ഇനി തൃശൂർ 'ജില്ലയുടെ' മന്ത്രിമാർ
text_fieldsതൃശൂർ: ചരിത്ര നിയോഗത്തിൽ മികച്ച പങ്കാളിത്തമുറപ്പിച്ച ജില്ല ആഹ്ലാദ നിറവിൽ. രണ്ടാം പിണറായി മന്ത്രിസഭ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ നാടാകെ ആഘോഷവും ആഹ്ലാദവും നിറയേണ്ടതിന് പകരം കോവിഡ് സാഹചര്യത്തിൽ പാർട്ടി ഓഫിസുകളിലും വീടുകളിലുമിരുന്ന് ചടങ്ങുകൾ കണ്ടും മധുരം വിളമ്പിയുമായിരുന്നു ആഘോഷം.
ദേവസ്വം വകുപ്പെന്ന ചരിത്ര ദൗത്യ നിർവഹണത്തിന് നിയോഗിക്കപ്പെട്ട സി.പി.എം േകന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്ണൻ, സി.പി.എം ജില്ല കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമായ, ജില്ലയിലെ ആദ്യ വനിത മന്ത്രിയെന്ന ചരിത്രംകൂടി രചിച്ച ആർ. ബിന്ദു, അന്തിക്കാടിെൻറ പാരമ്പര്യമുയർത്തി ഒല്ലൂരിെൻറ ചരിത്രം തിരുത്തി കെ. രാജൻ എന്നിവരാണ് ജില്ലയിൽനിന്ന് മന്ത്രിമാരായി ചുമതലയേറ്റത്.
മുഖ്യമന്ത്രി പിണറായി വിജയെൻറ സത്യപ്രതിജ്ഞക്ക് ശേഷം രണ്ട് ഘടക കക്ഷി മന്ത്രിയെന്ന നിലയിൽ കെ. രാജൻ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നു പേരും 'സഗൗരവ'മാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവരും എം.എൽ.എമാരും തിരുവനന്തപുരത്തെത്തി ചടങ്ങുകളിൽ പങ്കെടുത്തു. മന്ത്രി വി.എസ്. സുനിൽകുമാർ കോവിഡാനന്തര ചികിത്സക്കിടെ കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ ഓൺലൈനിലാണ് ചടങ്ങുകൾ കണ്ടത്.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല െസക്രട്ടേറിയറ്റ് അംഗങ്ങൾ അടക്കമുള്ള നേതാക്കളും മറ്റു പ്രവർത്തകരും, സി.പി.ഐയുടെ ജില്ല ആസ്ഥാനത്ത് അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ അടക്കമുള്ള നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങുകൾ ടി.വിയിൽ കണ്ടു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് കോവിഡ് നിരീക്ഷണത്തിലായതിനാൽ വീട്ടിലിരുന്നാണ് ചടങ്ങുകൾ കണ്ടത്. ഓഫിസുകളിൽ മധുര പലഹാര വിതരണവും നടന്നു. ആഘോഷവും ആഹ്ലാദവും വീടുകളിലൊതുക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ആഘോഷിക്കാവൂവെന്നും ഇടതുമുന്നണിയുടെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രവർത്തകർ 'ചരിത്ര നിയോഗ'ത്തിെൻറ ആഹ്ലാദം പുറത്ത് പ്രകടിപ്പിക്കാനാവാതെ ഉള്ളിലൊതുക്കി.
നാലു പതിറ്റാണ്ടിന് ശേഷമെത്തിയ തുടർഭരണമെന്ന ചരിത്ര സംഭവത്തിൽ ദേവസ്വം വകുപ്പിെൻറ തലപ്പത്ത് കെ. രാധാകൃഷ്ണനെന്ന ദലിതനെത്തുന്ന ആവേശവും ജില്ലക്ക് കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അടയാളപ്പെടുത്തലായി. ജില്ലയുടെ ആദ്യ വനിതയെന്ന അധ്യായത്തിലിടം നേടിയെത്തിയ ആർ. ബിന്ദുവിെൻറ പദവി നേട്ടത്തിലും ചോരയുടെ ചരിത്രമുറങ്ങുന്ന അന്തിക്കാട് നിന്നുമെത്തി കോൺഗ്രസ് കോട്ടയെന്ന് അവകാശപ്പെടുന്ന ഒല്ലൂരിനെ ചെങ്കോട്ടയാക്കിയ കെ. രാജെൻറ വിജയത്തിലും ജില്ലയിലെ ഇടത് പ്രവർത്തകരുടെ ആവേശം വാനോളമാണ്. പുറത്തിറങ്ങി പ്രകടനത്തിന് കഴിയാത്ത വിഷമം സമൂഹമാധ്യമത്തിലാണ് പ്രവർത്തകർ പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറയും കെ. രാധാകൃഷ്ണെൻറയും ആർ. ബിന്ദുവിെൻറയും കെ. രാജെൻറയും സത്യപ്രതിജ്ഞ ചടങ്ങുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചും പ്രവർത്തകർ ആഹ്ലാദവും ആഘോഷവും പങ്കുവെച്ചു.
ചേലക്കര തോന്നൂർക്കരയിൽ കെ. രാധാകൃഷ്ണെൻറ വീട്ടിൽ അമ്മ ചിന്നയും സഹോദരിയും നാട്ടുകാരുമുൾപ്പെടെ ഇരുന്നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ടി.വിയിൽ കണ്ടത്. ടി.വിയിൽ രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് അമ്മ ചിന്നയുടെ കണ്ണുകൾ നിറഞ്ഞു. അന്തിക്കാട് കെ. രാജെൻറ വീട്ടിൽ അമ്മയും ഭാര്യയും സഹോദരനും കുടുംബവുമടക്കം ടി.വിയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ കണ്ടു. മന്ത്രി ബിന്ദുവും ഭർത്താവും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവനും മകൻ ഹരികൃഷ്ണനും തിരുവനന്തപുരത്തായിരുന്നതിനാൽ തൃശൂരിലെ വീട് അടഞ്ഞുകിടന്നു.
ചേലക്കര മണ്ഡലത്തിെൻറ പ്രതിനിധിയായി നിയമസഭയിലെത്തി ദേവസ്വം വകുപ്പ് കൈയാളുന്ന രണ്ടാമത്തെയാളാണ് കെ. രാധാകൃഷ്ണൻ. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശേരിയുടെ പാരമ്പര്യത്തിൽനിന്നും രവീന്ദ്രനാഥ് വരെയെത്തിയരുടെ പിന്തുടർച്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ആർ. ബിന്ദുവിെൻറത്. അന്തിക്കാടിെൻറ ചുവപ്പ് പാരമ്പര്യത്തിൽ കെ.പി. രാജേന്ദ്രെൻറ പിന്മുറക്കാരനായാണ് റവന്യൂ വകുപ്പിൽ കെ. രാജൻ എത്തിയത്.
വീട്ടിലിരുന്ന് ടി.വിയിൽ സത്യപ്രതിജ്ഞ കണ്ട് മന്ത്രി രാജെൻറ കുടുംബം
അന്തിക്കാട്: മകൻ കെ. രാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അന്തിക്കാട്ടെ വീട്ടിലിരുന്ന് ടി.വിയിൽ കൺകുളിർക്കെ കണ്ട അമ്മ രമണി ഏറെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും പറഞ്ഞത് ഇത്രമാത്രം: പാവങ്ങളെ സഹായിക്കുന്ന, നല്ല ഭരണം കാഴ്ചവെക്കുന്ന മിടുക്കനായ മന്ത്രിയാകണം മകൻ. ഇത്രയും പറഞ്ഞതിന് ശേഷം അവർ വീണ്ടും ടി.വിയിലേക്ക് കണ്ണ് നട്ടു.
മൂന്നാം മന്ത്രിയായി റോഷി അഗസ്റ്റിെൻറ സത്യപ്രതിജ്ഞയായിരുന്നു അന്നേരം ടി.വിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് ശേഷം ഘടകകക്ഷി മന്ത്രിയെന്ന നിലയിൽ രണ്ടാമൂഴം കെ. രാജേൻറതായിരുന്നു. രാജെൻറ അനുജൻ വിജയൻ, ഭാര്യ ബിനി, മകൾ ഗൗരിനന്ദ എന്നിവരോടൊപ്പമാണ് 76കാരിയായ അമ്മ രമണി സത്യപ്രതിജ്ഞ ചടങ്ങുകൾ ആദ്യാവസാനം വരെ കണ്ടത്. സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും അമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് രാജൻ സത്യപ്രതിജ്ഞക്ക് പുറപ്പെട്ടത്.
പി. രാജീവിന്റെ സത്യപ്രതിജ്ഞ ടി.വിയിൽ കണ്ട് അമ്മ
മാള: രണ്ടാം പിണറായി സർക്കാറിൽ 16ാമനായി മകൻ സത്യപ്രതിജ്ഞ ചെയ്യുന്നത് ടി.വിയിൽ കണ്ട് കൺകുളിർത്ത് അമ്മ. കളമശ്ശേരിയിൽനിന്ന് മിന്നുന്ന വിജയം നേടിയ പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നത് ജന്മനാടായ മാള മേലഡൂരിലെ വീട്ടിലിരുന്ന് ടി.വിയിലൂടെ കാണുകയായിരുന്നു മാതാവ് രാധ. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ വീട്ടിലെത്തിയ സന്ദർശകർക്ക് ബന്ധുവിേനാടൊപ്പം മധുരം വിളമ്പി.
ശാരീരികാസ്വാസ്ഥ്യം മൂലമാണ് രാധ തിരുവനന്തപുരത്ത് േപാകാതിരുന്നത്. മന്ത്രിയാവുമെന്ന പ്രതീക്ഷയൊന്നും അമ്മക്കുണ്ടായിരുന്നില്ല. നാടിന് വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും നല്ലത് ചെയ്യാൻ മകന് കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. സന്തോഷത്താൽ അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സഗൗരവം പ്രതിജ്ഞ ചെയ്യുന്നതിനേക്കാൾ ദൈവത്തിെൻറ പേരിൽ ചെയ്യണമെന്ന അഭിപ്രായം രാധ മറച്ചുെവച്ചില്ല. ആപത്ത് വരുമ്പോൾ ആദ്യം വിളിക്കുന്നത് ദൈവത്തെയാെണന്ന് രാധ ചിരിച്ച് കൊണ്ട് പറഞ്ഞു.
1990 മുതൽ പി. രാജീവ് കളമശ്ശേരിയിലാണ് താമസം. മേലഡൂർ പുന്നാടത്ത് വാസുദേവനാണ് പിതാവ്. ഇദ്ദേഹം നേരത്തേ മരിച്ചിരുന്നു.
കഴിഞ്ഞദിവസം അമ്മയെ കാണാൻ രാജീവ് നാട്ടിൽ എത്തിയിരുന്നു. അമ്മ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സത്യപ്രതിജ്ഞ ടി.വിയിൽ വീക്ഷിക്കാൻ അന്നമനട ഗ്രാമപഞായത്ത് പ്രസിഡൻറ് പി.വി. വിനോദ്, സി.പി.എം നേതാക്കളായ സി.ആർ. പുരുഷോത്തമൻ, പ്രവീൺ ചന്ദ്രൻ, പി.കെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡൊമിനിക് പ്രസേൻറഷൻ എന്നിവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.