സൗന്ദര്യമികവിൽ തുമ്പൂർമുഴി തൂക്കുപാലം
text_fieldsഅതിരപ്പിള്ളി: വിനോദ സഞ്ചാരികളെ കാത്ത് ബലപ്പെടുത്തി സുന്ദരമാക്കിയ തുമ്പൂർമുഴി തൂക്കുപാലം. കഴിഞ്ഞ ഒന്നരമാസമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതോടെ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതത്വത്തോടെ പുഴയുടെ കാഴ്ചകൾ കാണാൻ അവസരമുണ്ട്. 2018നുശേഷം തുമ്പൂർമുഴി തൂക്കുപാലത്തിന്റെ ബലപരിശോധന ഒരു വട്ടമല്ലാതെ കാര്യമായി നടന്നിട്ടില്ല. സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി ബലപരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. പാലം ആദ്യമായി പെയിന്റിങ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തു. കെൽ കമ്പനിയാണ് തൂക്കുപാലത്തിന്റെ ബലപ്പെടുത്തലിനും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചത്.
അതേസമയം, പ്രവൃത്തികൾ നടക്കുന്ന സമയത്ത് പാലത്തിലെത്തുന്ന വിനോദ സഞ്ചാരികളെ തടസ്സപ്പെടുത്തിയിരുന്നില്ല. നിയന്ത്രിതമായ രീതിയിൽ സഞ്ചാരികളെ പാലത്തിലൂടെ സഞ്ചരിക്കാനും അനുവദിച്ചിരുന്നു.അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കഴിഞ്ഞാൽ ഏറ്റവും ആകർഷകമായ കാര്യമാണ് തുമ്പൂർമുഴി തുക്കുപാലം. സാധാരണ തൂക്കുപാലങ്ങളെ അപേക്ഷിച്ച് നിരവധി പേർക്ക് സഞ്ചരിക്കാനും വശങ്ങളിൽനിന്ന് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഫോട്ടോ, വിഡിയോ ദൃശ്യം പകർത്താനും തൂക്കുപാലത്തിൽ സൗകര്യമുണ്ട്.
ചാലക്കുടിപ്പുഴക്ക് കുറുകെ നിർമിച്ച തൂക്കുപാലത്തിന്റെ രണ്ടറ്റത്തും രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണെന്നതാണ് ഒരു സവിശേഷത. തൃശൂർ ജില്ലയിലെ തുമ്പൂർമുഴി ശലഭോദ്യാനവും മറ്റേ അറ്റത്ത് എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവുമാണ്. ഒരേസമയം രണ്ട് സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ഈ പാലത്തിന്റെ നിർമാണത്തിലൂടെ സാധിച്ചു. എന്നാൽ, രണ്ടിടത്തും വേറെ പ്രവേശന ടിക്കറ്റുകൾ എടുക്കണം. മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.