ശക്തനിലെ ആകാശപ്പാത നാടിന് സമർപ്പിച്ചു
text_fieldsതൃശൂർ: തൃശൂരിന്റെ സ്വപ്നപദ്ധതി ആകാശപ്പാതയുടെ ആദ്യഘട്ടം പൂർണമാക്കി നാടിന് സമർപ്പിച്ചു. വളരുന്ന ശക്തൻ നഗറിനുള്ള പുതിയ മാസ്റ്റർ പ്ലാനിനും തുടക്കമായി. ആകാശപ്പാതയുടെ സമർപ്പണം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
ലോകനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വൻ മുന്നേറ്റമാണ് ഏഴു വർഷത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയതെന്നും അവകാശപ്പെട്ടു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു കോടി ചെലവിലാണ് കോർപറേഷൻ ആകാശപ്പാലം നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാതയാണിത്. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തില്ല. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ലിഫ്റ്റുകൾ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സൂപ്രണ്ടിങ് എൻജിനീയർ ഷൈബി ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ഷീബ ബാബു, സാറാമ്മ റോബ്സൺ, ഡി.പി.സി അംഗം സി.പി. പോളി, കൗൺസിലർ കരോളിൻ പെരിഞ്ചേരി, അർബൻ ഇൻഫ്രാസ്ട്രക്ച്ചർ വിദഗ്ധൻ എൻ. രാഹുൽ, അസി. എൻജിനീയർ എം.ജെ. ജിൻസി എന്നിവർ സംസാരിച്ചു. കണിമംഗലം തൈവ മക്കളുടെ നാടൻപാട്ട് അവതരണവുമുണ്ടായി. ഉദ്ഘാടനത്തിന് പിന്നാലെ ആകാശപ്പാലത്തിൽ സഞ്ചരിക്കാനും സെൽഫിയെടുക്കാനും നിരവധിയാളുകളാണ് എത്തിയത്. കോണ്‍ഗ്രസും ബി.ജെ.പിയും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
പദ്ധതിയില്‍ വന്‍ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന് പല്ലന് ആരോപിച്ചു. 15 കോടിയോളമാണ് ഇതിന്റെ ചെലവെന്നത് മറച്ചു വെക്കുകയാണ്. 2017-18 കാലത്ത് നാല് കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. പൂർണമായും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആകാശ പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തത് നന്ദികേടാണെന്നും കോര്പറേഷന് തരംതാണ രാഷ്ടീയം കളിക്കുകയാണെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.