തൂണക്കടവ് അറ്റകുറ്റപ്പണികൾക്ക് തുറന്നു; ചാലക്കുടിപ്പുഴയിൽ അധികജലമെത്തി
text_fieldsഅതിരപ്പിള്ളി: പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നതിനാൽ ചാലക്കുടിപ്പുഴയിലേക്ക് അധികജലമെത്തി. ഇതോടെ വേനൽമഴ കുറഞ്ഞതിനെ തുടർന്ന് ക്ഷീണിച്ച ചാലക്കുടിപ്പുഴക്ക് ഉണർവായി. ജലസംഭരണി വറ്റിവരണ്ട പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളമെത്തി തുടങ്ങിയിട്ടുണ്ട്.
ഈ സീസണിൽ വിനോദസഞ്ചാരികളെ നിരാശയിലാക്കിയ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ദൃശ്യഭംഗി താൽക്കാലികമായി വീണ്ടെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണിക്കു മുന്നോടിയായുള്ള ജലക്രമീകരണത്തിനായാണ് പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നത്. ഇവിടത്തെ മൂന്നു ഷട്ടറുകളുടെയും അറ്റകുറ്റപ്പണിക്കായി നിയന്ത്രിത അളവിലുള്ള വെള്ളമൊഴുക്കി വിടുകയാണ്.
മഴക്കാലം എത്തുന്നതിന് മുമ്പ് ഷട്ടറുകളുടെ ബലം ഉറപ്പാക്കുകയാണ് ലക്ഷ്യം. 1770 അടി സംഭരണ ശേഷിയുള്ള തൂണക്കടവ് അണക്കെട്ടിൽ ജലനിരപ്പ് 1745 അടി വരെ കുറച്ചതിനു ശേഷമായിരിക്കും അറ്റകുറ്റപ്പണി നടത്തുക.
തൂണക്കടവ് അണക്കെട്ടിലെ മൂന്നു ഷട്ടറുകളിൽ നടുവിലുള്ള ഷട്ടർ രണ്ട് അടിയാണ് തുറന്നത്. സെക്കൻഡിൽ 1210 ക്യുസെക്സ് വെള്ളം കുരിയാർകുറ്റി പുഴയിലൂടെ പെരിങ്ങൽകുത്ത് അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിൽനിന്ന് അര ടി.എം.സി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.