വാഹനങ്ങളാൽ ഞെരുങ്ങി തൃശൂർ; ഓട്ടോകൾക്ക് ഇനി അനുമതിയില്ല
text_fieldsതൃശൂർ: തൃശൂർ നഗരം വാഹനങ്ങളാൽ വീർപ്പുമുട്ടുന്നു. ഗതാഗതവകുപ്പിെൻറ അന്വേഷണത്തിലാണ് നഗരത്തിൽ പരിധിയിൽ കവിഞ്ഞ വാഹനങ്ങളുള്ളതായി കണ്ടെത്തിയത്. ഒരു നിയന്ത്രണവുമില്ലാതെ ഓട്ടോകളാണുള്ളതെന്നാണ് ശ്രദ്ധേയം. വാഹനപ്പെരുക്കത്തിൽ കുരുക്കുകൾ നഗരത്തിലെ പതിവ് സംഭവങ്ങളുമാണ്.
ഈ സാഹചര്യത്തിൽ ഇനി പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആർ.ടി.എ കോർപറേഷൻ പരിധിയിൽ ടി.സി, പഞ്ചായത്ത് മേഖലയിൽ ടി.പി. എന്നിങ്ങനെ രണ്ടുതരം പാർക്കിങ് പെർമിറ്റുകളാണുള്ളത്. ആർ.ടി.ഒ അനുവദിക്കുന്ന ഇത്തരം പെർമിറ്റുകൾക്ക് പുറമേ കോർപറേഷൻ അതിർത്തിയിലെ ചില ഓട്ടോക്കാർ കോടതി വഴിയും പെർമിറ്റ് നേടിയിരുന്നു. ഇതോടെയാണ് ഓട്ടോകളുടെ കണക്കുകൾ അധികൃതരെ ഞെട്ടിച്ച് കടന്നത്.
ആർ.ടി.ഒ പിടിച്ചുവെക്കുന്ന അപേക്ഷകൾ കോടതി വഴിയിലൂടെ അനുമതി നേടിയെടുക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേതന്നെ ആക്ഷേപമുയർന്നിട്ടുള്ളതാണ്. ഇന്ധനവില വർധനവും കോവിഡ് സാഹചര്യവും ഈ മേഖലയിലെ ഏറെ പേരെ മറ്റ് തൊഴിലുകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും വാഹനങ്ങൾക്ക് കുറവുണ്ടായിട്ടില്ല.
അതിനിടെ ഇലക്ട്രിക് ഓട്ടോകളും ഇപ്പോൾ സജീവമായി. സംസ്ഥാന പെർമിറ്റുള്ള ഇലക്ട്രിക് ഓട്ടോകൾ വരെ തൃശൂർ നഗരത്തിലുണ്ട്. കോർപറേഷൻ പരിധിയിലെ ഓട്ടോ സ്റ്റാൻഡുകളും ഓട്ടോ പെർമിറ്റും നിജപ്പെടുത്തി ക്രമീകരിക്കാൻ കഴിഞ്ഞവർഷം കോർപറേഷൻ കൗൺസിലിൽ തീരുമാനിച്ചിരുന്നു. ഓട്ടോ പെർമിറ്റ് നൽകാനുള്ള അധികാരം ആർ.ടി.ഒക്കാണെങ്കിലും കോർപറേഷൻ പരിധിയിൽ ഓട്ടോ സ്റ്റാൻഡുകളും അതിൽ പാർക്ക് ചെയ്യേണ്ട ഓട്ടോകളുടെ എണ്ണവും നിജപ്പെടുത്താനുള്ള ചുമതല കോർപറേഷനാണ്. തൃശൂർ നഗരത്തിൽ പാർക്കിങ്ങിന് അനുമതിയുള്ളത് 942 ഓട്ടോകൾക്ക് മാത്രമാണ്.
പക്ഷേ, കോർപറേഷനിൽ അനുവദിച്ച ഓട്ടോ പെർമിറ്റുകൾ 3760 ആണ്. വ്യാജ പെർമിറ്റുപയോഗിച്ച് സർവിസ് നടത്തുന്നുവെന്നും ആക്ഷേപമുണ്ട്. പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന പരാതി തൊഴിലാളികൾ ഉയർത്തുന്നു.
കോടതിയിൽ പോയി പെർമിറ്റ് വാങ്ങുന്ന രീതിക്ക് പരിഹാരം കാണാനായി സോണൽ അടിസ്ഥാനത്തിൽ നിർദിഷ്ട ഓട്ടോ സ്റ്റാൻഡുകൾ ക്രമീകരിക്കാൻ കോർപറേഷൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പാതിവഴിയിൽ നിലച്ചു. തൃശൂർ നഗരത്തിൽ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ടെന്നും പുതിയ ഓട്ടോകൾക്ക് പെർമിറ്റ് നൽകാൻ കഴിയില്ലെന്നും തൃശൂർ ആർ.ടി.ഒ ബിജു ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.