തൃശൂർ പൂരം: വടക്കുനാഥനെ കാണാൻ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
text_fieldsതൃശൂർ: മഹാമാരിക്കാലത്തെ 'കാണാപ്പൂര'ത്തിലേക്ക് വടക്കുന്നാഥെൻറ തെക്കേ ഗോപുരവാതിൽ തുറന്നു. കൊട്ടിയടച്ച നഗരത്തിൽ, കാഴ്ചക്കാരില്ലാതെ പൂരാഘോഷം തുടങ്ങി.
30 മണിക്കൂർ ആനച്ചൂരും മേളപ്പെരുക്കങ്ങളും ഗന്ധകമണവും അലിഞ്ഞൊഴുകുന്ന ആൾത്തിരക്കും സാക്ഷിയാവാറുള്ള നഗരം അതൊന്നുമില്ലാത്തൊരു പൂരത്തിന് വേദിയാവുന്ന അപൂർവതയാണ് അരങ്ങേറുന്നത്.
വെള്ളിയാഴ്ച ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. തെക്കേ ഗോപുര വാതിലിലൂടെ ഘടകപൂരങ്ങളിൽ ആദ്യമായി കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനിൽ പ്രവേശിക്കുന്നത്. പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടിക്കും ഘടകപൂരങ്ങൾക്കും ഒരാനയും വാദ്യക്കാരും ദേശക്കാരുമടക്കം 50 പേർക്ക് മാത്രമാണ് അനുമതി. പ്രസിദ്ധമായ മഠത്തിലേക്കുള്ള യാത്രയും മഠത്തില്‍നിന്നുള്ള വരവും പേരിന് മാത്രമായിരിക്കും.
തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവിെൻറ പൂരത്തില്‍ 15 ആനകളുണ്ടാകും. പാറമേക്കാവ് പൂരം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥനിലേക്ക് കടന്നാൽ ഇലഞ്ഞിത്തറ മേളമായി. പിന്നീടാണ് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. ശനിയാഴ്ച ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങിലൊതുങ്ങും.
കോവിഡ് ആശങ്കയിലും നഗരം ഉത്സവ പ്രതീതിയിലാണ്. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരപ്പറമ്പിലേക്ക് മാത്രമല്ല, പൂരനഗരിയായ തൃശൂരിലേക്കും ജനങ്ങൾക്ക് പ്രവേശനമില്ല. തൃശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.