ടി.എൻ. പ്രതാപന്‍റെ ശേഖരത്തിൽ പുസ്തകങ്ങൾ 20,000 കടന്നു
text_fieldsഇന്ന് വായനദിനം
തൃശൂര്‍: 'സ്‌നേഹപൂര്‍വം ടി.എന്‍. പ്രതാപന്‍ എം.പിക്ക് വായിക്കാന്‍ ഒരു സമ്മാനം' -കഴിഞ്ഞ ദിവസം തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനത്തിനെത്തിയ ടി.എന്‍. പ്രതാപന്‍ എം.പിക്ക് വിദ്യാര്‍ഥിനികള്‍ നല്‍കിയ സമ്മാനപ്പെട്ടിയിലെഴുതിയ വാചകമാണിത്. സമ്മാനമായി നൽകിയത് വിവിധ പെട്ടികളിലായി ആയിരത്തോളം പുസ്തകങ്ങള്‍. ഇന്ന് വായനദിനം ആചരിക്കുമ്പോൾ ടി.എൻ. പ്രതാപന്‍റെ ശേഖരത്തിൽ പുസ്തകങ്ങൾ 20,000 കടന്നു.
കാൾ മാര്‍ക്‌സിന്‍റെ മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമടക്കം ശേഖരത്തിലുണ്ട്. ബൈബിള്‍, ഗീത, ഖുർആന്‍ എന്നിവയും ഗാന്ധിയന്‍ പുസ്തകങ്ങളും ബാലസാഹിത്യവും പുരാണങ്ങളും ലേഖന സമാഹാരങ്ങളും കഥ, കവിത എന്നിവയും സമ്മാനമായി ലഭിച്ചതാണ്. 2019 ജൂണ്‍ 17ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്തയുടൻ പ്രതാപന്‍ തീരുമാനമെടുത്തിരുന്നു; എം.പി എന്ന നിലയില്‍ പങ്കെടുക്കുന്ന ഒരു പരിപാടിയിലും പൂക്കളോ പൂച്ചെണ്ടോ ഷാളോ മൊമന്‍റോയോ മറ്റ് ഉപഹാരങ്ങളോ വാങ്ങില്ലെന്നും പകരം ഒരു പുസ്തകം അല്ലെങ്കില്‍ ഒരു ഹസ്തദാനം മതിയെന്നും. ഒന്ന് മുതൽ ആയിരം വരെ പുസ്തകങ്ങള്‍ ഇക്കാലയളവില്‍ സമ്മാനമായി ലഭിച്ചു.
ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഗിന്നസ് റെക്കോഡു വരെ ലഭിക്കുമായിരുന്ന ഒരു പുസ്തകസമ്മാനവും ഇതിനിടെ നടന്നു. തൃശൂരില്‍ നടന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ 'ഒരു പ്രതിനിധി ഒരു പുസ്തകം ഞങ്ങളുടെ പ്രതിനിധിക്ക്' എന്ന ആഹ്വാനം സംഘാടകര്‍ മുന്നോട്ടുവെച്ചു. പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപനായിരുന്നു. കാസര്‍കോട് മുതൽ തിരുവനന്തപുരം വരെയുള്ള അധ്യാപക പ്രതിനിധികള്‍ ഓരോ പുസ്തകം എം.പിക്കായി കൊണ്ടുവന്നു. തേക്കിന്‍കാട് മൈതാനിയില്‍ വിദ്യാര്‍ഥി കോര്‍ണറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ എം.പിക്ക് സമ്മാനിച്ചത് എണ്ണായിരത്തോളം പുസ്തകമാണ്.
ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേറ്റ് ചെയ്തതും ഏറ്റവും കൂടുതലാളുകള്‍ പുസ്തകമെടുക്കാന്‍ വരുന്നതുമായ ലൈബ്രറികള്‍ക്ക് 250 പുസ്തകങ്ങള്‍ മുതല്‍ രണ്ടായിരത്തോളം വരെ പുസ്തകങ്ങള്‍ എം.പി നല്‍കി. അംഗൻവാടികൾക്കും നൽകി പുസ്തകങ്ങള്‍. വ്യക്തികള്‍ക്ക് സമ്മാനമായി പുസ്തകം നല്‍കാറില്ലെന്ന് പ്രതാപന്‍ പറയുന്നു. തളിക്കുളത്തെ വായനശാല മുതൽ വിയ്യൂരിലെ അതിസുരക്ഷ ജയിൽ ലൈബ്രറിയിൽ വരെ എം.പി നൽകിയ പുസ്തകങ്ങളുണ്ട്. എം.പി അലവന്‍സ് ഉപയോഗിച്ച് അലമാര, ഫർണിച്ചര്‍ എന്നിവയും നൽകിയിട്ടുണ്ട്. സമ്മാനമായി കിട്ടുന്ന പുസ്തകങ്ങളെല്ലാം സൂക്ഷിക്കുന്നത് അയ്യന്തോളിലെ ഓഫിസിലാണ്. കോവിഡ് കാരണം പൊതുപരിപാടികള്‍ കുറഞ്ഞില്ലായിരുന്നെങ്കിൽ പുസ്തകം അരലക്ഷം കടന്നേനെയെന്ന് എം.പി പറഞ്ഞു.
ഈ വര്‍ഷത്തെ വായനദിനത്തില്‍ എം.പി പുതിയൊരു പ്രഖ്യാപനം കൂടി നടത്തുകയാണ്. വായനായോഗ്യമായ 50 പുസ്തകങ്ങള്‍ സമ്മാനമായി തരാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി പുസ്തകം സ്വീകരിക്കും. പുസ്തകശേഖരണവും വിതരണവും എം.പിയുടെ കാലാവധി കഴിഞ്ഞാലും തുടരുമെന്നും തളിക്കുളം പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് കൂടിയായ പ്രതാപൻ പറഞ്ഞു.
വായനക്ക് പുറമെ എഴുത്തിനും സമയം മാറ്റിവെക്കുന്നുണ്ട്. 'ഓർമകളുടെ സ്നേഹതീരം', 'ഭ്രാന്ത് പെരുകും കാലം' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.