തൃപ്പൂണിത്തുറ സ്ഫോടനം; പൂരമെത്താനിരിക്കെ തൃശൂരിനും ആശങ്ക
text_fieldsതൃശൂർ: തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് രണ്ടാളുടെ മരണത്തിനും 25 പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തിൽ തൃശൂരിനും ആശങ്ക. പൂരത്തിന് രണ്ട് മാസം മാത്രം ശേഷിക്കേ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കോടതി, സർക്കാർ നിർദേശങ്ങൾ എന്താകുമെന്നതാണ് തൃശൂരിനെ ആശങ്കയിലാക്കുന്നത്. നിലവിൽ തൃശൂർ പൂരത്തിന് സുപ്രീംകോടതി അനുവദിച്ച പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് അനുമതി.
കേരളത്തിൽ നഗരത്തിന് നടുവിൽ വെടിക്കെട്ടിനും വെടിമരുന്ന് സൂക്ഷിക്കാൻ കഴിയുന്ന സൗകര്യവുമുള്ളത് തൃശൂർ പൂരത്തിന് മാത്രമാണ്. പെസോ നിർദേശിച്ച മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് തൃശൂർ പൂരം വെടിക്കെട്ടിന് ഇളവ് നൽകാനുള്ള കാരണം. എന്നാൽ വെടിമരുന്ന് സ്ഫോടനവുമായി ബന്ധപ്പെട്ട കോടതി, സർക്കാർ നിർദേശങ്ങൾ ഈ ഇളവിനെ അപ്രസക്തമാക്കും.
തൃപ്പൂണിത്തുറയിലെ സ്ഫോടനത്തിന് സമാനമായി തൃശൂരിനും അനുഭവങ്ങൾ ഏറെയുണ്ട്. 2023 ജനുവരി 30നാണ് വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിമരുന്ന് നിർമാണ ശാലയിൽ അപകടമുണ്ടായി പാലക്കാട് സ്വദേശി മരിച്ചത്. ജോലി സമയം കഴിഞ്ഞ് തൊഴിലാളികൾ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ഫോടനമെന്നതിനാലാണ് മരണം ഒന്നിലൊതുങ്ങിയത്. 2017ലാണ് ഇവിടെ തന്നെ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് കുണ്ടന്നൂർ ആനന്ദന്റെ വീട് തകർന്നത്. 2004ൽ പൂരം വെടിക്കെട്ടിനിടയിലുണ്ടായ അപകടത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ കരാറുകാരൻ സുന്ദരന്റെ മരണം. 2006ൽ മറ്റൊരു പൂരക്കാലത്ത് സാമ്പിളിന് മൂന്ന് ദിവസം മുമ്പ് പാടൂക്കാട് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമാണശാലയിലെ സ്ഫോടനത്തിൽ എട്ട് പേരാണ് മരിച്ചത്. ദുരന്തങ്ങൾക്ക് ശേഷം കർശന പരിശോധനകളോടെയും നിരീക്ഷണത്തോടെയുമാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്.
വെടിക്കെട്ടുകൾക്ക് പ്രാധാന്യമുള്ള തൃശൂർ, ഉത്രാളിക്കാവ് പൂരം അടക്കം നടക്കാനിരിക്കുകയാണ്. തൃശൂരിലേക്കും വെടിമരുന്നും വെടിക്കെട്ട് സാമഗ്രികളും എത്തുന്നത് തമിഴ്നാട്ടിൽ നിന്നും പാലക്കാട്ടുനിന്നുമാണ്. തൃപ്പൂണിത്തുറ അപകട സാഹചര്യത്തിൽ ഇവിടങ്ങളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.