പെരുമഴയിൽ അതിരപ്പിള്ളി; വാൽപ്പാറയിൽ കുറവ്
text_fieldsചാലക്കുടി: അതിരപ്പിള്ളി, ചാലക്കുടി മേഖലയിൽ മഴ കൂടുതൽ ശക്തമായി. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് ഇവിടെ കനത്ത മഴയാണ് പെയ്തത്.
എന്നാൽ വാൽപ്പാറ, പറമ്പിക്കുളം ഭാഗത്ത് ശക്തമല്ലെന്നത് ചാലക്കുടിപ്പുഴയോരവാസികൾക്ക് ചെറിയ ആശ്വാസമായി. അതിനാൽ, തമിഴ്നാട്ടിൽനിന്ന് വലിയ തോതിൽ വെള്ളം വരാനിടയില്ലെന്ന് കരുതുന്നു. എന്നാൽ, പറമ്പിക്കുളത്തുനിന്ന് ചെറിയ രീതിയിൽ പെരിങ്ങലിലേക്ക് വെള്ളം വരുന്നുണ്ട്.
ഫെബ്രുവരി ഒന്നുമുതലും സെപ്റ്റംബർ ഒന്നുമുതലുമാണ് പി.എ.സി കരാർ പ്രകാരം കേരള ഷോളയാറിലേക്ക് തമിഴ്നാട് വെള്ളം വിട്ടുതന്ന് ഡാം നിറക്കേണ്ടത്. അതിനുള്ള നടപടി ആരംഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇപ്പോൾ കേരള ഷോളയാർ നിറക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന് സംശയമുണ്ട്. ജലത്തിന് വളരെ അത്യാവശ്യം വരുന്ന ഫെബ്രുവരിയിലാണ് തുറന്നുവിടേണ്ടത്. പക്ഷേ, മുൻകാലങ്ങളിൽ തമിഴ്നാട് ഈ കരാർ ലംഘിക്കാറാണ് പതിവ്.
ചാലക്കുടി മേഖലയിൽ ബുധനാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു. ഉച്ചവരെ പ്രസന്നമായ കാലാവസ്ഥയായിരുന്നു. പെട്ടെന്ന് അന്തരീക്ഷം മൂടിക്കെട്ടി കനത്ത മഴ പെയ്യുകയായിരുന്നു. തോടുകളിലും പുഴയിലും വെള്ളം ഉയർന്നിട്ടുണ്ട്. 2.30 മുതൽ 4.30 വരെയുള്ള രണ്ടു മണിക്കൂർ നേരം 111.6 എം.എം മഴയാണ് പരിയാരത്ത് പെയ്തത്. തോടുകളിൽ വെള്ളം ഉയർന്നതിനാൽ കമ്മളത്ത് വീടുകളിൽ വെള്ളം കയറുമെന്ന ഭീഷണിയിലാണ്.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കൂടി ബുധനാഴ്ച രാത്രിയോടെ തുറക്കാൻ നടപടിയായിട്ടുണ്ട്. നിലവിൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. ഇതോടെ അഞ്ച് ഷട്ടറുകൾ ആകും.
കരുതലിന്റെ ഭാഗമായി 200 ക്യുമെക്സ് വെള്ളമാണ് പുറത്തുവിടുന്നത്. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് 75 സെന്റിമീറ്റർ ഉയരാനിടയുണ്ടെന്നാണ് കരുതുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.