കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; മലിനജലവുമായി വീടിന് മുന്നിൽ വയോധികന്റെ നിൽപ് സമരം
text_fieldsവടക്കാഞ്ചേരി: ശുദ്ധജലത്തിനായി നിൽപ് സമരവുമായി വയോധികൻ. കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം നിറഞ്ഞതിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത അധികൃത അവഗണനക്കെതിരെ മലിനജലം നിറഞ്ഞ ബക്കറ്റുമായി വീടിന് മുന്നിൽ നിൽപ് സമരം നയിക്കുകയാണ് ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പിൽ യൂസഫ് (76). വീടിനടുത്തെ സ്വകാര്യവ്യക്തിയുടെ ഭക്ഷണശാലയോടു ചേർന്നുള്ള ശുചിമുറിയിൽ നിന്നുള്ള മാലിന്യം തന്റെ കിണറ്റിലേക്കാണ് എത്തുന്നതെന്ന് കാണിച്ച് വയോധികൻ നഗരസഭക്ക് പരാതി നൽകിയിരുന്നു.
എന്നാൽ അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. ദുർഗന്ധം വമിക്കുന്ന വെള്ളം പ്രാഥമിക ആവശ്യങ്ങൾക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീടിനോട് ചേർന്ന കിണറിന്റെ പരിസരത്തു കൂടി മൂക്ക് പൊത്തി വേണം നടക്കാൻ. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സ്വകാര്യ ഹോട്ടലുടമ തയാറാകാത്തതാണ് പ്രതിസന്ധിയാകുന്നതെന്നും വയോധികൻ കുറ്റപ്പെടുത്തി. അധികൃത അവഗണനക്കെതിരെ ജില്ല കലക്ടർക്കും ഉന്നതതല ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും യൂസഫ് അറിയിച്ചു.
വെള്ളം വിദഗ്ധ പരിശോധന നടത്തിയപ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും കുടുംബം വ്യക്തമാക്കി. അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കിണർ ഈ വേനലിൽ രണ്ടു തവണ വറ്റിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഉറവ് വെള്ളത്തോടൊപ്പം കക്കൂസ് മാലിന്യവും വീണ്ടും നിറയുകയാണ്. കിണറ്റിൽ നിറയെ വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം പറയുന്നു.
റീസർവേയിലൂടെ നഷ്ടപ്പെട്ട മൂന്ന് സെന്റ് ഭൂമിയും വീടും തിരിച്ച് പിടിക്കാൻ നിയമപോരാട്ടം നടത്തുന്ന വയോധികൻ മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന റീസർവേയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമനടപടികൾ മൂലം തന്റെ വീടും സ്ഥലവും ക്രയവിക്രയം ചെയ്യാനോ നികുതി അടയ്ക്കാനോ കഴിയുന്നില്ലെന്നും യൂസഫ് പറയുന്നു. അതിനിടെയാണ് കുടിവെള്ളവും മുട്ടി ദുരിതം ഇരട്ടിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.