കണിക്കൊന്ന പൂത്തുലഞ്ഞു പൂരലഹരിയിൽ
text_fieldsതൃശൂർ: ഇന്ന് വിഷു. അടുത്ത നാല് നാൾകൂടി കഴിഞ്ഞാൽ തൃശൂരിന്റെയും ലോകത്തിന്റെ തന്നെയും ‘തൃശൂർ പൂരം’. 30 മണിക്കൂർ നീളുന്ന പൂരത്തിന്റെ മതിവരാക്കാഴ്ചകൾക്കുള്ള കാത്തിരിപ്പിലാണ് ഇനി തൃശൂരിന്റെ കണ്ണും കാതും. ദേശങ്ങളാകെ പൂര ലഹരിയിലാണ്ടു കഴിഞ്ഞു.
തിരുവമ്പാടി ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിതുംഭൂമി പൂജ നടത്തിയശേഷം ശ്രീകോവിലിൽ പൂജിച്ച് നൽകിയ കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാരും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കൊടിമരത്തിൽ ഉയർത്തി. പാറമേക്കാവ് ക്ഷേത്രത്തിൽ വലിയപാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ കൊടിയേറ്റി.
ചെമ്പിൽ കുട്ടൻ ആശാരി കവുങ്ങിൽ നിർമിച്ച കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് ഉയർത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തി. കൊടിയേറ്റ ചടങ്ങുകളിൽ പങ്കാളിയാകാനും മേളം ആസ്വദിക്കാനും രണ്ടിടത്തും പൂരപ്രേമികൾ ഒഴുകിയെത്തി.
എട്ട് ഘടക ക്ഷേത്രങ്ങളിൽ ആദ്യം കൊടിയേറ്റിയത് ചെമ്പുക്കാവ് കാർത്യായനി, കണിമംഗലം ശാസ്താ ക്ഷേത്രങ്ങളിലായിരുന്നു. രണ്ടിടത്തും ദേശക്കാരുടെ ആവേശത്തിമിർപ്പിൽ രാവിലെ ആറിനും ആറേകാലിനുമിടക്ക് കൊടിയുയർത്തി. തുടർന്ന് പൂക്കാട്ടിക്കര, പനമുക്കുംപിള്ളി, ചൂരക്കാട്ടുകര, ലാലൂർ, അയ്യന്തോൾ ക്ഷേത്രങ്ങളിൽ പൂരത്തിന് കൊടിയേറ്റി. ഏറ്റവുമൊടുവിൽ കൊടിയേറിയത് നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു; രാത്രി എട്ടിനും എട്ടേകാലിനുമിടയിൽ.
തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനം കൗസ്തുഭം ഹാളിൽ 17, 18 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 12 വരെ നടക്കും. കുടമാറ്റത്തിനുള്ള തിരുവമ്പാടിയുടെ പട്ടുകുട സമർപ്പണം 16ന് രാവിലെ എട്ടിനാണ്. പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനം 17ന് രാവിലെ 10 മുതൽ രാത്രി 10 വരെ അഗ്രശാലയിൽ നടക്കും.
ആന നിയന്ത്രണം’: സർക്കുലർ പിൻവലിക്കുമെന്ന് മന്ത്രി
തൃശൂർ: തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവാദമായതോടെ പിൻവലിഞ്ഞ് വനംവകുപ്പ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വകുപ്പ് പിൻവാങ്ങി.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയിരുന്നു. ഇതോടെ പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങളടങ്ങിയ സർക്കുലർ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈകോടതിയെ അറിയിക്കുമെന്നും വനം മന്ത്രിയുടെ ഓഫിസും വ്യക്തമാക്കി.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറക്കാൻ ഇടക്കിടെ ആനകളെ നനക്കണം തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. ചൂട് ശക്തമാകുകയും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം.
എന്നാൽ, 50 മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവും മറ്റും മാറ്റുന്നത് തൃശൂർ പൂരത്തിൽ അപ്രായോഗികമാണെന്നും അത് നടപ്പാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ചൂണ്ടിക്കാട്ടിയിരുന്നു.
തൃശൂർ പൂരത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിൽ ഹൈകോടതി ഇടപെടരുതായിരുന്നുവെന്നും ദേവസ്വങ്ങൾ അഭിപ്രായപ്പെട്ടു. മറ്റ് പൂരങ്ങളുടെ സമയത്ത് ഇല്ലാതിരുന്ന നിയന്ത്രണമാണ് ഇപ്പോൾ വന്നത്. ഇത് അപ്രായോഗികമാണെന്നും ദേവസ്വങ്ങൾ അഭിപ്രായപ്പെട്ടു.
പിൻവലിച്ചില്ലെങ്കിൽ 16 മുതൽ ആനകളെ നൽകില്ല -സംഘടനകൾ
തൃശൂർ: അപ്രയോഗികമായ നിർദേശം പിൻവലിക്കാത്ത പക്ഷം ഈമാസം 16 മുതൽ ഉത്സവാഘോഷങ്ങൾക്ക് ആനകളെ നൽകില്ലെന്ന് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷൻ, കേരള ഫെസ്റ്റിവൽ കോഓഡിനേഷൻ കമ്മിറ്റി, ആന തൊഴിലാളി യൂനിയൻ എന്നിവ മുന്നറിയിപ്പ് നൽകി.
ഒരോ ഉത്സവത്തിനും 12 മണിക്കൂർ മുമ്പ് മൂന്ന് ഡോക്ടർമാരെ നിയോഗിച്ച് ക്ഷേത്ര കമ്മിറ്റി ആനയെ പരിശോധിക്കണമെന്നത് പ്രായോഗികമല്ല. മറ്റ് നിർദേശങ്ങൾ എഴുന്നള്ളിപ്പിന്റെ ശോഭ കെടുത്തുമെന്ന് ഭാരവാഹികളായ പി.എസ്. രവീന്ദ്രനാഥ്, കെ. മഹേഷ്, പി.എസ്. ജയഗോപാൽ, വത്സൻ ചമ്പക്കര, മനോജ് അയ്യപ്പൻ, എം.എ. സുരേഷ്, പരമേശ്വരൻ, കൃഷ്ണദാസ് എന്നിവർ പറഞ്ഞു.
പൂര വിശേഷം ഇന്നും നാളെയും
- തൃശൂർ സെന്റ് തോമസ് കോളജ് മോൺ. ജോൺ പാലോക്കാരൻ സ്ക്വയർ: അർബൻ സ്കെച്ചേഴ്സ് തൃശൂർ ‘പൂരം സ്കെച്ച് മേള’ -5.00
- തൃശൂർ തേക്കിൻകാട് മൈതാനം: പൂരം പ്രദർശനം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.