തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക്
text_fieldsതൃശൂർ: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിലൊന്നായ തൃശൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുന്നതിെൻറ ചുമതല റെയിൽ ലാൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റിക്ക് നൽകിയതായി ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. കേരളത്തിൽ നിന്നും തൃശൂർ കൂടാതെ ചെങ്ങന്നൂർ മാത്രമാണ് ഇപ്പോൾ ഈ പ്രവൃത്തികൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് കടന്നാൽ വളരെ പ്രധാനപ്പെട്ട സ്റ്റേഷനായ തൃശൂർ റെയിൽവേ സ്റ്റേഷെൻറ വികസനത്തിനായി ടി.എൻ. പ്രതാപൻ എം.പി വകുപ്പ് മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നേരിട്ട് കത്തുകൾ നൽകിയിരുന്നു.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ ആവശ്യങ്ങളനുസരിച്ച് ഇക്കഴിഞ്ഞ 18ന് റെയിൽവേ ബോർഡ് ചെയർമാനുമായുള്ള ചർച്ചയിൽ തൃശൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള മേൽനടപ്പാലം നാലാം പ്ലാറ്റ്ഫോം വരെ നീട്ടുക, മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഉറപ്പാക്കുക, മൂന്ന് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര മുഴുവനാക്കുക തുടങ്ങിയവ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യപ്പെടുകയും ചെയർമാൻ അവ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതുമൂലം സ്റ്റേഷനിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങളും സ്റ്റേഷനിലെ പശ്ചാത്തല സൗകര്യങ്ങളും വർധിക്കും. അധികം വൈകാതെ തന്നെ പദ്ധതി നടപ്പിലാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.