ആട്ടുപാലങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക്
text_fieldsവെള്ളിക്കുളങ്ങര: ക്രിസ്മസ് പുതുവല്‍സര അവധിക്കാലത്ത് സഞ്ചാരികളെ കൊണ്ട് നിറയുകയാണ് മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള തോട്ടം മേഖല. ചൊക്കന, കുണ്ടായി മേഖലകളിലെ ആട്ടുപാലങ്ങളും കാരിക്കടവ് പുഴയോരവും കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ട ചിമ്മിനി വിനോദസഞ്ചാര കേന്ദ്രം തുറന്നതോടെയാണ് തോട്ടം മേഖലയിലേക്കും സഞ്ചാരികള്‍ എത്തി തുടങ്ങിയത്. ചിമ്മിനി ഡാമിലേക്കുള്ള സഞ്ചാരികള്‍ മടങ്ങുമ്പോള്‍ പാലപ്പിള്ളിയില്‍ നിന്ന് ചൊക്കന റോഡിലൂടെ തിരിഞ്ഞാണ് ആട്ടുപാലങ്ങള്‍ കാണാനെത്തുന്നത്. നൂറു കൊല്ലത്തേളം പഴക്കമുള്ളതാണ് പാലപ്പിള്ളി-ചൊക്കന തോട്ടം മേഖലയിലെ ആട്ടുപാലങ്ങള്‍. കൊച്ചി രാജാവില്‍നിന്ന് പാട്ടത്തിനെടുത്ത വനഭൂമി വെട്ടിത്തെളിയിച്ചെടുത്താണ് ബ്രിട്ടീഷ് ഭരണകാലത്ത് പാലപ്പിള്ളി, ചൊക്കന മേഖലയില്‍ റബര്‍ കൃഷി ആരംഭിച്ചത്.
കുറുമാലി പുഴയുടേയും കൈവഴിയായ കാരിക്കടവ് പുഴയുടെയും കരയിലായി ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന റബര്‍ പ്ലാേൻറഷനുകള്ക്കകത്താണ് ആട്ടുപാലങ്ങളുള്ളത്. തൊഴിലാളികള്‍ക്കും തോട്ടം ഉദ്യോഗസ്ഥര്‍ക്കും പുഴ മുറിച്ചു കടക്കുന്നതിനായി നിർമിച്ചതാണ് പാലങ്ങള്‍.
പ്രദേശവാസികള്‍ പാലത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുപോകുന്നത് വിസ്മയത്തോടെയാണ് സഞ്ചാരികള്‍ കണ്ടുനില്‍ക്കുന്നത്. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പാലപ്പിള്ളി ഹാരിസണ്‍ പ്ലാേൻറഷനിലെ കാരിക്കടവ്, ചൊക്കന, ചക്കിപറമ്പ്, മുപ്ലി, പാലപ്പിള്ളി എന്നിവിടങ്ങളിലായി ആറോളം ആട്ടുപാലങ്ങളാണ് ഉള്ളത്. സമയോചിത അറ്റകുറ്റപ്പണിയില്ലാത്തതിനാല്‍ ഇവയില്‍ പലതും ദുർബലാവസ്ഥയിലാണ്. കാരിക്കടവിലെ ആട്ടുപാലം 2018ലെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സന്ദര്‍ശകർ ഏറിയതോടെ തോട്ടം അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.