പുലിപ്പേടി: പാലപ്പിള്ളിയില്‍ കാമറകള്‍ സ്ഥാപിച്ചു
text_fieldsആമ്പല്ലൂർ: പുലിശല്യം വർധിച്ച സാഹചര്യത്തിൽ പാലപ്പിള്ളിയില്‍ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച ശേഷം കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് വനം വകുപ്പിന്റെ ശ്രമം. ഇതിനായി കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. ഒരാഴ്ചക്കിടെ ഇവിടെ മൂന്ന് തവണ പുലിയിറങ്ങി മൂന്ന് പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. വെള്ളിക്കുളങ്ങര റേഞ്ച് പരിധിയിലെ കാരികുളത്ത് തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും കന്നാറ്റുപാടം സ്കൂളിന് സമീപവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പശുക്കുട്ടിയെ പുലി പിടികൂടിയത്. കാരിക്കുളം പഴയ റേഷന്‍ കടക്ക് സമീപം മാനിനെയും പുലി ആക്രമിച്ചിരുന്നു. തോട്ടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ വൈകീട്ടാണ് പാഡികള്‍ക്ക് സമീപമെത്തുന്നത്. രാത്രി കന്നുകാലികളെ പുലി ആക്രമിക്കുന്നതും പതിവാണ്.
പുലിയുടെ ആക്രമണം ഭയന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി പാഡികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളും ആദിവാസികളും ഏറെയുള്ള പ്രദേശത്താണ് നിരന്തരം പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുമ്പ് കുണ്ടായി ചൊക്കന ഭാഗത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന പുലിയെ അതുവഴി വന്ന കാര്‍ യാത്രക്കാര്‍ കണ്ടിരുന്നു. തോട്ടങ്ങളില്‍ കന്നുകാലികള്‍ മേഞ്ഞുനടക്കുന്നതിനാലാണ് പുലി നിരന്തരം ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അലഞ്ഞുനടക്കുന്ന കന്നുകാലികളെ മാറ്റി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന് ജോസഫ് വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതർക്ക് കത്തുനല്‍കി. അതേസമയം, കാമറ സ്ഥാപിക്കുന്നതിന് പകരം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് മലയോര കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.