തൃശൂർ: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം
text_fieldsതൃശൂർ: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ഇടതു മുന്നണിയുടെ സിറ്റിങ് വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇരു മുന്നണികൾക്കും നിർണായകമായിരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18ാം വാർഡ് ചാലാംപാടം ഡിവിഷൻ യു.ഡി.എഫും മതിലകം ബ്ലോക്ക് പഞ്ചായത്ത് 10ാം വാർഡ് അഴീക്കോട് ഡിവിഷൻ ഇടതുമുന്നണിയും നിലനിർത്തി.
മൂന്ന് ഡിവിഷനുകളിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. കടപ്പുറം പഞ്ചായത്ത് 16ാം വാർഡ് ലൈറ്റ്ഹൗസ് വാർഡിലാണ് ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടായത്. യു.ഡി.എഫ് സ്ഥാനാർഥി ദലിത് ലീഗ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സുനിത പ്രസാദ് വിജയിച്ചു. എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി രജിതക്കെതിരെ 84 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സുനിത വിജയിച്ചത്.
മുസ്ലിം ലീഗിെൻറ സ്ഥിരം സീറ്റായ 16ാം വാർഡ് തൊട്ടാപ്പ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെയാണ് സി.പി.എം പക്ഷത്തേക്ക് മാറിയത്.
സംവരണ വാർഡായ ഇവിടെ സി.പി.എം മത്സരിപ്പിച്ചത് പൊതുസമ്മതനും പ്രദേശിക നേതാവുമായിരുന്ന ടി.കെ. രവീന്ദ്രനെയായിരുന്നു. അദ്ദേഹത്തിെൻറ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫിൽ പുതിയൊരാൾ എത്തിയതോടെ അംഗബലം കൂടുമെന്നതല്ലാതെ പഞ്ചായത്തിൽ വലിയ മാറ്റമൊന്നുമുണ്ടാകില്ല. മൊത്തം 16 വാർഡിൽ എട്ട് സീറ്റിൽ യു.ഡി.എഫാണ്. ഒരു സ്വതന്ത്രൻ കൂടി പിന്തുണക്കുന്ന യു.ഡി.എഫിന് ഇതോടെ 10 അംഗങ്ങളായി. ആകെ 1393 വോട്ടര്‍മാരില്‍ 1049 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
സുനിതക്ക് 539 വോട്ടും രജിതക്ക് 455 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ഒ.ആര്. ലജീഷിന് 21, എസ്.ഡി.പി.ഐയിലെ ബാലന് 24 വോട്ടും ലഭിച്ചു. ഒരാൾ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ ഇരു മുന്നണികൾക്കും നിർണായകമായിരുന്ന ചാലചാടം 18ാം വാർഡിൽ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ മിനി ജോസ് ചാക്കോളയാണ് വിജയിച്ചത്. മിനി ജോസിന് 487 വോട്ടും എല്‍.ഡി.എഫിെൻറ അഖിന് രാജ് ആൻറണിക്ക് 336 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ജോര്‍ജ് ആളൂക്കാരന്‍ 18 വോട്ടുമാണ് ലഭിച്ചത്. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602 വോട്ടിന് വിജയിച്ചതാണ് ഡിവിഷൻ.
2015ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സനായിരുന്ന നിമ്യ ഷിജു 283 വോട്ടിനാണ് ഈ വാര്‍ഡില്‍നിന്ന് വിജയിച്ചത്. മുന്‍ കൗണ്‍സിലര്‍ ജോസ് ചാക്കോള കോവിഡ് മൂലം മരിച്ചതോടയൊണ് ഭാര്യ മിനി ജോസ് സ്ഥാനാര്‍ഥിയായത്. 2020ല്‍ ലഭിച്ച ഭൂരിപക്ഷം ലഭിക്കാത്തതും ഭൂരിപക്ഷം കുറഞ്ഞതും കോണ്‍ഗ്രസ് ക്യാമ്പില്‍ ഇപ്പോൾ തന്നെ അഭിപ്രായ ഭിന്നത ഉയർന്നു കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഖിന് രാജ് ആൻറണിക്ക് 2020ല്‍ 115 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 336 വോട്ടായി വര്‍ധിച്ചു. 2020ല്‍ ബി.ജെ.പിക്ക് 22 വോട്ട് ലഭിച്ചത് ഇത്തവണ 18 വോട്ടായി കുറഞ്ഞു.
ചാലാംപാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെ കൗണ്‍സിലില്‍ യു.ഡി.എഫിന് 17നും എല്‍.ഡി.എഫിന് 16നും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് ഉള്ളത്. ഒരംഗത്തിെൻറ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയത്തോടെ എൽ.ഡി.എഫ് സീറ്റ് നിലനിർത്തിയത്. 1975 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇടതു മുന്നണിയിലെ സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ നൗഷാദ് കറുകപ്പാടത്തിെൻറ വിജയം. നൗഷാദിന് 4990 വോട്ട് ലഭിച്ചു.
യു.ഡി.എഫിലെ പി.കെ. ചന്ദ്രബാബുവിന് 3015 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ സോമൻ എടമുട്ടത്തിന് 864 വോട്ടും ലഭിച്ചു. 8854 വോട്ടാണ് പോൾ ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1613 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഷായി അയ്യാരിൽ വിജയിച്ചത്. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ 350 വോട്ട് വർധിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. കക്ഷിനില: എൽ.ഡി.എഫ് - 14, യു.ഡി.എഫ് - ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.