അവാർഡിൽ മിന്നിത്തിളങ്ങി തൃശൂർ
text_fieldsതൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തൃശൂരിനും തിളക്കമേറെ. ഇപ്പോൾ തൃശൂർക്കാരിയായി മാറിയ ഗായിക മൃദുല വാര്യർ, സംവിധായിക ശ്രുതി ശരണ്യം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, ബാലതാരം ഡാവിഞ്ചി സന്തോഷ്, ശബ്ദസംഗീത സംവിധായകൻ അജയൻ അടാട്ട്, മികച്ച സിനിമക്കുള്ള പുരസ്കാരം നേടിയ ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച ഗായകനുള്ള പുരസ്കാരം നേടിയ കപിൽ കപിലന് അവാർഡിനർഹമാക്കിയ പല്ലൊട്ടി 90സ് കിഡ്സിലെ ‘കനവേ മിഴിയിലുയരെ’ ഗാനത്തിന് ഈണം നൽകിയ മണികണ്ഠ അയ്യപ്പ തുടങ്ങിയവരെല്ലാം തൃശൂരിന്റെ അവാർഡ് തിളക്കമേറ്റിയ നക്ഷത്രങ്ങളാണ്.
ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ മയിൽപ്പീലിയിളകുന്നു കണ്ണാ... മധുമാരി ചൊരിയുന്നു കണ്ണാ... എന്ന ഗാനത്തിനാണ് മൃദുല വാര്യർക്ക് മികച്ച ഗായികക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. കോഴിക്കോട്ടുകാരിയാണെങ്കിലും മൃദുലക്ക് ബന്ധുജനങ്ങളുമായി നേരത്തെതന്നെ തൃശൂരുമായി ബന്ധമുണ്ട്. എന്നാൽ രണ്ട് വർഷത്തിലധികമായി തൃശൂർക്കാരിയാണ് മൃദുല. ഭർത്താവ് ഡോ. അരുൺ വാര്യർക്ക് തൃശൂരിലാണ് ജോലിയെന്നതിനാൽ താമസം തൃശൂരിലേക്ക് മാറ്റി. നഗരത്തിനോട് ചേർന്ന് പറവട്ടാനിയിലെ ഫ്ലാറ്റിലാണ് താമസം.
സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽനിന്നും മികച്ച സിനിമയുടെ സംവിധായികയായി തെരഞ്ഞെടുത്തത് തൃശൂർക്കാരിയായ ശ്രുതി ശരണ്യമാണ്. സർക്കാറിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെ.എഫ്.ഡി.സി വനിത സംവിധായകർക്കായി ഒരുക്കിയ സംരംഭത്തിലാണ് ശ്രുതി ശരണ്യം ബി 32 മുതൽ 44 വരെ എന്ന ചിത്രമൊരുക്കിയത്. ഭർത്താവ് സുഭാഷ് യു.കെയിലാണ്. തൃശൂർ ചെറുതുരുത്തിക്ക് സമീപം ആറ്റൂരിലാണ് വീട്.
‘വിഡ്ഡികളുടെ മാഷ്’ സിനിമയിലെ ‘തിരമാലയാണ് നീ കടലായ ഞാൻ നിന്നെ തിരയുന്നതെത്രമേൽ അർഥശൂന്യം’ എന്ന ഗാനത്തിനാണ് കവി റഫീക്ക് അഹമ്മദിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം തേടിയെത്തുന്നത്.
കെ.എസ്. ചിത്ര പാടിയ ഗാനത്തിന് ഈണം പകർന്നത് ബിജിബാൽ ആണ്. ഇത് ആറാംതവണയാണ് റഫീക്ക് അഹമ്മദിനെ തേടി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ഡാവിഞ്ചി സന്തോഷും ജില്ലയുടെ അഭിമാനമാണ്. നാടക കലാകാരനും സംസ്ഥാന നാടക പുരസ്കാര ജേതാവുമായ സതീഷ് കുന്നത്തിന്റെ മകനാണ് ഡാവിഞ്ചി സന്തോഷ്. പല്ലൊട്ടി 90സ് കിഡ് സിനിമയിലെ അഭിനയത്തിനാണ് മാസ്റ്റർ ഡാവിഞ്ചി സന്തോഷിന് പുരസ്കാരം. മാള കോണത്തുകുന്നാണ് സ്വദേശം.
ഇലവിഴാ പൂഞ്ചിറ സിനിമയുടെ ശബ്ദ രൂപകൽപ്പന നിർവഹിച്ച അജയൻ അടാട്ട് കുട്ടികളുടെ നാടക വേദിയിൽനിന്ന് സിനിമ മേഖലയിൽ എത്തിയ കലാകാരനാണ്. ഇപ്പോൾ മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ തിരക്കുള്ള ശബ്ദലേഖകനും ഡിസൈനറുമാണ്.
വേറിട്ടൊരു സിനിമ സ്റ്റൈലാണ് എന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടേത്. മമ്മുട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമയും ഇത് തന്നെ.
ചാലക്കുടി സ്വദേശിയാണ് ലിജോ ജോസ്. മികച്ച ഗായകനുള്ള പുരസ്കാരം നേടിയ കപിൽ കപിലന് അവാർഡിനർഹമാക്കിയ പല്ലൊട്ടി 90സ് കിഡ്സിലെ ‘കനവേ മിഴിയിലുയരെ’ ഗാനത്തിന് ഈണം നൽകിയ മണികണ്ഠൻ അയ്യപ്പയാണ്. അവാർഡിൽ നന്ദി അറിയിച്ച കപിൽ കപിലൻ മണികണ്ഠൻ അയ്യപ്പക്കാണ് നന്ദി അറിയിച്ചത്. തൃശൂർ കൈപ്പറമ്പ് കൊള്ളന്നൂർ സ്വദേശിയാണ് മണികണ്ഠൻ അയ്യപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.