ഓണം കളിയരങ്ങ് കീഴടക്കാൻ അതിരപ്പിള്ളിയിലെ പെൺപുലികൾ
text_fieldsഅതിരപ്പിള്ളി: മധ്യകേരളത്തിലെ ഓണം കളി വേദികളിൽ അരങ്ങ് കീഴടക്കാൻ അതിരപ്പിള്ളിയിലെ പെൺപുലികൾ. ശ്രീബാലഭദ്ര അതിരപ്പള്ളി എന്ന സ്ത്രീകളുടെ ഓണം കളി സംഘമാണ് ആകർഷകമായ പാട്ടുകളും ചടലുമായ ചുവടുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ശ്രീബാലഭദ്രയുടെ ടീം ക്യാപ്റ്റൻ സരിതയും ചുവട് ക്യാപ്റ്റൻ പ്രസീദയുമാണ് നേതൃത്വം നൽകുന്നത്. ഓണംകളി സീസണും നാടൻ ഉത്സവവേദികളിലെ അരങ്ങുകളും പ്രതീക്ഷിച്ചാണ് ഇവർ കലാപ്രവർത്തനം നടത്തുന്നത്. സനൂപ് പുഞ്ചിരി ആശാനാണ് പരിശീലകൻ.
സംഘത്തിൽ 25 ഓളം പേരുണ്ട്. സ്കൂൾ വിദ്യാർഥിനികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഓണം കളി സംഘത്തിലെ അംഗങ്ങളാണ്. വന സംരക്ഷണ സമിതി തുടങ്ങി അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് മിക്കവരും. കഴിഞ്ഞ വർഷമാണ് ഇവർ സംഘം രൂപവത്കരിച്ചത്. 12ൽ പരം വ്യത്യസ്ത ചുവടുകളിലൂടെയാണ് ഇവരുടെ പ്രത്യേകത. ഇരിങ്ങാലക്കുടയിൽ മികച്ച പ്രകടനത്തിലൂടെ മത്സരക്കളിയിൽ ഒന്നാം സ്ഥാനം നേടി.
തിരുവോണ നാളിൽ ചാലക്കുടി മഠത്തിൽകാവ് ക്ഷേത്രത്തിലാണ് മത്സരക്കളികളിൽ ഒന്ന്. മികവ് വർധിപ്പിക്കാൻ രാത്രിയും പകലും വാശിയേറിയ പരിശീലനത്തിലാണ് സംഘാംഗങ്ങൾ. ഇവരുടെ വഴി പിന്തുടർന്ന് ഇത്തവണ അതിരപ്പിള്ളിയിൽ തന്നെ വൈദേഹി, മിഥില എന്നിങ്ങനെ വേറെ രണ്ട് ഓണംകളിസംഘങ്ങൾ കൂടി രൂപം കൊണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.