‘ടുഗെദർ ഫോർ തൃശൂർ’ രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsതൃശൂർ: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ‘ടുഗെദര്‍ ഫോര്‍ തൃശൂരി’ന്റെ രണ്ടാംഘട്ടം തുടങ്ങി. ചിറക്കല്‍ ഐഡിയല്‍ ജനറേഷന് സ്കൂളില്‍ കലക്ടര്‍ വി.ആര്. കൃഷ്ണതേജ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കലക്ടര്‍ വിതരണോദ്ഘാടനം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്പേഴ്സൻ അനിഷ്മ ഷനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതാണ് പദ്ധതി. ജില്ലയിലെ 115 സി.ബി.എസ്.ഇ സ്കൂളുകൾ ഇതിന്റെ ഭാഗമാകാൻ സന്നദ്ധരായിട്ടുണ്ട്. ഈ സ്കൂളുകള്‍ മുഖേന 1,037 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കും. തിങ്കളാഴ്ച 61 സ്കൂളിൽ പദ്ധതി ആരംഭിച്ചു. മറ്റിടങ്ങളിൽ ഈയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ 462 കുടുംബങ്ങള്‍ക്ക് 13 സ്പോണ്‍സര്‍മാരിലൂടെ സഹായം നല്‍കുന്നുണ്ട്.
എളവള്ളി പഞ്ചായത്തിലെ 10 കുടുംബങ്ങള്‍ക്ക് ഗോകുലം പബ്ലിക് സ്കൂളും അഞ്ചു കുടുംബങ്ങള്‍ക്ക് വിദ്യ വിഹാര്‍ സെന്‍ട്രല്‍ സ്കൂളും ഭക്ഷ്യവസ്തുക്കൾ നൽകി. മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് അധ്യക്ഷത വഹിച്ചു.
ശ്രീനാരായണപുരം പഞ്ചായത്തിലെ വെമ്പല്ലൂർ ശ്രീ സായി വിദ്യാഭവന് സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന് ഉദ്ഘാടനം ചെയ്തു. ആറ് കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷ്യക്കിറ്റ് വീട്ടിൽ എത്തിക്കും. സ്കൂള്‍ മാനേജര്‍ പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
മുല്ലശ്ശേരി പഞ്ചായത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂൾ 10 കുടുംബങ്ങള്‍ക്കും പേനകം ഗുരുദേവ വിദ്യാനികേതന്‍ സ്കൂൾ അഞ്ച് കുടുംബങ്ങള്‍ക്കും കിറ്റ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ആലി അധ്യക്ഷത വഹിച്ചു.
ഒരുമനയൂർ പഞ്ചായത്തിൽ അഞ്ച് കുടുംബങ്ങൾക്ക് നാഷനൽ ഹുദ സ്കൂൾ സഹായമെത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും സമാഹരിച്ച കിറ്റുകൾ തിരഞ്ഞെടുത്ത വീടുകളിലേക്ക് വിതരണം ചെയ്തു.
സ്കൂൾ സെക്രട്ടറി എ.ടി. മുസ്തഫ, ട്രഷറർ ഉമർ കോയ, പി.ടി.എ പ്രസിഡന്റ് ഫൈസൽ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. മുസ്തഫ സ്വാഗതവും അധ്യാപകപ്രതിനിധി അനുഷ നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.