ഏഴഴകായി ഏഴാറ്റുമുഖം ഗണപതി
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുകം പകർന്ന് ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാന. ആനയെ കാണാനും ചിത്രങ്ങൾ പകർത്താനും പേര് ചൊല്ലി വിളിക്കാനുമെല്ലാം വെറ്റിലപ്പാറ ഭാഗത്ത് ആളുകൾ തമ്പടിക്കുന്ന കാഴ്ചയാണ് ദിനേന ഇവിടെ. കാട്ടാനയാണെങ്കിലും ചട്ടം പഠിച്ച നാട്ടാനയെ പോലെയുള്ള പെരുമാറ്റവും ആർക്കും ശല്യമുണ്ടാക്കാതെ കളിച്ചും കുണുങ്ങിയുമുള്ള നടപ്പുമാണ് ഗണപതിയെ ജനപ്രിയനാക്കിയത്.
കാട്ടാന പ്രേമികളായ ഒരു സംഘം ആളുകളാണ് ഏഴാറ്റുമുഖം ഗണപതിയെന്ന പേരിട്ടത്. തൊട്ടടുത്ത് എത്തിയാൽ പോലും ആരെയും ഉപദ്രവിക്കാറില്ലെന്നതും ഒത്തലക്ഷണവും കാരണമാണ് ഗണപതി എന്ന പേര് ചാർത്തിക്കിട്ടിയത്.വെറ്റിലപ്പാറയിലെ പുഴയും പരിസരവുമെല്ലാം ഗണപതിയുടെ ഇഷ്ടകേന്ദ്രങ്ങളായിട്ട് വർഷങ്ങൾ പിന്നിടുന്നു.
വേനലിലും വർഷക്കാലത്തും ഗണപതിയുടെ സാന്നിധ്യം വെറ്റിലപ്പാറയിൽ ഉണ്ട്. വേനൽക്കാലമെത്തിയാൽ വെറ്റിലപ്പാറയിൽ സ്ഥിരസാന്നിധ്യമാണ്. പുഴയിലെ കുളിയും കളിയുമെല്ലാം വെറ്റിലപ്പാറക്കാർക്ക് പതിവ് കാഴ്ചയാണ്.
ചൂട് കടുത്തതോടെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷൻ പരിസരത്തെ കടവിൽ തന്നെയാണ് ഈ കരിവീരൻ. പക്ഷേ രാത്രി വിശപ്പിന്റെ വിളി കേട്ടാൽ ഇവൻ നല്ലനടപ്പ് മാറ്റിവെക്കും. രാത്രി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന ഗണപതി കാർഷികവിളകൾ അപ്പാടെ അകത്താക്കും.
വാഴകളോടാണ് ഏറെ പ്രിയം. ഇനി പ്ലാന്റേഷൻ തോട്ടത്തിൽ എത്തിയാൽ ഒന്നോ, രണ്ടോ എണ്ണപ്പനകൾ കുത്തി മറിച്ചിടും. വനപാലകരുടെയും വാച്ചർമാരുടെയും നിർദേശങ്ങൾ പാലിച്ചാൽ ഇനിയും ഗണപതിയെ അടുത്തുകാണാനാകും. ആവേശം മൂത്ത് സാഹസികത കാണിച്ചാൽ ഗണപതി അപകടകാരിയാണെന്നാണ് വനപാലകരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.