പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങി
text_fieldsവടക്കഞ്ചേരി: പ്രതിഷേധങ്ങൾക്കിടെ, മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചു. സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാതെയാണ് ടോൾപിരിവ് തുടങ്ങിയത്.
ഇരു ദിശയിലുമായി 16 ട്രാക്കുകളാണ് ടോൾപിരിവ് കേന്ദ്രത്തിലുള്ളത്. ടോൾ പ്ലാസയിൽ സെൻസറുകളും ബാരിയറുകളും കാമറകളുമുണ്ട്. ഫാസ്ടാഗ് സംവിധാനമായതിനാൽ ഗതാഗത സ്തംഭനം ഉണ്ടാവില്ല. പാതയിൽ അപകടമുണ്ടായാൽ ഉടൻ സഹായമെത്തിക്കാൻ ടോൾ പ്ലാസക്കു സമീപം ആംബുലൻസുകളും റിക്കവറി വാഹനങ്ങളും സജ്ജമാക്കി. മൂന്ന് ഷിഫ്റ്റുകളിലായി 150 ജീവനക്കാർ ടോൾ പ്ലാസയിൽ ഡ്യൂട്ടിയിൽ ഉണ്ടാവും. സുരക്ഷ ജീവനക്കാരെയും നിയമിച്ചു. ടോൾ കൊടുക്കാതെ പോകേണ്ട ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് പ്രത്യേക പാതയും ഒരുക്കി.
- നിരക്കുകൾ
കാർ, ജീപ്പ്, വാൻ, മറ്റു ചെറിയ മോട്ടോർ വാഹനങ്ങൾ: ഒരു ദിശയിലേക്ക് 90 രൂപ. 24 മണിക്കൂറിനുള്ളിൽ മടക്കയാത്രക്ക് 135 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 3005 രൂപ.- ലഘു വാണിജ്യ -ചരക്ക് വാഹനങ്ങൾ, മിനി ബസ്: ഒരു ദിശയിലേക്ക് 140 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രക്ക് 210 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 4,645 രൂപ.
- രണ്ട് ആക്സിലുകളുള്ള ബസും ട്രക്കും: ഒരു ദിശയിലേക്ക് 280 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രക്ക് 425 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 9,400 രൂപ.
- നിർമാണയന്ത്രങ്ങൾ, മണ്ണുനീക്കിയന്ത്രങ്ങൾ, മൂന്നുമുതൽ ആറ് ആക്സിൽ വരെയുള്ള വാഹനങ്ങൾ: ഒരു ദിശയിലേക്ക് 430 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രക്ക് 645 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 14,315 രൂപ.
- ഏഴ് ആക്സിലും അതിനുമുകളിലുമുള്ള വലിയ വാഹനങ്ങൾ: ഒരു ദിശയിലേക്ക് 555 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രക്ക് 830 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 18,490 രൂപ.
പ്രദേശവാസികൾക്ക് 15 വരെ സൗജന്യം
പാലക്കാട്: ദേശീയപാത പന്നിയങ്കരയിൽ ഈ മാസം 15 വരെ പ്രദേശവാസികൾക്ക് ആധാർ കാർഡ് കാണിച്ചാൽ ഏത് ട്രാക്കിലൂടെ വേണമെങ്കിലും ടോൾ കൊടുക്കാതെ പോകാം. പി.പി. സുമോദ് എം.എൽ.എ, ദേശീയപാത അതോറിറ്റി അധികൃതരുമായും നിർമാണ കമ്പനി ഉടമകളുമായും നടത്തിയ ചർച്ചയിലാണ് ധാരണ. വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണ് ഇളവ് ലഭിക്കുക. ഫാസ്ടാഗ് ഉള്ളവർ ഫാസ്ടാഗ് മറച്ചുവെച്ച് ടോൾ കടക്കണം. അല്ലെങ്കിൽ പണം പോകും. 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് എടുക്കുന്നതിനുള്ള അപേക്ഷഫോറം ടോൾ പ്ലാസക്ക് സമീപം വിതരണം ആരംഭിച്ചു. പഞ്ചായത്തിന്റെ പേര് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി ഇരുവശത്തേക്കും പ്രത്യേക ട്രാക്ക് തയാറാക്കും. ഇതിനുശേഷം എല്ലാവരും ടോൾ നൽകേണ്ടിവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.