പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ 66,575 പേർ
text_fieldsതൃശൂർ: സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാതെ ജില്ലയിൽ 66,575 പേർ. വിരലടയാളം ചേരാതെ വരുകയോ മസ്റ്ററിങ്ങിന് എത്താൻ കഴിയാതിരിക്കുകയോ ചെയ്തവരാണ് ഇതിലേറെയും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് കിടപ്പുരോഗികൾക്കും മറ്റും വീട്ടിലെത്തി മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. ഇതിനുശേഷവും അരലക്ഷത്തിലേറെ പേർ മസ്റ്ററിങ് നടത്താനുണ്ട്.
ആഗസ്റ്റ് 31വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്. നേരത്തേ ജൂലൈ 31ന് അവസാനിച്ച സമയപരിധി പിന്നീട് ഈമാസം 31വരെ നീട്ടുകയായിരുന്നു. ഇതിനുശേഷവും പൂർത്തിയാക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് ബയോമെട്രിക് പരിശോധന പൂർത്തിയാക്കാം. അതിനുശേഷമുള്ള പെൻഷനേ അർഹതയുണ്ടാകൂവെന്ന് മാത്രം. കോർപറേഷനും മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ളതിൽ 11 സ്ഥാപനങ്ങളിൽ ആയിരത്തിലേറെ പേർ പുനഃപരിശോധന പൂർത്തിയാക്കാനുണ്ട്.
തൃശൂർ കോർപറേഷൻ പരിധിയിൽ ഇത് 6724പേരാണ്. അഞ്ച് വിഭാഗങ്ങളിലായി 1600രൂപയാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്. 517026 പേരാണ് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി ക്ഷേമപെൻഷന് അർഹതയുള്ളവർ. അക്ഷയ സംരംഭകരുടെ സമരവും അവധി ദിനങ്ങളും ഒഴിച്ചാൽ ഇനി കുറച്ച് ദിവസം മാത്രമേ മസ്റ്ററിങ്ങിനായി ശേഷിക്കുന്നുള്ളൂ.
ആയിരത്തിലേറെ പേർ മസ്റ്ററിങ് നടത്താനുള്ള തദ്ദേശ സ്ഥാപനങ്ങൾ
- തൃശൂർ കോർപറേഷൻ -6724
- വടക്കാഞ്ചേരി നഗരസഭ -1857
- ഇരിങ്ങാലക്കുട നഗരസഭ -1454
- ഗുരുവായൂർ നഗരസഭ -1256
- കൊടുങ്ങല്ലൂർ നഗരസഭ -1764
- പുത്തൂർ ഗ്രാമപഞ്ചായത്ത് -1533
- പാണഞ്ചേരി ഗ്രാമപഞ്ചായത്ത് -1384
- പുന്നൂയൂർ ഗ്രാമപഞ്ചായത്ത് -1173
- ആളൂർ ഗ്രാമപഞ്ചായത്ത് -1146
- മാള ഗ്രാമപഞ്ചായത്ത് -1002
- പഴയന്നൂർ ഗ്രാമപഞ്ചായത്ത്- 1000
വൈകരുത്, പെൻഷൻ തടസ്സപ്പെടും
- സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനാണ് ആധാർ അധിഷ്ടിതമായി ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നത്
- വിധവ പെൻഷൻ വാങ്ങുന്നവർക്ക് പുനർവിവാഹിതരല്ലെന്ന പരിശോധനയാണ് നടത്തുക
- ബയോമെട്രിക് പരിശോധനയിൽ പരാജയപ്പെട്ടാൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലോ ക്ഷേമനിധി ബോർഡിലോ സമർപ്പിച്ചാൽ മതി.
- സർക്കാർ അന്തിമമായി നീട്ടി നൽകിയ തീയതി ആഗസ്റ്റ് 31
ജില്ലയിൽ ക്ഷേമപെൻഷൻ
- വാങ്ങുന്നവർ -517026
- മസ്റ്ററിങ് പൂർത്തിയാക്കിയവർ -450451
- പൂർത്തിയാക്കാനുള്ളവർ -66575
മസ്റ്ററിങ് പൂർത്തിയാക്കാനുള്ള വിഭാഗങ്ങൾ
- കർഷക പെൻഷൻ -4308
- വാർധക്യ പെൻഷൻ -39936
- വികലാംഗ പെൻഷൻ -5403
- അവിവാഹിതർക്കുള്ള
- പെൻഷൻ -1296
- വിധവ പെൻഷൻ -15632
ഈ മാസത്തോടെ പരമാവധി പൂർത്തിയാക്കും
മസ്റ്ററിങ്ങിനായി ഇപ്പോഴും തിരക്കുണ്ട്. വിദേശത്തായിരുന്നവരും മക്കളുടെ വീടുകളിലായിരുന്നവരുമൊക്കെയാണ് ഇപ്പോൾ എത്തുന്നത്. വീടുകളിലെത്തി മസ്റ്ററിങ് അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയാണ് ലഭിക്കുന്നത്. നടപടി പൂർത്തിയാക്കാൻ ഏറെ നേരം വേണ്ടിവരും. വേതന പരിഷ്കരണമൊന്നും നടന്നിട്ടുമില്ല. ഈ മാസം 31വരെ മസ്റ്ററിങ് നീട്ടിയിട്ടുണ്ട്. അതിനുള്ളിൽ പരമാവധി പേരെത്തുമെന്നാണ് പ്രതീക്ഷ.
(എ.ഡി. ജയൻ -അക്ഷയ സംരംഭകൻ, അസോസിയേഷൻ ഓഫ്ഐ .ടി എംപ്ലോയീസ് ജന. സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.