ട്രെയിൻ സമയം അറിയണോ, അരുൺ മാഷോട് ചോദിക്കൂ
text_fieldsആമ്പല്ലൂര്‍: ട്രെയിന്‍ സമയങ്ങള്‍ മനഃപാഠമാക്കി യാത്രക്കാര്‍ക്ക് വിവരം നല്കുന്ന പുതുക്കാട് സ്വദേശി അരുണ്‍ മാഷ് അധ്യാപകരില്‍ വ്യത്യസ്തനാണ്. ഏത് സ്റ്റേഷനിലെ ട്രെയിന്‍ പുറപ്പെടുന്ന സമയവും ചോദിച്ചാല്‍ അരുണ്‍ മാഷ് നമുക്ക് പറഞ്ഞുതരും. 2004ല്‍ പഠന സമയത്താണ് ആദ്യമായി ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. പുതുക്കാട് നിന്ന് പൂങ്കുന്നം വരെയായിരുന്നു യാത്ര. പിന്നീട് പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് അംഗമായി. കൗതുകത്തിനായി ട്രെയിനുകളുടെ സ്റ്റോപ്പുകളും സമയക്രമവും നമ്പറും മനഃപാഠമാക്കി. ഇന്ന് അരുണ്‍ മാഷിന്റെ ഫോണിലേക്ക് ട്രെയിന്‍ സമയം അറിയാന്‍ വിളിക്കുന്നവര്‍ നിരവധിയാണ്. പുതുക്കാട് മേഖലക്ക് പുറമെ, ജില്ലയിലെ പല സ്ഥലങ്ങളില്‍നിന്നും വിളികളെത്തുന്നു.
ട്രെയിന്‍ സമയം അറിയാനുള്ള എന്‍.ടി.ഇ.എസ്, അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ എടുക്കാനുള്ള യു.ടി.എസ് ആപ്പുകളെപ്പറ്റിയാണ് നിലവില്‍ പ്രചാരണം നടത്തുന്നതെന്ന് അരുണ്‍ മാഷ് മാഷ് പറയുന്നു. കൂടാതെ ട്രെയിന്‍ ടിക്കറ്റുകള്‍ ഏങ്ങനെ ഐ.ആര്.സി.ടി.സി വെബ് സൈറ്റില്‍ ബുക്ക് ചെയ്യാം എന്നതിനെപ്പറ്റിയും അറിവ് പകരുന്നു. കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ അധ്യാപകനായ അരുണ്‍ നിലവില്‍ കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗമായിരുന്നു. റെയില്‍വേ സമയത്തിന് പുറമെ കെ.എസ്.ആര്.ടി.സിയുടെ പുതിയ ആപ്പിന്റെ പ്രചാരണവും അരുണ്‍ മാഷ് ഏറ്റെടുത്തു കഴിഞ്ഞു. പൊതു ഗതാഗത സംവിധാനത്തിന്റെ പ്രചാരണമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.