വേനൽ: തൃശ്ശൂരിൽ 101ലേക്ക് വിളിയോടു വിളി
text_fieldsതൃശൂർ: അഗ്നിശമന കാര്യാലയത്തിൽ രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് അറുനൂറോളം തീപിടിത്തമാണ്. വലുതും ചെറുതുമായ 415ഓളം തീപിടിത്തങ്ങളാണ് ഫെബ്രുവരിയിൽ മാത്രമുണ്ടായത്. ഫെബ്രുവരിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണ്. ജനുവരിയിൽ ഇത് 178 മാത്രമാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ കനക്കാനിരിക്കെ പ്രശ്നം രൂക്ഷമാവാനിടയുണ്ട്.
ജീവനക്കാരുടെ അഭാവവും ഉപകരണങ്ങളുടെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവും കൂടിയാവുമ്പോൾ അഗ്നിശമന സേനയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയാവും. സേനയിൽ നികത്താനുള്ള ഒഴിവുകളും ഏറെയുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള പലർക്കും അമിത ജോലിഭാരമാണുള്ളത്.
പാലക്കാട് റൂട്ടിൽ കുതിരാൻ വരെയും പുതുക്കാട് തലോർ വരെയും പടിഞ്ഞാറ് മുല്ലശ്ശേരി, കേച്ചേരി, വാടാനപ്പള്ളി വരെയും തെക്ക് ഈരകം വരെയും തൃശൂർ ഫയർസ്റ്റേഷന്റെ സേവന പരിധിയാണ്. അഗ്നിശമന സേനയുടെ ടോൾ ഫ്രീ നമ്പറായ 101ലേക്ക് പലഭാഗങ്ങളിൽനിന്നുള്ള നിലക്കാത്ത വിളികൾ തുടരുന്നു. നാട്ടുകാർക്ക് കെടുത്താവുന്ന, പാടത്തും പറമ്പിലും ഉണ്ടാവുന്ന ചെറിയ തീപിടിത്തത്തിന് വരെ സേനയെ വിളിക്കുന്നതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.