വേണം, വൃത്തിയുള്ള ശൗചാലയങ്ങൾ
text_fieldsആരോഗ്യകരമായ നഗരസംവിധാനത്തിന് അവശ്യമാണ് വൃത്തിയുള്ള ശൗചാലയങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ നടത്തിപ്പ് കരാർ നൽകുന്ന കംഫർട്ട് സ്റ്റേഷനുകളിലേക്ക് പിന്നെ അധികാരികൾ കണ്ണയക്കാറില്ല. അവിടെ അറ്റകുറ്റപ്പണിയില്ല, അതിന് ബജറ്റിൽ തുകപോലും വകയിരുത്താത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ട്.
പഴകിയ ക്ലോസറ്റുകളും പരിഷ്കരിക്കാത്ത സെപ്റ്റിക് ടാങ്കുകളും അഴുക്കുചാൽ സംവിധാനവും പരിസരത്തുനിന്ന് ആളുകളെ ആട്ടിയോടിക്കാൻ പോന്നതാണ്. അടുത്തുള്ള വ്യാപാരങ്ങൾക്കും സ്ഥാപനങ്ങൾക്കും ദുർഗന്ധം പരീക്ഷണമാണ്.
ചാവക്കാട്ട് ശൗചാലയം ഒരു രാഷ്ട്രീയപ്രശ്നം
ചാവക്കാട്: നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കാണ് ഏറെ ദുരിതം. ചാവക്കാട് നഗരത്തോളം പഴക്കമുണ്ട് ഈ ദുരിതത്തിന്. ഓരോ തെരഞ്ഞെടുപ്പുകാലത്തും മുഴങ്ങിക്കേൾക്കുന്ന രാഷ്ട്രീയ ആയുധവുമാണിത്. നഗരസഭയുടെ ഭരണപക്ഷമോ പ്രതിപക്ഷമോ സാധാരണക്കാരോ വ്യാപാരികളോ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായക്കാരുമല്ല.
ഇതിനെന്താ പരിഹാരം എന്ന ചോദ്യത്തിന് തട്ടുപൊളിപ്പൻ മറുപടിയുണ്ട്. ഉത്തരം മുട്ടിപ്പിക്കുന്ന ആ പതിവ് മറു ചോദ്യമാണ് ‘അതിന് പറ്റിയ സ്ഥലം എവിടെ’ എന്ന്. പതിറ്റാണ്ടുകളായിട്ടും അതേ ചോദ്യം.
നഗരത്തിലെ പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫിസ്, ചേറ്റുവ റോഡ്, ഏനാമാക്കാൽ റോഡ്, ബീച്ച് റോഡ് തുടങ്ങി ഭാഗത്തെ ബാങ്കുകൾ, വിവിധ കച്ചവട സ്ഥാപനങ്ങൾ, കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കാണ് പ്രശ്നം.
നഗരസഭ ബസ് സ്റ്റാൻഡിനടുത്ത് വർഷങ്ങളായി പേ ആൻഡ് യൂസ് കംഫർട്ട് സ്റ്റേഷൻ ഇപ്പോഴുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടം ഉടൻ പൊളിച്ചുമാറ്റുമെന്നാണ് ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറയുന്നത്. തൊട്ടടുത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയം ആരംഭിച്ചത് ആശ്വാസമാണ്.
ചാവക്കാട് നഗരത്തിലെ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന കൂട്ടുങ്ങൽ ചത്വരത്തിനുമുന്നിലാണ് ഈ സംവിധാനമുള്ളത്. കോടതിയിൽ എത്തുന്നവർക്ക് കോർട്ട് കോംപ്ലക്സിലും കടൽ കാണാനെത്തുന്നവർക്ക് ബ്ലാങ്ങാട് ബീച്ചിലും സൗകര്യങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.