ഇന്ന് ലഹരി വിരുദ്ധ ദിനം; കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു
text_fieldsതൃശൂർ: ജില്ലയിൽ കൗമാര തുടക്കക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം വ്യാപകമാവുന്നു. 13 വയസ്സിൽ തന്നെ ലഹരി ഉപയോഗിക്കുന്നവർ കൂടിവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതുമൂലം മാനസികനില തെറ്റി ചികിത്സ തേടിയെത്തുന്നവർ വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം എക്സൈസ് വകുപ്പിെൻറ ചാലക്കുടി വിമുക്തി ലഹരി മോചന കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത് പ്രായപൂർത്തിയാകാത്ത 91 പേരാണ്.
13 മുതൽ 18 വയസ്സ് വരെയുള്ളവരാണ് ലഹരിക്കടിമപ്പെട്ട് മാനസികനില തെറ്റി ചികിത്സ തേടി എത്തിയത്. 80കളിൽ 19 വയസ്സുകാരായിരുന്നു ലഹരിക്ക് അടിമപ്പെട്ടിരുന്നതെങ്കിൽ മാറിയ കാലഘട്ടത്തിൽ 13ൽ എത്തിനിൽക്കുകയാണ്. 2018 നവംബർ മുതൽ 2021 മേയ് 31 വരെ 506 കുട്ടികളാണ് ചികിത്സ തേടിയെത്തിയത്. 2018ൽ 60, 2019ൽ 1045, 2020ൽ 2443, 2021 മേയ് 31 വരെ 1054 പേർ എന്നിങ്ങനെയാണ് ചികിത്സ തേടിയത്. മൊത്തം 4602 പേരിൽ 278 പേരെ കിടത്തിച്ചികിത്സിച്ചു. സർക്കാർ മെഡിക്കൽ കോളജ്, മറ്റ് സ്വകാര്യ ഡിഅഡിക്ഷൻ സെൻററുകൾ എന്നിവിടങ്ങളിൽ എത്തിയത് ഇതിനേക്കാൾ ഇരട്ടിയിലധികമാണ്.
കോളജുകൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ വലവീശിപ്പിടിക്കുന്നതിന് വലിയ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കഞ്ചാവ്, മയക്കുമരുന്ന് എന്നിവ സഹിതം പിടികൂടിയവരിൽ ഭൂരിഭാഗം പേരും 18നും 22നും ഇടയിൽ പ്രായമുള്ളവരാണ്. പ്രായപൂർത്തിയാകാത്ത നിരവധി പേരും കേസിൽ അകപ്പെട്ടിട്ടുണ്ട്. വിലകൂടിയ ബൈക്കുകളും മറ്റും നൽകിയാണ് വിദ്യാർഥികളെ ഇത്തരം സംഘങ്ങൾ കണ്ണികളാക്കുന്നത്. വിദ്യാർഥികൾക്കിടയിൽനിന്നും ഇത്തരക്കാരെ തുരത്താൻ എക്സൈസ് വകുപ്പ് സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബുകൾ, ഒരോ സ്കൂളുകളിലും ഇതിെൻറ പ്രവർത്തനത്തിന് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ അവിശുദ്ധ കൂട്ടുകെട്ട് പൂർണമായി തകർക്കാൻ അധികൃതർക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.