അന്ന് കഴുത്തിന് കുത്തിപ്പിടിച്ച് തിരികെവെപ്പിച്ചു; ഇന്ന് ഹൈകോടതി പറഞ്ഞിട്ടും ഒന്നും നടക്കില്ല...
text_fieldsതൃശൂർ: പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറും കൊടിയും നീക്കാൻ ഹൈകോടതി അനുവദിച്ച സമയം ഇന്നലെ തീർന്നിട്ടും തൃശൂർ നഗരത്തിൽ ഇപ്പോഴും വിവിധ പാർട്ടികളുടെ ബോർഡുകൾ നിരന്നുനിൽക്കുന്നു. അതിനിടെ, 2024 ജനുവരി ഒന്നിന് തൃശൂർ സ്വരാജ് റൗണ്ടിൽനിന്നും അനധികൃത ബോർഡ് നീക്കംചെയ്തതും തിരികെ വെപ്പിച്ചതും വീണ്ടും ചർച്ചയാവുകയാണ്. ‘മാധ്യമം’ ഫോട്ടോഗ്രാഫർ ടി.എച്ച് ജദീർ പകർത്തിയ സംഭവത്തിന്റെ ചിത്രമാണ് ഈ വാർത്തയോടൊപ്പമുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കളം ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തുന്നതിന്റെ ഭാഗമായി കോർപറേഷനിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെയും റോഡുകളിൽ വാഹന യാത്രക്കാർക്ക് പൂർണമായും കാഴ്ച മറയുന്ന രീതിയിൽ ബി.ജെ.പി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എല്ലാ പ്രധാന റോഡുകളും ഫ്ലക്സുകളാൽ നിറഞ്ഞ സമയമായിരുന്നു. യാത്രക്കാർ ശരിക്കും കുടുങ്ങി. പരാതികൾ ഏറിയപ്പോൾ കോർപറേഷൻ ഇടപെട്ടു. റോഡിൽ എല്ലാ മാർഗനിർദേശവും ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച ഒരു ബോർഡ് കോർപറേഷനിലെ തൊഴിലാളികൾ നീക്കിക്കൊണ്ടിരിക്കെ അവിടേക്ക് പാഞ്ഞെത്തിയ സംഘ്പരിവാർ പ്രവർത്തകർ ആ ജീവനക്കാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പടമാണിത്. കോർപറേഷൻ ജീവനക്കാരനെ കുത്തിപ്പിടിച്ച് അയാളെ കൊണ്ടുതന്നെ അവർ അനധികൃത ബോർഡ് അനധികൃത സ്ഥാനത്തുതന്നെ തിരികെ വെപ്പിച്ചു. പിറ്റേന്ന് എല്ലാ പത്രങ്ങളിലും ഈ ദയനീയ ചിത്രം വന്നു. ജീവനക്കാരനെ മാരകമായി കൈയേറ്റം ചെയ്തിട്ടും കോർപറേഷൻ അധികൃതർ അടക്കം ആരും ഒരു പരാതി പോലും ഉന്നയിച്ചില്ല.
ബി.ജെ.പി മാത്രം ചെയ്യുന്ന ക്രിമിനൽ പ്രവൃത്തിയല്ല ഇത്. ഇത്തരം കാര്യങ്ങളിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സമൻമാരാണ്. രാഷ്ട്രീയ കൊടിതോരണങ്ങളുടെയും ബാനറുകളുടെയും പേരിൽ കൊലപാതകങ്ങൾ നടന്നിട്ടുള്ള സംസ്ഥാനമാണ്. ഇതിനെതിരെയാണ് കേരള ഹൈകോടതി കഴിഞ്ഞയാഴ്ച സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ഡിസംബർ 18നകം പാതയോരങ്ങളിൽനിന്ന് അനധികൃത കൊടികളും തോരണങ്ങളും ബാനറുകളും നീക്കണമെന്നും അല്ലാത്ത പക്ഷം വ്യാഴാഴ്ച മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 5000 രൂപ പിഴ ഈടാക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടേത് കൂടാതെ ചില പരസ്യ ബോർഡുകളും ഇതിൽപെടും. നമ്മൾ റോഡുകൾക്ക് സമീപം കാണുന്ന ബോർഡുകളിൽ 50 ശതമാനം അനധികൃതം എന്നാണ് തദ്ദേശവകുപ്പ് അധികൃതർ തന്നെ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.