നെഞ്ചകം തുരന്നുതുരന്ന്...
text_fieldsനാട്ടിലെ നിർമാണ പ്രവർത്തനങ്ങൾക്ക് കല്ലും മണലും അനിവാര്യംതന്നെ. എന്നാൽ, ആവശ്യത്തിൽനിന്ന് അത്യാർത്തിയിലേക്ക് വഴി തുറക്കുേമ്പാൾ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യ ജീവനും ഈ ചൂഷണം വെല്ലുവിളിയാവും. കരിങ്കൽ ക്വാറികൾ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് അനേകം പഠനങ്ങളും ദുരനുഭവങ്ങളും ജില്ലക്ക് ചൂണ്ടിക്കാട്ടാനുണ്ട്. പരിഹാരം എന്ന പേരിൽ അരങ്ങേറുന്നത് വെറും 'വഴിപാട്'. കോവിഡ് ലോക്ഡൗൺ കാലത്ത് ചൂഷണത്തിന് അയവുണ്ടായെങ്കിലും മറയ്ക്കുള്ളിൽ പലതും നടക്കുന്നുവെന്ന് വേണം സംശയിക്കാൻ. മുള്ളൂർക്കര ക്വാറി സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ 'മാധ്യമം' ലേഖകർ നടത്തുന്ന അന്വേഷണം ഇന്ന് മുതൽ...
കിഴക്കൻ മലയോര മേഖലയുടെ നെഞ്ചിടിപ്പിന് ഏറെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുള്ളൂർക്കര വളവ് പ്രദേശത്ത് അടച്ചുപൂട്ടി കിടന്ന ക്വാറിയിൽ അപ്രതീക്ഷിത സ്ഫോടനം നടന്ന് ഒരാളുടെ മരണത്തിനും അഞ്ചുപേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവം ഇതിലെ അവസാനിക്കാത്ത ഒരധ്യായം മാത്രം. ഭയന്നും മറ്റ് അസ്വസ്ഥതകളോടെയും വിടപറഞ്ഞവർ ഈ കണക്കിലില്ല.
2018ലെ പ്രളയത്തിൽ കുറാഞ്ചേരിയിൽ 19 പേരുടെ ജീവൻ നഷ്ടമായ ഉരുൾപ്പൊട്ടലിെൻറ ഭയം ഇപ്പോഴും വടക്കാഞ്ചേരിയുടെ കണ്ണിൽനിന്നും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. ഇപ്പോഴും വടക്കാഞടെ തലക്ക് മുകളിൽ 'ജല ബോംബുകളായി' എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന വിധം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
തൃശൂർ, ക്വാറികളുടെ സ്വന്തം നാട്
സംസ്ഥാനത്ത് കൂടുതൽ ക്വാറികളുള്ള നാലു ജില്ലകളിലൊന്നാണ് തൃശൂർ. അതിലുപരി സ്ഥിരം ഭൂചലന കേന്ദ്രമായ മലയോര മേഖല. തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളടങ്ങിയ കേരളത്തിെൻറ മധ്യമേഖലയിലാണ് ഏറ്റവുമധികം ക്വാറികളുള്ളതെന്നാണ് കണക്ക്. കേരളത്തിലെ ആറായിരത്തോളം കരിങ്കൽ ക്വാറികളിൽ 350ലേറെയും പ്രവർത്തിക്കുന്നത് ഭൂചലന സാധ്യത മേഖലയുടെ ഒരു കിലോമീറ്റർ പരിധിക്കകത്താണെന്ന് കേരള വനഗവേഷണ കേന്ദ്രത്തിെൻറ പഠന റിപ്പോർട്ട് 2016 അവസാനത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പൊട്ടിത്തെറിയുണ്ടായ വാഴക്കോടും ഇപ്പോഴും സമരം നടക്കുന്ന ഒല്ലൂരിന് സമീപമുള്ള മരത്താക്കരയിലും പ്രവർത്തിക്കുന്നത് ഭൂചലന സാധ്യത മേഖലയിലാണ്. വടക്കാഞ്ചേരി, ദേശമംഗലം, വരവൂർ, ഒല്ലൂർ, പുതുക്കാട് മേഖലകൾ നിരവധി തവണ ഭൂചലനം അനുഭവപ്പെടുകയും ഇപ്പോഴും അനുഭവപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളാണ്.
സംസ്ഥാനത്തെ ഏറ്റവും വലുപ്പമുള്ള (64 ഹെക്ടർ) ക്വാറി പെരുമ്പിലാവിലാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ പലതവണ പ്രാദേശികമായി വ്യാപകമായ സമരങ്ങളും ഉയർന്നുവന്നിരുന്നു. നാട്ടുകാരെ അണിനിരത്തി സമരസമിതികളും രംഗത്തിറങ്ങിയിരുന്നുവെങ്കിലും സർക്കാറിെൻറയും മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെയും മൗനമാണ് ക്വാറി മാഫിയക്കുള്ള ധൈര്യം. അതിന് ഉദാഹരണമാണ് വാഴക്കോടും സമരമൊഴിയാത്ത കൊടകര കുഞ്ഞാലിപ്പാറയുമെല്ലാം. വടക്കാഞ്ചേരിയും ചെറുതുരുത്തിയും മുള്ളൂർക്കരയും ആറ്റൂരും എരുമപ്പെട്ടിയും കടങ്ങോടും അടങ്ങുന്ന ഇട്ടാവട്ടത്തിൽ പ്രവർത്തിക്കുന്നത് നൂറോളം ചെറുതും വലുതുമായ ക്വാറികളാണ്.
ജില്ലയില്‍ ഏറ്റവുമധികം കരിങ്കല്‍ ക്വാറികളും വെട്ടുകല്‍ മടകളും പ്രവര്‍ത്തിക്കുന്നത് എരുമപ്പെട്ടി, കടങ്ങോട്, വരവൂര്‍, വേലൂര്‍ പഞ്ചായത്തുകളിലാണ്. കരിങ്കല്‍, ചെങ്കല്‍ ക്വാറികളെ ആശ്രയിച്ചു മാത്രം കഴിയുന്ന നൂറുകണക്കിന് ചുമട്ട്, കൂലി തൊഴിലാളികളും അനുബന്ധ മേഖലകളിലുമുള്ളവരുമുണ്ട്.
എരുമപ്പെട്ടിയില്‍ പഞ്ചായത്തിലെ എരുമപ്പെട്ടി, നെല്ലുവായ്, കുണ്ടന്നൂര്‍, ചിറ്റണ്ട പ്രദേശങ്ങളിലും, കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടത്തും വേലൂര്‍ പഞ്ചായത്തിലെ തയ്യൂരും കരിങ്കല്‍ ക്വാറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ആയിരത്തിനടുത്ത് വരും. തൊഴിലെന്ന് പറഞ്ഞ് ഒഴിയുമ്പോഴും പരിസ്ഥിതിയെ തകർത്തുള്ള കൊള്ളയാണ് നടക്കുന്നതെന്നാണ് വാസ്തവം. റവന്യൂ - പൊലീസ് അധികാരികളെ രാഷ്ട്രീയ ഇടപെടൽ കൊണ്ട് കൂച്ചുവിലങ്ങിട്ട് കോടികൾ കൊയ്ത് കുന്നുകൾ ഇടിച്ചും ഭൂമിയുടെ മാറ് തുരന്നും ഇവിടെനിന്ന് കടത്തിയ കല്ലിനും മണ്ണിനും കണക്കില്ല. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കുന്ന അധികാരി - ഉദ്യോഗസ്ഥ സമീപനമാണ് ഇവർക്കൊക്കെ വളമാകുന്നത്.
കുറ്റവാളികളെ കാണാത്ത നിയമം
ക്വാറികളിലെ സ്ഫോടനങ്ങളെ തുടർന്ന് മനുഷ്യഹത്യ നടന്നാലും പ്രകൃതിസമ്പത്ത് കൊള്ളയടിച്ചാലും നടപടികൾ താൽക്കാലികമായി ഒതുക്കി പോകുന്നത് ഇവർക്ക് പ്രചോദനമാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ മാത്രം കണക്കെടുത്താൽ വടക്കാഞ്ചേരി മേഖലയിൽനിന്ന് മാത്രം തുരന്നെടുത്ത് കടത്തിയത് 1000 കോടിയിലധികം വരുമെന്നാണ്. ഇതാവട്ടെ യഥാർഥ കണക്കാണെന്ന് പറയാനാവില്ലെന്ന് ക്വാറി ഉടമകൾ തന്നെ സമ്മതിക്കുന്നു.
2017 ഡിസംബർ ഒമ്പതിന് സബ് കലക്ടറായിരുന്ന രേണു രാജിെൻറ പരിശോധനയും നിയമവിരുദ്ധത കണ്ട് അടച്ചുപൂട്ടലും മാത്രമാണ് ഇക്കാലയളവിൽ ഇവിടെ കണ്ട ആകെയുള്ള ഉദ്യോഗസ്ഥ നടപടി. ഭരണസ്വാധീനവും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയുള്ള ബന്ധങ്ങളും ഉദ്യോഗസ്ഥ സ്വാധീനത്തിലും നെഞ്ചിടിച്ച് ഭയന്ന് വിറക്കുന്ന നാടിന് മുന്നിൽ ക്വാറി മാഫിയ തഴച്ചുവളരുകയായിരുന്നു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയും ഉദ്യോഗസ്ഥരെയും വരുതിയിലാക്കുന്ന ക്വാറി മാഫിയയുടെ ഇടപെടൽ പരാതിക്കാരുടെയും പ്രതിഷേധക്കാരുടെയും മുനയൊടിക്കുകയാണ്. രണ്ടുവർഷം മുമ്പ് ക്വാറി ജനജീവിതത്തെ ഭീതിപ്പെടുത്തുന്നതാണെന്ന പരാതി പരിഗണിച്ച ഹൈകോടതി നിയമപ്രകാരം ക്വാറി പ്രവർത്തിപ്പിക്കാനും വെള്ളം ഇവിടെ സംഭരിച്ച് പ്രവർത്തിപ്പിക്കാനുമായിരുന്നു നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.