്തലുകളൊരുക്കുന്നത്.
മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗത്തിന്‍റെ പന്തൽ നിർമാണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. തൃശൂർ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടിൽ പന്തലുകൾ നിർമിക്കുക. അതും പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമാണ് അവകാശവും. മൂന്ന് പന്തലുകളുടെ നിർമാണവും തുടങ്ങിയതോടെ തൃശൂർ പൂരത്തിരക്കിലായി. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന മേയ് എട്ടിന് വൈകീട്ടോടെ ദീപാലങ്കാരങ്ങളടക്കം പൂർത്തിയാക്കി പൂർണസജ്ജമാകും. ഒന്നര ആഴ്ച മാത്രമേ ഇനി തൃശൂർ പൂരത്തിനുള്ളൂ. മുൻകാലങ്ങളിൽ ഉണ്ടാവാറുള്ള തടസ്സങ്ങളും പ്രതിസന്ധികളും ഇത്തവണ ഇല്ലാത്തതും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ അടച്ചിടലിന് ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ് തൃശൂർ. മേയ് നാലിനാണ് കൊടിയേറ്റം. 10നാണ് പൂരം.
തൃശൂർ പൂരത്തിന് 15 ലക്ഷം
ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിന് 15 ലക്ഷം രൂപ ജില്ല കലക്ടർക്ക് സർക്കാർ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ ഓഫിസ് അറിയിച്ചു. ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോകോൾ പാലിച്ചും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.