ചുവപ്പ് വസന്തമായി ബോൺ നത്താലെ
text_fieldsതൃശൂർ: ആയിരക്കണക്കിന് സാന്താക്ലോസ് വേഷധാരികളുടെ ആഹ്ലാദച്ചുവടുകൾ, മാലാഖക്കുട്ടികളുടെ നൃത്തം, പ്രച്ഛന്ന വേഷധാരികളുടെ വിസ്മയഭാവങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ആകർഷക കലാവതരണങ്ങൾ... മൂന്നര മണിക്കൂറിലേറെ നീണ്ട കാഴ്ചപ്പെരുമയിൽ നഗരം ആനന്ദത്തിലാറാടിയ ക്രിസ്മസ് ഘോഷയാത്ര ‘ബോൺ നത്താലെ’ തൃശൂരിന് ഒരിക്കൽകൂടി പകരങ്ങളില്ലാത്ത ആഘോഷമായി. തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്നൊരുക്കിയ ബോൺ നത്താലെയെ ജനങ്ങൾ ഹൃദയത്തിലേറ്റി.
കുട്ടികളും യുവതീയുവാക്കളുമടങ്ങിയ പാപ്പാവേഷധാരികളുടെ ചുവടുവെപ്പുകളും കലാ പ്രകടനങ്ങളും വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ കാഴ്ചയുടെ കുടമാറ്റം ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് പൂരനഗരിയിലെത്തിയത്. തൃശൂരിന്റെ ക്രിസ്മസ് ആഘോഷം ഏറ്റവും വലിയ ക്രിസ്മസ് ഘോഷയാത്രയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയതാണ്.
‘ക്രിസ്മസ് ആശംസകൾ’ എന്ന സന്ദേശം പങ്കുവെക്കുന്ന ബോൺ നത്താലെ 2013ലാണ് ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം നടത്താനായിരുന്നില്ല. അതിരൂപതയുടെ കീഴിലെ 220 ഇടവകകളിൽ നിന്നുള്ള പതിനായിരത്തോളം തെരഞ്ഞെടുക്കപ്പെട്ടവരാണ് ചുവപ്പ് വസ്ത്രധാരികളായി സാന്താക്ലോസുമാരായി നഗരവീഥിയിൽ ചുവപ്പ് വസന്തം തീർത്തത്. പാപ്പാമാർ ഒരേ താളത്തിൽ ചുവട് വെച്ച് ഫ്ലാഷ് മോബും മനോഹമായ നിശ്ചലദൃശ്യങ്ങളും ഒഴുകിനീങ്ങുന്നത് ബോൺ നത്താലെ വർണാഭമാക്കി.
വൈകീട്ട് അഞ്ചോടെ തൃശൂർ സെന്റ് തോമസ് കോളജിന് മുന്നിൽ നിന്നാണ് പാപ്പാമാരുടെ റാലി ആരംഭിച്ചത്. കേന്ദ്രമന്ത്രി ജോൺബാർല, റവന്യു മന്ത്രി കെ. രാജൻ, തൃശൂർ മേയർ എം.കെ. വർഗീസ്, സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മത സാമുദായിക സംഘടന പ്രമുഖർ, സാമൂഹിക - സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ ഘോഷയാത്രയുടെ മുൻനിരയിൽ നീങ്ങി.
ഘോഷയാത്രയിൽ മാലാഖമാർ, സ്കേറ്റിങ് പാപ്പമാർ, ബൈക്ക് പാപ്പമാർ, വീൽചെയർ പാപ്പമാർ എന്നിവർ അണിനിരന്നു. മുന്നൂറോളം യുവാക്കൾ ചേർന്ന് ഒരുക്കിയ ചലിക്കുന്ന ക്രിസ്മസ് കൂടായിരുന്നു ഇത്തവണത്തെ നിശ്ചല ദൃശ്യങ്ങളിലെ വിസ്മയക്കാഴ്ച. സാമൂഹിക പശ്ചാത്തലങ്ങളും ബൈബിൾ കഥകളുമടക്കം ഉൾപ്പെടുത്തിയ പന്ത്രണ്ടോളം നിശ്ചല ദൃശ്യങ്ങളും കാഴ്ചക്കാർക്ക് വിസ്മയാനുഭവം സമ്മാനിച്ചു.
നഗരത്തിൽ രാത്രികാല വ്യാപാരോത്സവം നടക്കുന്നതിനാൽ വർണക്കാഴ്ചകളുടേത് കൂടിയായിരുന്നു ബോൺ നത്താലെ. വിവിധയിടങ്ങളിൽനിന്ന് ഘോഷയാത്ര ആസ്വദിക്കാൻ ആയിരങ്ങളാണ് നഗരത്തിലേക്കൊഴുകിയത്. ഉച്ചയോടെ തന്നെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചിരുന്നു. സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളജിന് മുന്നിൽ രാത്രി ഒമ്പതോടെയാണ് ഘോഷയാത്ര അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.