ഡിസംബർ പ്രതീക്ഷയിൽ വ്യാപാരികൾ
text_fieldsതൃശൂർ: രണ്ട് മാസമായി മാർക്കറ്റിൽ തളംകെട്ടിയ മാന്ദ്യം ഉത്സവങ്ങളടുക്കുന്നതോടെ അയഞ്ഞുവരുന്നു. പ്രതീക്ഷയിൽ വ്യാപാരികൾ. ചില്ലറ വ്യാപാരം മുതൽ മൊത്തക്കച്ചവടം വരെ വ്യാപാരത്തിൽ വലിയ കുറവാണ് കഴിഞ്ഞ രണ്ട് മാസമായി ഉണ്ടായിരുന്നത്. വൈകീട്ട് ഏഴാകുന്നതോടെ നഗരം കാലിയാകുന്ന സ്ഥിതിയായിരുന്നു. മണ്ഡലകാലവും തൊട്ടുപിറകെ ക്രിസ്മസ് സീസണും എത്തിയതോടെ വ്യാപാര മേഖലയിൽ ചലനം കണ്ടുതുടങ്ങി. ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഇതുപ്രകടമാണ്.
തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നഗരം നിറയെ അലങ്കാരവെളിച്ചം സ്ഥാപിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ച് തുടങ്ങിയതോടെ നഗരത്തിൽ ഇതുകാണാനായും നിരവധി പേർ എത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനസമയവും ദീർഘിപ്പിച്ചിട്ടുണ്ട്. പള്ളി പെരുന്നാളുകളുടെ സീസണും നവംബറോടെ ആരംഭിച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി വരെ തുടരും. നഗരത്തിൽ ഇനിയുള്ള ദിവസങ്ങളിൽ നിവധി ആഘോഷപരിപാടികളാണ് നടക്കുന്നത്. 22ന് തൃശൂർ പുഷ്പോത്സവം ആരംഭിക്കുകയാണ്. വ്യാപാരോത്സവത്തോടനുബന്ധിച്ച് സംഗീത പരിപാടികളും ഭക്ഷ്യമേളയും ഉൾപ്പെടെ നഗരത്തിൽ നടക്കുന്നുണ്ട്. ബോൺ നതാലെയും പുതുവത്സര ആഘോഷങ്ങളും ഉൾപ്പെടെ ഇനിയുള്ള ആഴ്ചകൾ നഗരം കൂടുതൽ സജീവമാകും. ഇതോടെ വ്യാപാരമേഖലയിൽ വലിയ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.