പൊലീസിൽനിന്ന് രക്ഷപ്പെടാന്‍ മണല്‍ കടത്ത് ലോറി ഡ്രൈവര്‍ കിണറ്റില്‍ ചാടി
text_fieldsദേശമംഗലം: പൊലീസിൽനിന്ന് രക്ഷപ്പെടാനായി മണല്‍ കടത്ത് ലോറി ഡ്രൈവര്‍ കിണറ്റില്‍ ചാടി. വരവൂര്‍ തളിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച രണ്ടിനാണ് സംഭവം. ഭാരതപ്പുഴയിലെ ദേശമംഗലം കടവുകളില്‍നിന്ന് രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണ്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തില്‍ അർധരാത്രി തളി മേഖലയില്‍ പരിശോധന നടത്തിയത്.
ഇതിനിടെ മണലുമായെത്തിയ ലോറി തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. പല വഴികളിലൂടെ അമിത വേഗത്തില്‍ ഓടിച്ച് പോയ ലോറിയെ പൊലിസ് അര മണിക്കൂറോളം പിന്തുടര്ന്നു. തളി ക്ഷേത്രത്തിന് സമീപത്ത് ലോറി നിർത്തി ഡ്രൈവര്‍ ദേശമംഗലം സ്വദേശി ഹരിദാസും സഹായിയും ഓടി.
പിന്നാലെ എ.എസ്.ഐ ജോബി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഭിനന്ദ്, സുബിന് എന്നിവര്‍ ചേര്‍ന്ന് ഹരിദാസിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളി വീഴ്ത്തി ഹരിദാസ് സമീപത്തെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ചാടി. ഇതോടെ പൊലീസ് ഇയാള്‍ക്ക് കയറിട്ടുകൊടുത്തു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഹരിദാസിനെ കരകയറ്റി വടക്കാഞ്ചേരിയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഓഫിസര്‍മാരായ അഭിനന്ദിനും സുബിനും കാലിന് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.